ശ്രീശാന്തിന് ശേഷം മലയാളിയുടെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചവന്‍; മല്ലു സാംസൺ
കേരളത്തിലെ ഒരു തീരദേശഗ്രാമത്തിൽ ജനിച്ചുവീണ് നോർത്ത് ഇന്ത്യൻ ക്രിക്കറ്റ് ലോബികളുടെ സ്വജനപക്ഷപാതത്തെ ക്രീസ് വിട്ടിറങ്ങി സിക്‌സർ പറത്തിയ മലയാളിയുടെ അഭിമാന ബോധത്തിൻറ പേരുകൂടിയാണ് സഞ്ജു വി സാംസൺ.
സെലക്ഷന്‍ ട്രയല്‍സുകളില്‍ തുടര്‍ച്ചയായി തന്‍റെ മകനെ നോര്‍ത്തിന്ത്യന്‍ സെലക്ടേര്‍സ് അവഗണിക്കുന്നത് കണ്ട് ഡല്‍ഹി പൊലീസിലെ ജോലിയുമുപേക്ഷിച്ച് ആ മകനെയും കൊണ്ട് കേരളത്തിലെത്തിയ ഒരു പിതാവുണ്ട് പേര്, പേര് സാംസണ്‍ വിശ്വനാഥ്. ആ അച്ഛന്‍റെ മകന്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്ലില്‍ ഇതിഹാസങ്ങള്‍ ഭരിച്ചിരുന്ന ഒരു ടീമിന്‍റെ നായകനാണ്... അവഗണനയുടേയും നിര്‍ഭാഗ്യത്തിന്‍റെയും ആലയില്‍ ചുട്ടുപഴുത്ത ഇരുമ്പിന്‍റെ പേരാണ് സഞ്ജു വിശ്വനാഥ് സാംസണ്‍. ഒറ്റദിവസം കൊണ്ട് പൊട്ടിമുളച്ച അത്ഭുത ബാലനല്ല അയാള്‍, സഞ്ജു പിന്നിട്ട വഴികള്‍ക്ക് അത്രയേറെ വിയര്‍പ്പുതുള്ളികളുടെ കഥകള്‍ പറയാനുണ്ട്.
തുടക്കം
ഡല്‍ഹിയിലെ ഏതൊരു മുക്കിലും മൂലയിലും ക്രിക്കറ്റാണ്, വൈറ്റ് ആന്‍ഡ് വൈറ്റുമിട്ട് ക്രിക്കറ്റ് കിറ്റുമായി നടക്കുന്ന കുട്ടികളെക്കൊണ്ട് തിങ്ങിനിറഞ്ഞ നഗരം. അവിടെയാണ് കേരളത്തില്‍ നിന്നെത്തിയ സഞ്ജു എന്ന 12കാരന്‍ ക്രിക്കറ്റെന്ന സ്വപ്നവുമായി അലഞ്ഞുതിരിഞ്ഞത്... സഞ്ജുവിനെയും കൊണ്ട് അച്ഛന്‍ സാംസണ്‍ പോകാത്ത സെലക്ഷന്‍ ട്രയല്‍സുകളില്ല, പക്ഷേ പ്രതിഭ പലതവണ തെളിയിച്ചിട്ടും സഞ്ജുവിന് ഡല്‍ഹി അണ്ടര്‍ 13 ടീമിലേക്കുള്ള വാതില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ നോര്‍ത്തിന്ത്യന്‍ ലോബികള്‍ തുറന്നുകൊടുത്തില്ല. എന്നാല്‍ തോറ്റുകൊടുക്കാന്‍ ആ അച്ഛന്‍ ഒരുക്കമല്ലായിരുന്നു. ഒടുവില്‍ ഒരു ഉറച്ച തീരുമാനം അദ്ദേഹമടുത്തു... മകനെയും കൊണ്ട് തിരികെ കേരളത്തിലേക്കെത്തുക, അവിടെ അവന്‍റെ പ്രതിഭ അംഗീകരിക്കപ്പെടും... ആലോചിച്ചു നില്‍ക്കാന്‍ സാംസണ്‍ വിശ്വനാഥ് സമയം പാഴാക്കിയില്ല... ദിവസങ്ങള്‍ക്കുള്ളില്‍ കുടുംബത്തെ കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്തു. പിന്നാലെ ഡല്‍ഹി പൊലീസിലെ ജോലിയുമുപേക്ഷിച്ച് മകനുവേണ്ടി സാംസണ്‍ വിശ്വനാഥും കേരളത്തിലെത്തി.
