തോറ്റാലും കിട്ടും... ലോകകപ്പില്‍ നിന്ന് ഇന്ത്യന്‍ ടീമിന് എത്ര രൂപ കിട്ടും?
ടി20 കിരീടം സ്വന്തമാക്കുന്ന ടീമിന് 1.6 ദശലക്ഷം ഡോളറാണ് ലഭിക്കുക. (ഏകദേശം 13 കോടിയോളം ഇന്ത്യൻ രൂപ), ഇന്ത്യക്ക് ലഭിക്കുക...
ലോകകപ്പ് സെമിയില്‍ നിരാശാജനകമായ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ ഓര്‍ത്ത് ആശങ്കപ്പെടുന്നവരാണ് ആരധകരില്‍ നല്ലൊരുപക്ഷവും. എന്നാല്‍ ലോകകപ്പ് സെമിവരെയെത്തിയ ടീം ഇന്ത്യക്ക് എത്ര രൂപ ടൂര്‍ണമെന്‍റില്‍ നിന്ന് ലഭിക്കുമെന്നറിയാന്‍ ആഗ്രഹിക്കുന്നവരായിരിക്കും കൂടുതല്‍ പേരും. സൂപ്പര്‍ 12 ഘട്ടത്തിലെത്തിയ ഒരു ടീമും വെറും കയ്യോടെ മടങ്ങേണ്ടിവരില്ലെന്ന് നേരത്തെ തന്നെ ഐ.സി.സി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സെമിയിലെത്തിയ ഇന്ത്യന്‍ ടീമിനും തരക്കേടില്ലാത്ത തുക ലഭിക്കുമെന്നുറപ്പാണ്.
ടീമുകള്‍ക്ക് ലഭിക്കുന്ന തുക
- ടി20 കിരീടം സ്വന്തമാക്കുന്ന ടീമിന് 1.6 ദശലക്ഷം ഡോളറാണ് ലഭിക്കുക. (ഏകദേശം 13 കോടിയോളം ഇന്ത്യന്‍ രൂപ). ഫൈനല്‍ ജയിക്കുന്ന മുറക്ക് ഇംഗ്ലണ്ടിനോ പാകിസ്താനോ ഈ തുകയുമായി നാട്ടിലേക്ക് മടങ്ങാം.
- റണ്ണേഴ്സപ്പിന് 0.8 ദശലക്ഷം ഡോളര്‍ ആണ് ലഭിക്കുക. (ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപ).
- സെമിയിലെത്തി പരാജയപ്പെടുന്ന രണ്ട് ടീമുകകള്‍ക്കുമായി എട്ട് ലക്ഷം ഡോളറാണ് ലഭിക്കുക, ഒരു ടീമിന് അപ്പോള്‍ നാല് ലക്ഷം ഡോളര്‍ ലഭിക്കും. ഇംഗ്ലണ്ടിനോട് സെമിയില്‍ തോറ്റ ഇന്ത്യയ്ക്കും പാകിസ്താനോട് സെമിയില്‍ പരാജയപ്പെട്ട ന്യൂസിലന്‍ഡിനും ഈ തുകയായിരിക്കും ലഭിക്കുക. നാല് ലക്ഷം ഡോളര്‍, ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം മൂന്ന് കോടി 22 ലക്ഷം രൂപയോളമുണ്ടാകും.
- ഗ്രൂപ്പ് ഘട്ടത്തില്‍വിജയിച്ച സൂപ്പര്‍ 12 ലെത്തി പുറത്താകുന്ന ടീമുകളില്‍ ഓരോ ടീമിനും 70,000 ഡോളര്‍ വീതം ലഭിക്കും (56 ലക്ഷത്തോളം ഇന്ത്യന്‍ രൂപ). സൂപ്പര്‍ 12 ഘട്ടത്തില്‍ ജയിക്കുന്ന ഒരോ ജയത്തിനും ടീമുകള്‍ക്ക് 40,000 ഡോളര്‍ അധികം ലഭിക്കും (ഏകദേശം 32 ലക്ഷത്തോളം ഇന്ത്യന്‍ രൂപ).
ഇന്ത്യയുടെ സെമി പരാജയം
ഇന്ത്യക്കെതിരെ തകർപ്പൻ ജയവുമായാണ് ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ ഫൈനലിൽ കടന്നത്. ഇന്ത്യ ഉയർത്തിയ 169 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 15.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെയാണ് ലക്ഷ്യംമറികടന്നത്. അലക്സ് ഹെയിൽസ്(86) നായകൻ ജോസ് ബട്ട്ലർ(80) എന്നിർ അതിവേഗത്തിൽ കളിതീർത്തു. 169 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ആദ്യ പവർപ്ലേയിൽ തന്നെ കളി വരുതിയിലാക്കിയിരുന്നു.ഇന്ത്യൻ ബൗളർമാർ മാറിമാറി എറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താനായില്ല. അവസരങ്ങളൊന്നും കൊടുക്കാതെയായിരുന്നു ഇംഗ്ലണ്ടിന്റെ തേരോട്ടം. ആദ്യ അഞ്ച് ഓവറിൽ തന്നെ ഇംഗ്ലണ്ട് സ്‌കോർ 50 കടന്നു. പത്ത് ഓവർ പൂർത്തിയായപ്പോഴേക്കും സ്‌കോർ നൂറിന് അടുത്ത് എത്തിയിരുന്നു. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയാൽ മാത്രമെ ഇന്ത്യക്ക് രക്ഷയുണ്ടായിരുന്നുള്ളൂ. അതിനും കഴിയാതെ വന്നതോടെ ഹെയിൽസും ബട്ട്‌ലറും തകര്‍ത്തടിക്കുന്നത് നോക്കിനിൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. പതിനഞ്ചാം ഓവറിലെ അവസാന പന്ത് സിക്സര്‍ പറത്തി ബട്ട്ലര്‍ ടീമിന് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തു.
ന്യൂസിലന്‍ഡിന്‍റെ വീഴ്ച
ടി20 ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഏഴ് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തകർത്താണ് പാകിസ്താൻ ഫൈനലിലെത്തിയത്. ഓപ്പണർമാരായ ക്യാപ്റ്റൻ ബാബർ അസമിന്റെയും റിസ്‌വാന്റെയും പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. ബാബർ 53 റൺസെടുത്തപ്പോൾ റിസ്‌വാൻ 57 റൺസെടുത്തു. അവസാന ഓവറുകളിൽ മുഹമ്മദ് ഹാരിസ് പുറത്തെടുത്ത വെടിക്കെട്ടാണ് പാകിസ്താന് വിജയം അനായാസമാക്കിയത്. ന്യൂസിലന്‍ഡിനായി ട്രെന്‍റ് ബോൾട്ട് രണ്ട് വിക്കറ്റെടുത്തു.
Adjust Story Font
16