Quantcast

''ആരെ മാറ്റിയിട്ടായാലും ശരി, അവനെ ലോകകപ്പിലെ എല്ലാ മത്സരത്തിലും കളിപ്പിക്കണം''- ഹര്‍ഭജന്‍ സിങ്

''ഒറ്റക്ക് കളിയുടെ ഗതിയെ മാറ്റാൻ കഴിയുന്ന മാച്ച് വിന്നറാണ് അയാള്‍''

MediaOne Logo

Web Desk

  • Published:

    26 Sep 2023 4:47 PM

Harbhajan Singh
X

Harbhajan Singh

ആസ്ത്രേലിയക്കെതിരായ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് വരെ ഏകദിനത്തിന് പറ്റിയ താരമല്ലെന്ന വിമര്‍ശനം തുടര്‍ച്ചയായി ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഏകദിനത്തിലെ താരത്തിന്‍റെ ബാറ്റിങ് സ്റ്റാറ്റസ് തന്നെയായിരുന്നു വിമര്‍ശകരുടെ ആയുധം. എന്നാല്‍ ഓസീസിനെതിര പഞ്ചാബില്‍ നടന്ന ആദ്യ ഏകദിനത്തോടെ സൂര്യകുമാറിന്‍റെ ഉള്ളിലെ പക്വതയുള്ള ഏകദിന ബാറ്ററെ ലോകം കണ്ടു. അന്ന് സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശിയ സൂര്യ 49 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയാണ് വിമര്‍ശകര്‍ക്കുള്ള മറുപടി കൊടുത്തത്.

എന്നാല്‍ ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കണ്ടതാകട്ടെ അവസാന ഓവറുകളില്‍ ടി20 ശൈലിയില്‍ ബാറ്റുവീശുന്ന ഒരു ഫിനിഷറെയാണ്. സൂര്യയെ എന്തുകൊണ്ട് വീണ്ടും വീണ്ടും അവസരം കൊടുത്ത് ടീമില്‍ നിലനിര്‍ത്തുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരം കൂടിയായിരുന്നു അത്. കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും നിരന്തരം നേരിടേണ്ടിവന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി ഈ രണ്ട് മത്സരങ്ങളില്‍ നിന്ന് സൂര്യകുമാര്‍ തന്നെ തന്‍റെ ബാറ്റുകൊണ്ട് പറഞ്ഞു.

ഇപ്പോഴിതാ സൂര്യയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും താരത്തെ കളത്തിലിറക്കണമെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

''സൂര്യകുമാർ യാദവിനെ എല്ലാ മത്സരത്തിലും കളത്തിലിറക്കണം. ആരെയാണ് അവന് പകരം മാറ്റേണ്ടത് എന്ന് എനിക്കറിയില്ല. പക്ഷെ മറ്റാരെക്കാളും ആദ്യം അവനെയാണ് ടീമില്‍ പരിഗണിക്കേണ്ടത്. ഒറ്റക്ക് കളിയുടെ ഗതിയെ മാറ്റാൻ കഴിയുന്ന മാച്ച് വിന്നറാണ് അവൻ. അവനേക്കാൾ മികച്ചൊരു ഫിനിഷർ ഇപ്പോൾ ഇന്ത്യൻ ടീമിൽ ഇല്ല. അവനെ അഞ്ചാം നമ്പറിൽ സ്ഥിരമായി കളിപ്പിക്കണം''- ഹർഭജൻ പറഞ്ഞു. തന്‍റെ യൂ ട്യൂബ് ചാനലിലാണ് ഹര്‍ഭജന്‍റെ പ്രതികരണം.

ഓസീസിനെതിരായ ആദ്യ മത്സരത്തില്‍ 49 പന്തില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയ സൂര്യ രണ്ടാം മത്സരത്തില്‍ 24 പന്തിലാണ് ഫിഫ്റ്റിയടിച്ചത്. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരം രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ സ്കോര്‍ 400 കടത്തുമെന്ന് കരുതിയെങ്കിലും ഒരു റണ്‍സ് പിന്നിലായിപ്പോയി. 37 പന്തില്‍ ആറ് സിക്സറും ആറ് ബൗണ്ടറിയുമുള്‍പ്പെടെ 72 റണ്‍സാണ് താരം അടിച്ചെടുത്തത്.


TAGS :

Next Story