കഥ തുടങ്ങിയത് അവിടെ നിന്നാണ്... വര്‍ഷം 2007. സഞ്ജുവിന്‍റെ ക്രിക്കറ്റ് ജാതകം തന്നെ മാറ്റിയെഴുതപ്പെടാന്‍ തുടങ്ങിയ ദിവസം. ഡല്‍ഹിയുടെ സെലക്ഷന്‍ കമ്മിറ്റി ചുവന്ന മഷിയില്‍ തീര്‍പ്പുകല്‍പ്പിച്ച ആ പേര് കേരള അണ്ടര്‍ 13 ലിസ്റ്റില്‍ ഇടംപിടിക്കുന്നു. വെറും ടീമംഗമായല്ല കേരള ടീം ക്യാപ്റ്റനായായിരുന്നു സഞ്ജു സാംസണിന്‍റെ പേര് അവിടെ എഴുതിച്ചേര്‍ക്കപ്പെട്ടത്. അഞ്ച് സെഞ്ച്വറികളടക്കം 973 റണ്‍സാണ് അരങ്ങേറ്റ സീസണില്‍ ക്യാപ്റ്റന്‍ സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. 108 റണ്‍സ് ആവറേജോടെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്കാരം കൂടി നേടിയാണ് ആ ടൂര്‍ണമെന്‍റ് സഞ്ജു സാംസണ്‍ എന്ന ബാറ്റിങ് സെന്‍സേഷന്‍ അവസാനിപ്പിച്ചത്.
''ദേ സച്ചിന്‍ പോകുന്നു...'' കളിയാക്കലുകളും പരിഹാസവും നേരിട്ട ബാല്യം
ഡൽഹിയിൽ ക്രിക്കറ്റ് പരിശീലനത്തിനായി പോയിക്കോണ്ടിരുന്ന ദിവസങ്ങളില്‍ നേരിട്ട കളിയാക്കലുകളേക്കുറിച്ച് ഗൌരവ് കപൂറുമായുള്ള ഒരഭിമുഖത്തിനിടെ സഞ്ജു പറയുന്നുണ്ട്... അന്ന് പരിശീലനത്തിനായി പോകുമ്പോള്‍ അച്ഛനോ അമ്മയോ ആയിരിക്കും ക്രിക്കറ്റ് കിറ്റും ബാഗുകളും പിടിക്കുക. കിറ്റ് ബാഗിന്‍റെ ഭാരം കാരണം എനിക്കന്നത് ഒറ്റക്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഞങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ 'ദേ സച്ചിനും അവന്റെ അച്ഛനും അമ്മയും പോകുന്നു. ഇവര്‍ ഇവനെ തെണ്ടുല്‍ക്കറാക്കിക്കളയുമോ എന്നെല്ലാം കമന്‍റടിച്ച് പൊട്ടിച്ചിരിക്കുന്ന ആളുകളുണ്ടായിരുന്നു. അങ്ങനെ ഒരുപാട് കളിയാക്കലും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്‍റെ കുട്ടിക്കാലത്ത്, പക്ഷേ എന്‍റെ അച്ഛനും അമ്മക്കും ഉറപ്പായിരുന്നു ഒരിക്കല്‍ ഞാൻ ഇന്ത്യക്കായി കളിക്കുമെന്ന്... സഞ്ജു പറഞ്ഞു
സ്കോർ കാർഡുകള്‍ മാത്രം നോക്കി കളിയെ വിലയിരുത്തുന്നവർക്ക് ഒരുപക്ഷേ സഞ്ജു മത്സരങ്ങളില്‍ ഉണ്ടാക്കുന്ന ഇമ്പാക്ട് ബോധ്യപ്പെടണമെന്നില്ല. എന്നാല്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ ഹാര്‍ഡ് ഹിറ്റിങ് നടത്താന്‍തക്ക പ്രതിഭയുള്ള വിരലിലെണ്ണാവുന്ന ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വെടിക്കെട്ട് ഓപ്പണറായിരുന്ന സെവാഗിനെയടക്കം ഓര്‍മപ്പെടുത്തുന്ന ബാറ്റിങ് ശൈലിക്കുടമ. 10-12 വയസുണ്ടായിരുന്നപ്പോള്‍ അങ്ങ് തലസ്ഥാനത്ത് ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ കളിച്ചുപഠിച്ച താരമാണ് സഞ്ജു. അന്ന് നേരിട്ട അവഗണനകളെയെല്ലാം തല്ലി ബൌണ്ടറിക്ക് പുറത്തേക്കെറിഞ്ഞാണ് ഇന്നത്തെ സഞ്ജു വി സാംസണ്‍ എന്ന താരം പരുവപ്പെടുന്നത്. ആ വളര്‍ച്ച മനസിലാക്കണമെങ്കില്‍ രാജസ്ഥാൻ റോയല്‍സെന്ന ഐ.പി.എല്‍ ഫ്രാഞ്ചസി അയാള്‍ക്കിട്ട വില മാത്രം പരിശോധിച്ചാല്‍ മതി, സാക്ഷാല്‍ ജോസ് ബട്‍ലര്‍ക്കും മുകളില്‍ 14 കോടി രൂപ മുടക്കിയാണ് സഞ്ജുവിനെ 2022 സീസണില്‍ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.
