ആരു തടുക്കാന്‍ ആരു തകര്‍ക്കാന്‍... വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ കരുത്ത്
ഇന്നലെ യു.പി വാരിയേഴ്സിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് മുംബൈ നേടിയത്
മുംബൈ ഇന്ത്യന്‍സ്
ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിട്ടുള്ള മുംബൈ ഇന്ത്യന്‍സ് പുരുഷ ടീമിന്‍റെ പ്രകടനം വനിതാ ടീമും പ്രീമിയര്‍ ലീഗില്‍ അതേപടി ആവര്‍ത്തിക്കുകയാണ്. ഇന്ത്യയിലെ വനിതാ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ പതിപ്പില്‍ എതിരാളികളില്ലാതെ മുന്നേറുകയാണ് മുംബൈ വനിതകള്‍. ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും ആധികാരികമായ വിജയവുമായാണ് മുംബൈ കുതിപ്പ് തുടരുന്നത്.
ഇന്നലെ യു.പി വാരിയേഴ്സിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് മുംബൈ നേടിയത്. 160 റൺസ് വിജയ ലക്ഷ്യം 17.3 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത യു.പി ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. ഉത്തര്‍പ്രദേശിനായി ക്യാപ്റ്റനും ഓപ്പണറുമായ അലൈസ ഹെയ്‍ലിയും ടാലിയ മഗ്രാത്തും അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ബാക്കി താരങ്ങള്‍ നിരാശപ്പെടുത്തിയതോടെ ടീം സ്കോര്‍ 159 റണ്‍സിലൊതൊങ്ങുകയായിരുന്നു.
മറുപടി ബാറ്റിങില്‍ മുംബൈയ്ക്കായി യാസ്തിക ഭാട്ടിയ 27 പന്തിൽ 42 റൺസ് നേടി മിന്നും തുടക്കം നൽകിയെങ്കിലും അടുത്തടുത്ത ഓവറുകളില്‍ രണ്ട് ഓപ്പണര്‍മാരെയും മുംബൈക്ക് നഷ്ടമായി. 58/0 എന്ന നിലയിൽ നിന്ന് മുംബൈ 58/2 എന്ന നിലയിലേക്ക് വീണു. എന്നാല്‍ നാറ്റ് സ്കിവര്‍ – ഹര്‍മ്മന്‍പ്രീത് കൗര്‍ സഖ്യത്തിന്‍റെ അപരാജിത കൂട്ടുകെട്ട് 106 റൺസ് നേടി മുംബൈയെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 33 പന്തിൽ 53 റൺസ് എടുത്തപ്പോള്‍ നത്താലി സ്കിവര്‍ 31 പന്തിൽ 45 റൺസ് നേടി.
വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ തന്നെ ഗുജറാത്ത് ജയന്‍റ്സിനെതിരെ 143 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയ മുംബൈ അതേ ഗിയറില്‍ത്തന്നെയാണ് സീസണില്‍ മുന്നോട്ടു കുതിക്കുന്നത്. രണ്ടാം മത്സരത്തില്‍ ബാംഗ്ലൂരിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത മുംബൈ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് കീഴടക്കി.
നാല് കളികളില്‍ എട്ട് പോയിന്‍റുമായി പോയിന്‍റ് ടേബിളില്‍ മുംബൈ ആണ് ഒന്നാമത്. ആറ് പോയിന്‍റുമായി ഡല്‍ഹിയും നാല് പോയിന്‍റുമായി യു.പിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Adjust Story Font
16