Quantcast

ലോക ഹോക്കി റാങ്കിങ്; ഇന്ത്യന്‍ പുരുഷ ടീം മൂന്നാമത്, വനിതകള്‍ക്ക് തിരിച്ചടി

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ വെങ്കലമെഡൽ പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താൻ റാങ്കിങിൽ 18-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

MediaOne Logo

Web Desk

  • Published:

    23 Dec 2021 2:15 PM GMT

ലോക ഹോക്കി റാങ്കിങ്; ഇന്ത്യന്‍ പുരുഷ ടീം മൂന്നാമത്, വനിതകള്‍ക്ക് തിരിച്ചടി
X

ഒളിമ്പിക് മെഡലിനും ഏഷ്യന്‍ ചാമ്പ്യന്‍‌സ് ട്രോഫി മെഡലിനും പിന്നാലെ ഇന്ത്യന്‍ ഹോക്കി ടീമിന് ആഹ്ളാദിക്കാന്‍ മറ്റൊരു വക കൂടി. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പുറത്തുവിട്ട പുതിയ റാങ്കിങ് പ്രകാരം ഇന്ത്യന്‍ പുരുഷ ഹോക്കി ടീം മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.

ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മഡല്‍ നേട്ടവും കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ വെങ്കല മെഡല്‍ നേട്ടത്തിന്‍റെയും മികവില്‍ ഇന്ത്യന്‍ ഹോക്കി ടീം 2296.038 പോയിന്‍റ് സ്വന്തമാക്കി. ഒളിമ്പിക്സ് ചാമ്പ്യന്മാരായ ബെല്‍ജിയമാണ് പുരുഷ റാങ്കിങ്ങില്‍ ഒന്നാമത്. ആസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും. നെതര്‍ലന്‍ഡ്‌സ്, ജര്‍മനി എന്നീ ടീമുകള്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളും സ്വന്തമാക്കി. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ വെങ്കലമെഡൽ പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താൻ റാങ്കിങിൽ 18-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

ഇന്ത്യന്‍ പുരുഷ ടീം റാങ്കിങില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ വനിതകള്‍ക്ക് തിരിച്ചടിയാണുണ്ടായത്. വര്‍ഷാവസാനം പുറത്തുവന്ന ലോക റാങ്കിങില്‍ ഇന്ത്യന്‍ വനിതാ ടീമിന് ഒന്‍പതാം സ്ഥാനം മാത്രമാണ് സ്വന്തമാക്കാനായത്. ടോക്യോ ഒളിമ്പിക്‌സ് സെമിയില്‍ തോറ്റ് നാലാം സ്ഥാനം നേടിയാണ് ഇന്ത്യന്‍ വനിതകള്‍ ടോക്യോ ഒളിമ്പിക്സില്‍ ഫിനിഷ് ചെയ്തത്. റാങ്കിങ് പരിശോധിക്കുമ്പോള്‍ ടീമിന് 1810.32 പോയിന്‍റ് മാത്രമാണ് നേടാനായത്.

ഒളിംപിക്സ് വനിതാ ഹോക്കി സെമിഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ ഇന്ത്യന്‍ വനിതകള്‍ പൊരുതിത്തോല്‍ക്കുകയായിരുന്നു. 1980ലെ നാലാം സ്ഥാനത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വനിത ഹോക്കി ടീം ഇത്തരമൊരു മുന്നേറ്റം ഒളിംപിക്സില്‍ കാഴ്ചവെച്ചത്. അതേസമയം കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്തായിരുന്നു ഇന്ത്യന്‍ പുരുഷ ടീം ഒളിമ്പിക് വെങ്കലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ആദ്യമായാണ് ഹോക്കിയില്‍ ഇന്ത്യക്ക് ഒരു ഒളിമ്പിക്‌ മെഡല്‍ ലഭിക്കുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഗോൾപോസ്റ്റിന് മുന്നിൽ പാറപോലെ ഉറച്ച് നിന്ന ഗോൾകീപ്പറും മലയാളിയുമായ ശ്രീജേഷിന്റെ പ്രകടനങ്ങളും നിർണായകമായി. ഇത്തവണത്തെ ഒളിമ്പിക് ഹോക്കിയിലെ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ വെങ്കല മെഡല്‍ നേട്ടവും സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്താനെ തകർത്തത്. ഇന്ത്യയ്ക്കായി പെനാൽട്ടി കോർണർ വിദഗ്ധൻ ഹർമൻപ്രീത് സിങ് രണ്ടു ഗോളുകൾ നേടിയപ്പോൾ ആകാശ്ദീപ് ഒരു ഗോൾ നേടി. ജുനൈദ് മൻസൂറാണ് പാകിസ്താനായി ആശ്വാസഗോൾ നേടിയത്.

TAGS :

Next Story