138 പന്തില്‍ ഡബിള്‍ സെഞ്ച്വറി
വിജയ് മര്‍ച്ചന്‍റ് ട്രോഫിയില്‍ കേരളത്തിനായി 138 പന്തില്‍ ഡബിള്‍ സെഞ്ച്വറി അടിച്ചാണ് സഞ്ജു സാംസണ്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. പിന്നീട് കേരളത്തിന്‍റെ അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകളെ നയിച്ച സഞ്ജു 2011ലെ കുച്ച് ബിഹാര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കെത്തുന്നു. പക്ഷേ ഏഷ്യന്‍ കപ്പില്‍ സഞ്ജു നിരാശപ്പെടുത്തി, അതോടെ അണ്ടര്‍ 19 ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കാന്‍ താരത്തിനായില്ല, എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ കൌമാരക്കാരുടെ സംഘത്തിന്‍റെ വൈസ് ക്യാപ്റ്റനായാണ് സഞ്ജു തിരിച്ചുവന്നത്... പിന്നീടങ്ങോട്ട് സഞ്ജുവിന്‍റെ ദിവസങ്ങളായിരുന്നു, ഏഷ്യാ കപ്പ് ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ സെഞ്ച്വറി നേട്ടം, ടീമിന് കിരീടവും. തുടര്‍ച്ചയായി കണ്‍സിസ്റ്റന്‍സി കീപ് ചെയ്ത സഞ്ജുവിനെ ഒഴിക്കല്‍ ഒഴിവാക്കിയ ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിച്ചു, അതും ടീമിന്‍റെ വൈസ് ക്യാപ്റ്റനായി. 2014 ലോകകപ്പില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്‍റെ ഉപനായകനായ സഞ്ജു സെലക്ടര്‍മാരുടെ വിശ്വാസം കാത്തു. ആ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ടോപ്സ്കോററും സഞ്ജു സാംസണ്‍ എന്ന മലയാളി പയ്യാനായിരുന്നു.
ഐ.പി.എല്ലിലേക്കും തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കും
ഇതിനിടയില്‍ ഐ.പി.എല്ലിലേക്കും സഞ്ജുവിന് വിളിവന്നു. 2012ല്‍ സഞ്ജുവിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്ക്വാഡിലുള്‍പ്പെടുത്തി. പക്ഷേ സൈഡ്ബെഞ്ചിലിരുന്ന് കളി കാണാനായിരുന്നു സഞ്ജുവിന്‍റ വിധി. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ പറ്റാതെ പോയതിന്‍റെ എല്ലാ നിരാശയും അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തി സഞ്ജു സാംസണ്‍ തീര്‍ത്തു.
