''അയാള്‍ കുറ്റവാളിയൊന്നുമല്ല, വെറുതെ വിടൂ''; രാഹുലിന് പിന്തുണയുമായി ഹര്‍ഭജന്‍
മുൻ ഇന്ത്യന്‍ താരങ്ങളടക്കം നിരവധി പേര്‍ ട്വിറ്ററിൽ രാഹുലിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തുണ്ട്
ബോർഡർ ഗവാസ്‌കർ ട്രോഫിയില്‍ മോശം ഫോം തുടരുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുല്‍. പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കെ.എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷവിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മോശം ഫോം തുടരുന്നതിനിടെ ടീമില്‍ താരത്തിന്റെ ഉപനായക പദവി കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു.
വെങ്കടേഷ് പ്രസാദിനെപ്പോലുള്ള മുൻതാരങ്ങളടക്കം നിരവധി പേര്‍ ട്വിറ്ററിൽ രാഹുലിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തുണ്ട്. ഫോമില്ലാത്ത രാഹുലിന് അവസരം കൊടുത്തു കൊണ്ടേയിരിക്കുന്നത് ആഭ്യന്തര മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന താരങ്ങളോടുള്ള അവഗണനയാണെന്നായിരുന്നു വെങ്കടേഷ് പ്രസാദിന്റെ വിമർശനം.
ഇതിനിടെ രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. രാഹുല്‍ ഒരു കുറ്റവാളിയൊന്നുമല്ലെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നും ഹർഭജൻ സിങ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലാണ് ഭാജിയുടെ പ്രതികരണം.
''നമുക്ക് കെ.എൽ രാഹുലിനെ വെറുതെ വിടാമെന്ന് തോന്നുന്നു. അദ്ദേഹം കുറ്റകൃത്യം ചെയ്തിട്ടൊന്നുമില്ലല്ലോ. രാഹുല്‍ ശക്തിയായി തിരിച്ചു വരും. ഇത് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെ നമ്മളൊക്കെ കടന്നു പോയിട്ടുണ്ടല്ലോ. അദ്ദേഹം ആദ്യത്തേയോ അവസാനത്തെയോ ആളല്ല. അദ്ദേഹം ഇന്ത്യൻ താരമാണെന്ന ബഹുമാനമെങ്കിലും കൊടുക്കൂ.. അയാളിൽ വിശ്വാസമർപ്പിക്കൂ''- ഹര്‍ഭജന്‍ കുറിച്ചു.
ആസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍ ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ്. സിറാജ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്.
Adjust Story Font
16