Quantcast

രോഹിതും കോഹ്‍ലിയും റിട്ടയേഡ് ഹര്‍ട്ട്!; ഇനി ടി20 ടീമിലുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

രാജ്യാന്തര ടി20യില്‍ തുടർച്ചയായ മൂന്നാം പരമ്പരയിലാണ് നിലവിലെ ക്യാപ്റ്റനെയും മുൻ ക്യാപ്റ്റനെയും ബോര്‍ഡ് ഒഴിവാക്കുന്നത്.

MediaOne Logo

Web Desk

  • Published:

    14 Jan 2023 1:58 PM GMT

rohit sharma, virat kohli, indian cricket team,bcci,t20 cricket
X

രോഹിത് ശര്‍മയും വിരാട് കോഹ്ലിയും

ന്യൂസിലൻഡിനെതിരെയുള്ള ഏകദിന, ട്വന്‍റി20 പരമ്പരക്കുള്ള ടീം പ്രഖ്യാപനം വന്നപ്പോള്‍ ആരാധകരില്‍ പലരും തെരഞ്ഞത് ഇന്ത്യന്‍ ടി20 സ്ക്വാഡിലെ പേരുകളാണ്. ഇല്ല, കോഹ്ലിയും രോഹിതും ടീമിലില്ല...!. അതെ ക്യാപ്റ്റനെയും മുന്‍ ക്യാപ്റ്റനെയും ടി20 സ്ക്വാഡില്‍ നിന്ന് വീണ്ടും ഒഴിവാക്കിയിരിക്കുന്നു.ഇന്നലെ രാത്രിയാണ് ന്യൂസിലന്‍ഡിനെതിരായ ലിമിറ്റഡ് ഓവര്‍ മത്സരങ്ങളുടെ ടീമും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയും ബി.സി.സി.ഐ പ്രഖ്യാപിക്കുന്നത്.

ന്യൂസിലന്‍ഡിനെതിരായ ഏകദിന സ്ക്വാഡിലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് സ്ക്വാഡിലും രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഉണ്ട്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 സ്ക്വാഡില്‍ നിന്ന് രണ്ട് സീനിയര്‍ താരങ്ങളെയും സെലക്ടര്‍മാര്‍ ഒഴിവാക്കിയിരിക്കുകയാണ്. കെ.എൽ രാഹുലിനെയും ടി20-ഏകദിന ടീമുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ രാഹുലിനെ ടീമിൽ ഉൾപ്പെടുത്താത്ത കാര്യത്തില്‍ ബി.സി.സി.ഐ കാരണം വ്യക്തമാക്കുന്നുണ്ട്. കുടുംബസംബന്ധമായ ആവശ്യങ്ങളെ തുടർന്നാണ് രാഹുലിനെ ഒഴിവാക്കുന്നതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. താരത്തിന്‍റെ വിവാഹം ഉറപ്പിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് രാഹുലിന് അവധി നല്‍കുന്നത്.

പക്ഷേ കോഹ്ലിയുടെയും രോഹിത്തിന്‍റെയും കാര്യത്തിൽ ബി.സി.സി.ഐ മൗനം തുടരുകയാണ്. എന്തൊകൊണ്ടാണ് സ്ക്വാഡില്‍ ഉള്‍പ്പെടുത്താതാതിരുന്നതെന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല. രാജ്യാന്തര ടി20യില്‍ തുടർച്ചയായ മൂന്നാം പരമ്പരയിലാണ് നിലവിലെ ക്യാപ്റ്റനെയും മുൻ ക്യാപ്റ്റനെയും ബോര്‍ഡ് ഒഴിവാക്കുന്നത്. ഇതോടെ ടി20 ഫോർമാറ്റിൽ ഇനി രോഹിത്-കോഹ്ലി സഖ്യത്തെ കാണാന്‍ കഴിയില്ലെന്ന് ഏറെക്കുറെ തീരുമാനിച്ചതായാണ് അഭ്യൂഹങ്ങള്‍.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ രോഹിതിന്‍റെയും കോഹ്ലിയുടെയും ടി20 കരിയറിന് ഏകദേശം തിരശീല വീണെന്നു വേണം കരുതാന്‍. തുടര്‍ച്ചയായ പരമ്പരകളില്‍ നിന്ന് രോഹിത്തിനെയും കോഹ്ലിയെയും പോലുള്ള സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തുന്നെങ്കില്‍ അതിന്‍റെ ഉദ്ദേശ്യം വ്യക്തമാണ്. വരാനിരിക്കുന്ന 2024 ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങളുടെ ടീമിനെ വാര്‍ത്തെടുക്കുക തന്നെയാണ് ലക്ഷ്യം. അങ്ങനെയെങ്കില്‍ രോഹിതും കോഹ്ലിയും കുട്ടിക്രിക്കറ്റിന്‍റെ അടുത്ത ലോകകപ്പില്‍ ടീമിലുണ്ടാകില്ല.


അടുത്ത ടി20 ലോകകപ്പ് ലക്ഷ്യംവെച്ച് തയ്യാറാക്കുന്ന പദ്ധതികളുടെ ഭാഗമാകാത്തതുകൊണ്ട് തന്നെ വരാനിരിക്കുന്ന അന്താരാഷ്ട്ര ടി20 മത്സരങ്ങളിലും രോഹിതിനും കോഹ്ലിക്കും അവസരം കൊടുക്കാനുള്ള സാധ്യത കുറവാണ്.


നിലവില്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തും രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തുമാണ്. 52.73 ആവറേജില്‍ കോഹ്ലി 4008 റണ്‍സ് നേടിയപ്പോള്‍ രോഹിത് 31.32 ആവറേജില്‍ 3853 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

TAGS :

Next Story