അണ്ടര്‍ 19 ലോകകപ്പിലെയും ഐ.പി.എല്ലിലെയും പ്രകടനം സഞ്ജുവിന് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വഴിതുറന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ 17 അംഗ ടീമിലേക്ക് സഞ്ജുവെത്തുന്നു. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് വിളിയെത്തുന്ന എട്ടാമത്തെ മാത്രം മലയാളി. പക്ഷേ ഒരു മത്സരത്തില്‍ പോലും സഞ്ജുവിനെ ആ സീരീസില്‍ ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല, ആ പരമ്പര മുഴുവന്‍ ഡഗ്ഔട്ടില്‍ ഇരുന്ന് കണ്ടുതീര്‍ക്കാനായിരുന്നു ആ 20കാരന്‍റെ നിയോഗം. അവിടെയും തീർന്നില്ല സഞ്ജുവിന്‍റെ നിര്‍ഭാഗ്യത്തിന്‍റെ കഥ, അതേവര്‍ഷം വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിന് നറുക്ക് വീണിരുന്നു, പക്ഷേ ആ പരമ്പര ഉപേക്ഷിക്കപ്പെട്ടു.. വീണ്ടും കാത്തിരിപ്പ്. 2015ലെ ലോകകപ്പിനുള്ള 30 അംഗ സാധ്യത ടീമിലും സഞ്ജുവിന്‍റെ പേര് വന്നു... എന്നാല്‍ അവസാന 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള് സഞ്ജു സാംസണ്‍ വീണ്ടും പുറത്ത്... ദേശീയ ജഴ്സിയില്‍ നിര്‍ഭാഗ്യം തലക്കുമുകളില്‍ വന്നുനില്‍ക്കുമ്പോഴും സഞ്ജു പക്ഷേ ഐപിഎല്ലില്‍ ലഭിച്ച അവസരങ്ങളെല്ലാം പൊന്നാക്കി. സ്ക്വാഡിലുള്‍പ്പെടുത്തിയിട്ടും സഞ്ജുവിന് ദേശീയ ടീമില്‍ അവസരം കൊടുക്കാത്തതില്‍ ക്രിക്കറ്റ് നിരീക്ഷകര്‍ വലിയ തരത്തില്‍ വിമര്‍ശനശരങ്ങളുയര്‍ത്തി,
ദേശീയ ജഴ്സിയില്‍ ആദ്യ മത്സരം
ഒടുവില്‍ 2015 ജൂലൈയില്‍ ആ വനവാസകാലം അവസാനിച്ചു. എബി കുരുവിളക്കും ടിനു യോഹന്നാനും എസ്.ശ്രീശാന്തിനും ശേഷം ഒരു മലയാളി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ദേശീയ കുപ്പായം അണിഞ്ഞിരിക്കുന്നു. സിംബാബ്വേക്കെതിരായ ടി 20 പരമ്പരയിലായിരുന്നു സഞ്ജുവിന്‍റെ ഇന്ത്യന്‍ സീനിയര്‍ ടീം ജഴ്സിയിലെ അരങ്ങേറ്റ മത്സരം. പക്ഷേ അരങ്ങേറ്റത്തില്‍ വീണ്ടും നിര്‍ഭാഗ്യത്തിന്‍റെ കരിനിഴല്‍. 19 റണ്‍സ് മാത്രം നേടി സഞ്ജു പുറത്താകുന്നു. പിന്നീട് പലതവണ ടീമിലേക്ക് വിളിയെത്തിയെങ്കിലും 2014ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം നടത്തിയ സഞ്ജുവിന് എട്ട് വര്‍ഷത്തിനിടെ ഇന്നിതുവരെ ഇടയ്ക്കും മുറക്കുമായി ദേശീയ ജഴ്സിയില്‍ കളിക്കാന്‍ അവസരം കിട്ടിയത് 10 ഏകദിനത്തിലും 16 ടി20 മത്സരങ്ങളിലും മാത്രം. സ്ഥിരതയില്ലെന്ന മുട്ടാപ്പോക്ക് ന്യായം നിരത്തി സഞ്ജുവിനെ പടിക്ക് പുറത്ത് നിര്‍ത്തുന്ന സെലക്ടര്‍മാര്‍ എട്ട് വര്‍ഷത്തിനിടെ അയാള്‍ക്ക് നല്‍കിയ ആകെ അവസരങ്ങള്‍ കൈവിരലുകള്‍ ചേര്‍ത്തുവെച്ച് എണ്ണാവുന്നതിലും കുറവാണ്...
അതേസമയം 2017ല്‍ മാത്രം ഇന്ത്യന്‍ ടീമിലെത്തിയ സമകാലികനായ ഋഷഭ് പന്തിനാകട്ടെ, ഇക്കാലത്തിനിടയ്ക്ക് 31 ടെസ്റ്റുകളും 27 ഏകദിനങ്ങളും 64 ട്വന്റി 20 മത്സരങ്ങളും രണ്ട് ലോകകപ്പുകളും കളിക്കാന്‍ അവസരം ലഭിച്ചു. ഋഷഭ് പന്തിനോടുള്ള സെലക്ടര്‍മാരുടെ വാത്സല്യവും സഞ്ജുവിനോടുള്ള അപരവൽകരണ സിദ്ധാന്തവും പലപ്പോഴും കല്ലുകടിയായി ആരാധകര്‍ ഉയര്‍ത്തിക്കാട്ടി. സഞ്ജുവിനോടുള്ള ചിറ്റമ്മനയത്തിന്‍റെ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാണ്, പക്ഷേ ഇതൊന്നും അയാളുടെ പ്രകടനത്തെ തളര്‍ത്തിയില്ല, ഒരു ഭാഗത്ത് അവഗണന കൊണ്ട് അയാളെ തളര്‍ത്താന്‍ ശ്രമിക്കുമ്പോഴെല്ലാം ആഭ്യന്തര മത്സരങ്ങളിലും ഐ.പി.എല്ലിലും അയാള്‍ റണ്‍സുകളും റെക്കോര്‍ഡുകളും വാരിക്കൂട്ടിക്കൊണ്ടേയിരുന്നു...
