കശ്മീർ പ്രീമിയർ ലീഗിൽ കളിക്കരുതെന്ന് ബിസിസിഐ ഭീഷണി; വിമർശനവുമായി ഹെർഷൽ ഗിബ്‌സ്
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വളർച്ചയിൽ പിസിബി അസൂയപ്പെട്ടിട്ടു കാര്യമില്ലെന്ന് ബിസിസിഐ വൃത്തം പ്രതികരിച്ചു
പാക്ക് അധീന കശ്മീരിൽ നടക്കുന്ന ടി20 ലീഗിൽ കളിക്കുന്നതു തടയാൻ ബിസിസിഐ ശ്രമിക്കുന്നുവെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെർഷെൽ ഗിബ്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച താരങ്ങളെയടക്കം ഉൾപ്പെടുത്തി നടക്കുന്ന കശ്മീർ പ്രീമിയർ ലീഗിൽ(കെപിഎൽ) കളിക്കരുതെന്നാണ് ബിസിസിഐയുടെ ഭീഷണി.
ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിമർശനം. പാകിസ്താനുമായുള്ള സ്വന്തം രാഷ്ട്രീയ അജണ്ട കെപിഎല്ലിലേക്ക് കൊണ്ടുവന്ന് താൻ കളിക്കുന്നത് തടയാൻ ബിസിസിഐ ശ്രമിക്കുന്നത് തീർത്തും അനാവശ്യമാണെന്ന് ഗിബ്‌സ് ട്വീറ്റ് ചെയ്തു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇന്ത്യയില്‍ വരാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇത് അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്ത വെള്ളിയാഴ്ചയാണ് കെപിഎല്ലിന് തുടക്കമാകുന്നത്. ഈ മാസം 17 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആറു ടീമുകൾ തമ്മിലാണ് മത്സരം. ഇതിൽ ഓവർസീസ് വാരിയേഴ്സിനു വേണ്ടിയാണ് ഗിബ്‌സ് ഇറങ്ങുന്നത്. കെപിഎല്ലിന് പാക് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയിട്ടുണ്ട്. അതേസമയം മോണ്ടി പനേസർ, മാറ്റ് പ്രിയർ, ഫിൽ മസ്റ്റാഡ്, ഉവൈസ് ഷാ അടക്കം കെപിഎല്ലിൽ കളിക്കാനിരുന്ന നിരവധി ഇംഗ്ലീഷ് താരങ്ങൾ പിൻമാറിയിട്ടുണ്ട്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുവീതം താരങ്ങളും കളിക്കാൻ വിസമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണിയെത്തുടർന്നാണ് ഇവർ പിന്മാറിയതെന്നാണ് കെപിഎൽ മാധ്യമ വിഭാഗം മാനേജർ സാഖിബ് അബ്ബാസി കഴിഞ്ഞ ദിവസം ആരോപിച്ചത്.
Completely unnecessary of the @BCCI to bring their political agenda with Pakistan into the equation and trying to prevent me playing in the @kpl_20 . Also threatening me saying they won't allow me entry into India for any cricket related work. Ludicrous 🙄
— Herschelle Gibbs (@hershybru) July 31, 2021
സംഭവത്തിൽ ബിസിസിഐക്കെതിരെ വിമർശനുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡും(പിസിബി) രംഗത്തെത്തിയിട്ടുണ്ട്. ഐസിസി അംഗങ്ങളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടുകവഴി ബിസിസിഐ ഒരിക്കൽകൂടി രാജ്യാന്തര പെരുമാറ്റച്ചട്ടങ്ങളും മാന്യന്മാരുടെ കളിയുടെ ആത്മാവും ലംഘിച്ചിരിക്കുകയാണെന്ന് പിസിബി വാർത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. വിഷയം ഐസിസിയിൽ ഉന്നയിക്കുമെന്നും പിസിബി അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വളർച്ചയിൽ പിസിബി അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നാണ് ഇതിനോട് ബിസിസിഐ പ്രതികരിച്ചത്. പഴയ ഒത്തുകളി വിവാദത്തിൽ ഗിബ്‌സിന്റെ പങ്കാളിത്തം ചൂണ്ടിക്കാട്ടി താരത്തെ ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട് ബിസിസിഐ വൃത്തം. പിസിബി ആശയക്കുഴപ്പത്തിലാണെന്നു തോന്നുന്നു. പാക്കിസ്താൻ താരങ്ങളെ ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കില്ലെന്ന തീരുമാനം മറ്റൊരു ഐസിസി അംഗരാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിലുള്ള കൈകടത്തൽ അല്ലാത്തതുപോലെ ഇതിനെയും കണ്ടാൽ മതി. ഇന്ത്യയിൽ വച്ചു നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കാൻ താരങ്ങളെ അനുവദിക്കണമോ വേണ്ടയോ എന്നത് ബിസിസിഐയുടെ ആഭ്യന്തര വിഷയമാണെന്നും ബോർഡ് വൃത്തം വ്യക്തമാക്കി.
Adjust Story Font
16