നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാന്‍ മുൻ ഇന്ത്യൻ താരം
ഇന്ത്യക്ക് വേണ്ടി 130 ഏകദിനങ്ങളും 39 ടെസ്റ്റ് മത്സരങ്ങളും കളിച്ച താരത്തെയാണ് നേപ്പാൾ ടീം പുതിയ കോച്ചായി നിയമിച്ചിരിക്കുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ മുഖ്യപരിശീലകനാക്കി നിയമിച്ച് നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീം. ഇന്ത്യക്ക് വേണ്ടി 130 ഏകദിനങ്ങളും 39 ടെസ്റ്റ് മത്സരങ്ങളും കളിച്ച മനോജ് പ്രഭാകറിനെയാണ് നേപ്പാൾ ടീം പുതിയ കോച്ചായി നിയമിച്ചിരിക്കുന്നത്. ഇതിന് മുമ്പ് അഫ്ഗാനിസ്ഥാൻ ദേശീയ ടീമിന്റെ ബോളിങ് കോച്ചായും ഡൽഹി, രാജസ്ഥാൻ, യുപി ക്രിക്കറ്റ് അസോസിയേഷനുകളുടെ രഞ്ജി ട്രോഫി ടീമുകളുടെ പരിശീലകനായും അദ്ദേഹം മനോജ് പ്രവർത്തിച്ചിട്ടുണ്ട്.
90 കളുടെ ആദ്യത്തിൽ ഇന്ത്യൻ ബോളിങ് സംഘത്തിലെ അവിഭാജ്യഘടകമായിരുന്നു മനോജ് പ്രഭാകർ. 1996 ൽ വിരമിച്ച മനോജ് പ്രഭാകർ ടെസ്റ്റിൽ 96 വിക്കറ്റുകളും ഏകദിനത്തിൽ 157 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 33 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റുകൾ നേടിയതാണ് ഏറ്റവും മികച്ച ബോളിങ് പ്രകടനം. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 654 വിക്കറ്റുകളും മനോജ് പ്രഭാകർ നേടിയിട്ടുണ്ട്.
2022 ട്വന്റി-20 ലോകകപ്പ് യോഗ്യത നേടാതെപോയ നേപ്പാൾ ടീമിനെ തിരികെകൊണ്ടുവരുക എന്നതാണ് മനോജ് പ്രഭാകറിന്റെ മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം.
ശ്രീലങ്കൻ വംശജനും കാനഡ താരവുമായ പുബുഡു ദാസനായകെയായിരുന്നു ഇതുവരെ നേപ്പാൾ ടീമിന്റെ മുഖ്യപരിശീലകൻ. 2011 മുതൽ 2016 വരെ നേപ്പാൾ ടീമിനെ പരീശീലിപ്പിച്ച അദ്ദേഹത്തിന്റെ കാലയളവിൽ 2014 ട്വന്റി-20 ലോകകപ്പിന് നേപ്പാൾ യോഗ്യത നേടുകയും ഡിവിഷൻ ഫോറിൽ നിന്ന് ഡിവിഷൻ വൺ ടീമായി നേപ്പാൾ ഉയരുകയും ചെയ്തിരുന്നു.
Adjust Story Font
16