തുടർച്ചയായി 23 സീസണുകളിൽ ഗോൾ; ചരിത്രമെഴുതി റോണോ
2002 ൽ സ്‌പോർട്ടിങ് ലിസ്ബണില്‍ പ്രൊഫഷണൽ കരിയറാരംഭിച്ച ശേഷം നാളിത് വരെ ഒരൊറ്റ സീസണിലും റോണോ വലകുലുക്കാതിരുന്നിട്ടില്ല.
മൈതാനത്ത് പ്രായം തളർത്താത്ത പോരാളിയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ യൂറോ കപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം ഏറെ വിമർശന ശരങ്ങൾ ഏറ്റുവാങ്ങിയ റോണോ ക്ലബ്ബ് സീസൺ ഗോളോടെ തുടങ്ങിയിരിക്കുകയാണിപ്പോള്‍.
സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ താവൂനെതിരെ വലകുലുക്കിയ റോണോ ഫുട്‌ബോൾ ലോകത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. തുടർച്ചയായി 23 സീസണുകളിൽ വലകുലുക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് റോണോയെ തേടിയെത്തിയത്. 2002 ൽ സ്‌പോർട്ടിങ് ലിസ്ബണില്‍ പ്രൊഫഷണൽ കരിയറാരംഭിച്ച ശേഷം നാളിത് വരെ ഒരൊറ്റ സീസണിലും റോണോ വലകുലുക്കാതിരുന്നിട്ടില്ല.
എതിരില്ലാത്ത രണ്ട് ഗോളിനാണ് അൽ നസർ അൽതാവൂനെ തകർത്തത്. അയ്മൻ യഹ്യയയാണ് അൽ നസ്‌റിനായി ആദ്യ ഗോൾ നേടിയത്. ഇതിന് വഴിയൊരുക്കിയത് ക്രിസ്റ്റിയാനോയായിരുന്നു. ഇഞ്ചുറി ടൈമിൽ അൽനസർ താരം മാർസലോ ബ്രോസോവിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. സൗദി സൂപ്പർ കപ്പ് കലാശപ്പോരിൽ റോണോയുടെ അൽ നസർ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഹിലാലിനെ നേരിടും
Adjust Story Font
16