ലോകകപ്പ് ആര്‍ക്കാണെന്ന് നേരത്തേ എഴുതപ്പെട്ടു കഴിഞ്ഞതാണ്: ഇബ്രാഹിമോവിച്ച്
ലോകകപ്പില്‍ തന്‍റെ ഫേവറേറ്റുകളെ പ്രഖ്യാപിച്ച് സ്വീഡിഷ് ഇതിഹാസം
ദോഹ: ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. കാല്‍പ്പന്തുകളിയുടെ വിശ്വ കിരീടത്തില്‍ മുത്തമിടുന്നത് ആരാണെന്ന് അറിയാന്‍ ഇനി കയ്യിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ന് അര്‍ജന്‍റീന ക്രൊയേഷ്യയെ നേരിടും. ലോകകപ്പില്‍ തന്‍റെ ഫേവറേറ്റുകളെ പ്രഖ്യാപിക്കുകയാണ് സ്വീഡിഷ് താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ഇപ്പോള്‍.
''ലോകകപ്പ് ആർക്കാണെന്ന് നേരത്തേ എഴുതപ്പെട്ട് കഴിഞ്ഞതാണ്. നിങ്ങൾക്കറിയാമല്ലോ ആർക്കാവുമതെന്ന്. ലയണൽ മെസ്സി തന്നെ ആ കപ്പുയർത്തും''- ഇബ്രാഹിമോവിച്ച് പറഞ്ഞു. ഇബ്രാഹിമോവിച്ചിനും സ്വീഡനും ഇത്തവണ ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.
തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശമാണ് ഇന്ന് അര്‍ജന്‍റീനയെ നേരിടുന്ന ക്രൊയേഷ്യയുടെ ലക്ഷ്യം. അപാരഫോമിലുള്ള ലയണല്‍ മെസിയുടെ കരുത്തില്‍ ആറാം ഫൈനല്‍ പ്രവേശമാണ് അര്‍ജന്‍റീന സ്പപ്നം കാണുന്നത്. ക്വാര്‍ട്ടറില്‍ നിന്നും വലിയ മാറ്റങ്ങളില്ലാതെയാകും ടീമുകള്‍ ഇറങ്ങുകയെന്നാണ് സൂചന.
ക്രൊയേഷ്യക്കാരുടെ കുപ്പായത്തില്‍ കാണുന്നത് പോലെ ചുവപ്പും വെള്ളയും നിറത്തിലുള്ളൊരു ചതുരംഗക്കളം ഒരു ഭാഗത്ത് ലൂക്കാ മോഡ്രിച്ചെന്ന രാജാവും പെരിസിച്ചെന്ന തേരും പിന്നെ ലിവാക്കോവിച്ച് അടങ്ങുന്ന ഒമ്പത് പടയാളികളും മറുഭാഗത്ത് രാജാവില്ല. പകരം മിശിഹായാണ്, പത്ത് അനുചരന്മാരും കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടത്തിലേറ്റ മൂന്ന് ഗോളിന്‍റെ തോല്‍വിക്ക് പകരം വീട്ടാന്‍ മെസിപ്പടയിറങ്ങുമ്പോള്‍ തെല്ലും ഭയമില്ലെന്ന് പറയുന്നു ക്രൊയേഷ്യന് കോച്ച് ഡാലിച്ച്. മെസിയെ മാത്രമായിട്ടല്ല അര്‍ജന്‍റീനയിലെ 11 പേരെയും ഒരുപോലെ മാര്‍ക്ക് ചെയ്യും.
തുടര്‍ച്ചയായി രണ്ടാം വട്ടവും ക്രോട്ടുകളെ ലോകകപ്പിന്‍റെ സെമിയിലെത്തിച്ച ഡാലിച്ച് ക്രോയേഷ്യക്കാര്‍ക്കിന്ന് ഇതിഹാസമാണ്. കരിയറിലെ ഒടുക്കത്തെ ഫോമില്‍ കളിക്കുന്ന ലയണല്‍ മെസി തന്നെയാണ് അര്‍ജന്‍റീനയുടെ ഇന്ധനം നെതര്‍ലാന്‍റിസിനെ എക്സ്ട്രാ ടൈമില്‍ ഇറങ്ങിയ ഡി മരിയ ഇന്ന് ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കുമെന്നാണ് സൂചന.
ആക്രമണത്തിനും പ്രതിരോധത്തിനും തുല്യ ഊന്നല്‍ നല്കിക്കൊണ്ടുള്ള 4-3-3 ശൈലിയില്‍ തന്നെയാകും ഇന്ന് അര്‍ജന്‍റീന ഇറങ്ങുക. ലൂക്ക മോഡ്രിച്ച് അടങ്ങുന്ന ക്രോട്ട് മധ്യനിര വലിയ വെല്ലുവിളിയാണെന്നും കടുപ്പമേറിയ പോരാട്ടമാണെന്നും അര്‍ജന്‍റീന കോച്ച് ലയണല്‍ സ്കലോണി ദോഹയില്‍ പറഞ്ഞു. ലോകകപ്പില്‍ അഞ്ച് തവണയാണ് അര്‍ജന്‍റീന ഇതിന് മുമ്പ് ഫൈനലിലെത്തിയത്. സെമിയില്‍ തോറ്റ് ഇതുവരെ പുറത്തായിട്ടില്ലെന്നതും ടീമിന് ആത്മവിശ്വാസം പകരുന്ന കണക്കാണ്. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് മത്സരം.
Adjust Story Font
16