രാജസ്ഥാന്‍ റോയല്‍സിലെ മിന്നും പ്രകടനം
രാജസ്ഥാന്‍ റോയല്‍സ് ജഴ്സിയില്‍ 2013ലായിരുന്നു സഞ്ജുവിന്‍റെ ആദ്യ മത്സരം, പഞ്ചാബിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും, മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് സഞ്ജു സാംസണ്‍ എന്ന 19 കാരന്‍ വരവറിയിച്ചു. അടുത്ത മത്സരം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനെതിരെ... 41 പന്തില്‍ 63 റണ്‍സുമായി വീണ്ടും ആ ടീനേജര്‍ ഞെട്ടിച്ചു. അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ പ്ലേയര്‍ ഓഫ് ദ മാച്ച്. ഐ.പി.എല്ലില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. 11 ഇന്നിങ്സില്‍ നിന്ന് 206 റണ്‍സും 13 ക്യാച്ചുകളുമായി മിന്നുന്ന ഫോമില്‍ സീസണ്‍ അവസാനിപ്പിച്ച സഞ്ജു തന്നെയായിരുന്നു ആ ടൂര്‍ണമെന്‍റിലെ മികച്ച യുവതാരത്തിനുള്ള എമേര്‍ജിങ് പ്ലേയര്‍ പുരസ്കാരം സ്വന്തമാക്കിയത്.
പ്രീമിയര്‍ ലീഗില്‍ പിന്നീട് സഞ്ജുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2016 ല്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നപ്പോള്‍ മാത്രമാണ് സഞ്ജു മറ്റൊരു ടീമിനായി പാഡ് കെട്ടിയത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയായിരുന്നു സഞ്ജു ആ രണ്ട് സീസണുകളില്‍ കളിച്ചത്. ദ്രാവിഡ് സ്കൂള്‍ ഓഫ് ക്രിക്കറ്റില്‍ രാകിമിനുക്കിയ പടക്കോപ്പ് തന്നെയായിരുന്നു സഞ്ജു. വെറും കാടനടികളൊന്നുമായിരുന്നില്ല, സ്വീറ്റ് ടൈമിംഗ് ആണ് സഞ്ജുവിന്‍റെ ട്രേഡ് മാര്‍ക്ക്, ബാറ്റിന്‍റെ ബ്യൂട്ടി സ്പോട്ടില്‍ നിന്ന് പായുന്ന ക്ലീന്‍ ഹിറ്റിലൂടെ അയാള്‍ ആരാധകരെ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
ഡല്‍ഹിയിലും സഞ്ജു തന്‍റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുത്തു. സഞ്ജുവിന്‍റെ കരിയറിലെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറിയും ആ സീസണുകളിലൊന്നിലാണ് പിറന്നത്. ധോണിയുടെ റൈസിങ് പുണെ ജയന്‍റ്സിനെതിരെയായിരുന്നു സഞ്ജുവിന്‍റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഇന്നിങ്സ്. 96 ല്‍ നില്‍ക്കെ ആദം സാംപയെ സിക്സറിന് തൂക്കി സെഞ്ച്വറിയിലെത്തിയ സഞ്ജുവിന്‍റെ കോണ്‍ഫിഡന്‍സ് ലെവല്‍ ആ കളി കണ്ടവരാരും മറക്കില്ല. 2017 സീസണില്‍ 386 റണ്‍സുമായി സഞ്ജു ഡല്‍ഹിയുടെ ടോപ്സ്കോററുമായി. 2018 ല്‍ വീണ്ടും രാജസ്ഥാന്‍ ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തി. ഇതിനോടകം സഞ്ജു തന്‍റെ പ്രകടനം കൊണ്ട് ഒറ്റക്ക് കളി തിരിക്കാന്‍ കഴിവുള്ള പ്ലേമേക്കര്‍ ആയിക്കഴിഞ്ഞിരുന്നു. രാജസ്ഥാന്‍ തിരിച്ചുവരവില്‍ വീണ്ടും സഞ്ജുവിനെ ഒപ്പം കൂട്ടി. 2018 സീസണില്‍ 441 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു അടിച്ചുകൂട്ടിയത്.
