Quantcast

മാക്‌സ്‍വെല്ലിന് വീണ്ടും 'ഹാലിളകി'; അഡ്‍ലൈഡില്‍ സംഹാര താണ്ഡവം

ടി20 ക്രിക്കറ്റില്‍ രോഹിത് ശര്‍മക്ക് മാത്രം സ്വന്തമായൊരു വലിയ റെക്കോര്‍ഡിലാണ് മാക്സ‍വെല്‍ ഈ പ്രകടനത്തോടെ തൊട്ടത്

MediaOne Logo

Web Desk

  • Updated:

    2024-02-11 19:10:07.0

Published:

11 Feb 2024 12:27 PM GMT

മാക്‌സ്‍വെല്ലിന് വീണ്ടും ഹാലിളകി; അഡ്‍ലൈഡില്‍ സംഹാര താണ്ഡവം
X

അഡ്‍ലൈഡ്: ക്രിക്കറ്റ് ലോകത്ത് വെടിക്കെട്ട് പ്രകടനങ്ങളുടെ പേരിൽ ആരാധക ഹൃദയങ്ങളില്‍ ഇടംനേടിയ കളിക്കാരനാണ് ഓസീസ് താരം ഗ്ലെൻ മാക്‌സ്‍വെല്‍. കഴിഞ്ഞ ലോകപ്പിൽ അഫ്ഗാനെതിരായ മാക്‌സ്‍വെല്ലിന്റെ തകർപ്പൻ ഇന്നിങ്‌സ് ആരാധകർ മറക്കാനിടയില്ല. ഒരു ഘട്ടത്തിൽ ഓസീസ് ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോള്‍ ടീമിനെ പരിക്കേറ്റ കാലുമായി ഒറ്റക്ക് തോളിലേറ്റി വിജയതീരമണച്ച മാക്‌സ്‍വെല്ലിനെ ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തിയിരുന്നു.

ഇപ്പോഴിതാ മാക്‌സ്‍വെല്ലിന്റെ ബാറ്റിൽ നിന്ന് മറ്റൊരു വെടിക്കെട്ട് ഇന്നിങ്‌സ് പിറന്നിരിക്കുന്നു. വിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് മാക്‌സ്‍വെല്ലിന്‍റെ മിന്നും പ്രകടനം. 56 പന്തിൽ നിന്ന് 120 റൺസാണ് താരം അടിച്ചെടുത്തത്. മാക്സിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ മികവില്‍ 20 ഓവറിൽ 241 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് കങ്കാരുപ്പട വിന്‍ഡീസിന് മുന്നില്‍ ഉയർത്തിയത്. ഓസീസ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന കരീബിയക്കാര്‍ക്ക് 207 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 37 റണ്‍സിന്‍റെ വിജയമാണ് കങ്കാരുപ്പട കുറിച്ചത്.

എട്ട് പടുകൂറ്റൻ സിക്‌സുകളും 12 ഫോറുകളും അടങ്ങുന്നതായിരുന്നു മാക്‌സ്‍വെല്ലിന്‍റെ ഇന്നിങ്‌സ്. 241.67 സ്‌ട്രൈക്ക് റൈറ്റിലാണ് താരം ബാറ്റ് വീശിയത്. ഈ പ്രകടനത്തോടെ ഒരു വലിയ റെക്കോർഡ് മാക്‌സ്‍വെല്‍ തന്റെ പേരിൽ കുറിച്ചു. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡിലാണ് താരം തൊട്ടത്. രോഹിത് ശർമക്ക് ശേഷം ടി 20 ക്രിക്കറ്റിൽ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് മാക്‌സ്‍വെല്‍.

തന്റെ മാതാപിതാക്കളെ ഗാലറിയിൽ കാഴ്ചക്കാരാക്കി ഇരുത്തിയായിരുന്നു മാക്‌സിയുടെ മിന്നും പ്രകടനം. മാതാപിതാക്കൾക്ക് മുന്നിൽ മനോഹരമായൊരു ഇന്നിങ്‌സ് പുറത്തെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് മാക്‌സ് വെൽ പറഞ്ഞു.

TAGS :

Next Story