നൂറ് ഐ.പി.എല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും ഇതിനോടകം സഞ്ജുവിനെ തേടിയെത്തി. വീഴുമ്പോഴെല്ലാം കുരിശിൽ തറയ്ക്കാൻ കാത്തിരിക്കുന്നവർക്കുള്ള മറുപടിയായി ഒടുവില്‍ രാജസ്ഥാന്‍റെ ക്യാപ്റ്റന്‍ ക്യാപ് സഞ്ജുവിനെ തേടിയെത്തി. ഉത്തരേന്ത്യൻ ലോബികൾ അടക്കിവാഴുന്ന പണക്കൊഴുപ്പിന്‍റെ ക്രിക്കറ്റ് മേളയില്‍ ഒരു മലയാളി ക്യാപ്റ്റന്‍. ക്രിക്കറ്റെന്നത് മലയാളികൾക്ക് അന്യമായ കായിക ഇനമാണെന്ന് യുവതലമുറ മുഴുവൻ വിശ്വസിച്ചിടത്തുനിന്നാണ് അയാള്‍ ഒരു ഐപിഎല്‍ ടീമിന്‍റെ നായകപദവി അലങ്കരിക്കുന്നതെന്ന് ഓര്‍ക്കണം.
സഞ്ജു സാംസണ്‍ എന്ന മലയാളി ക്രിക്കറ്റര്‍ക്ക് വേണ്ടി ആരും എവിടെയും പട്ടുമെത്തകള്‍ വിരിച്ചിരുന്നില്ല, ഒരു ഗോഡ്ഫാദറും അയാള്‍ക്കായി വാദിച്ചില്ല. പക്ഷേ നിങ്ങള്‍ തോറ്റെന്ന് വിധിയെഴുതാന്‍ തൂലികയെടുക്കമ്പോഴൊക്കെയും അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അയാള്‍ ഫീനിക്സ് പക്ഷിയേക്കാള്‍ വേഗത്തില്‍ കുതിച്ചുയര്‍ന്നിട്ടുണ്ടാകും... ഫിയര്‍ലെസ് ക്രിക്കറ്റര്‍ എന്ന് വിരാട് കോഹ്‍ലി വിശേഷിപ്പിച്ച താരമാണ് സഞ്ജു. അയാളെ അവഗണിച്ചുകൊണ്ട് തളര്‍ത്തിക്കളയാമെന്ന് ആരെങ്കിലും അറിയാതെപോലും വിചാരിച്ചുപോയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കാലം തെളിയിക്കും... പാഡ് കെട്ടിയ കാലം മുതല് അവഗണനകളുടെ ക്രീസിലാണ് സഞ്ജു എന്നും ബാറ്റു വീശിയിട്ടുള്ളത്,
കേരളത്തിലെ ഒരു തീരദേശഗ്രാമത്തില്‍ ജനിച്ചുവീണ് നോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോബികളുടെ സ്വജനപക്ഷപാതത്തെ ക്രീസ് വിട്ടിറങ്ങി സിക്സര്‍ പറത്തിയ മലയാളിയുടെ അഭിമാന ബോധത്തിന്‍റ പേരുകൂടിയാണ് സഞ്ജു വി സാംസണ്‍. അങ്ങനെയൊന്നും അവസാനിച്ചുപോകുന്ന കരിയർ ആകില്ല സഞ്ജുവിന്‍റേത്, ഇന്ന് കണ്ണടക്കുന്നവര്‍ക്കും വാതില്‍ കൊട്ടിയടക്കുന്നവര്‍ക്കും അത് മലര്‍ക്കെ തുറക്കേണ്ട നാളുകള്‍ വരിക തന്നെ ചെയ്യും. അയാളിലെ ബാറ്റിങ് പ്രതിഭ തന്നെ അതിന് മറുപടി പറയും... ഒരുദിവസം വരും... അന്നയാള്‍ നീലക്കുപ്പായത്തിന്‍റെ നിറസാന്നിധ്യമാകും...
Adjust Story Font
16