''അത് അയാളുടെ മാത്രം അഭിപ്രായം''; വാന്‍ഗാലിനെ തള്ളി വാന്‍ഡെക്ക്
''ഓരോരുത്തർക്കും അവരുടെ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടല്ലോ''
ഖത്തര്‍ ലോകകപ്പ് ലയണല്‍ മെസിക്ക് വേണ്ടി നേരത്തേ എഴുതപ്പെട്ട തിരക്കഥയാണെന്ന നെതര്‍ലന്‍റ്സ് കോച്ച് ലൂയി വാന്‍ഗാലിന്‍റെ പ്രസ്താവന വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലോകകപ്പിൽ റഫറിമാര്‍ അർജന്റീനയെ ഏറെ സഹായിച്ചിട്ടുണ്ടെന്നും നെതർലാന്റ്‌സ് അർജന്റീന മത്സരം അതിന് ഏറ്റവും വലിയ തെളിവാണെന്നുമാണ് വാൻഗാൽ പറഞ്ഞത്.
എന്നാലിപ്പോളിതാ വാന്‍ഗാലിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ലോകകപ്പില്‍ നെതര്‍ലാന്‍റ്സ് ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്ന വിര്‍ജിന്‍ വാന്‍ഡെക്ക്. വാന്‍ഗാലിന്‍റേത് അദ്ദേഹത്തിന്‍റെ മാത്രം പ്രസ്താവനയാണെന്നും തനിക്ക് ആ അഭിപ്രായമില്ലെന്നും വാന്‍ഡെക്ക് പറഞ്ഞു.
''ഇന്ന് രാവിലെയാണ് ഞാന്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന കേട്ടത്. അത് വാൻഗാലിന്റെ അഭിപ്രായമാണ്. ഓരോരുത്തർക്കും അവരുടെ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടല്ലോ. എന്നാൽ എനിക്ക് അദ്ദേഹത്തിന്റെ അഭിപ്രായമില്ല''- വാന്‍ഡെക്ക് പറഞ്ഞു.
ലോകകപ്പ് ക്വാര്‍ട്ടറില്‍ അർജന്റൈൻ താരങ്ങൾ മത്സരത്തിൽ ഏറെ പരിധി വിടുന്നുണ്ടായിരുന്നു എന്നും പക്ഷെ റഫറി അവരെ കണ്ടില്ലെന്ന് നടിച്ചെന്നുമാണ് വാന്‍ഗാല്‍ പറഞ്ഞത്. ഇത് മെസ്സിയെ ലോകകപ്പ് വിജയിപ്പിക്കാനായി മുന്‍കൂട്ടി എഴുതിയ തിരക്കഥയാണെന്നും വാന്‍ഗാല്‍ കൂട്ടിച്ചേര്‍ത്തു.
ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടങ്ങളിലൊന്നായിരുന്നു അർജന്റീന നെതർലാന്റ്‌സ് ക്വാർട്ടർ മത്സരം. ഏകപക്ഷീയമായി പോവുമായിരുന്ന മത്സരത്തെ 78ാം മിനിറ്റിൽ നടത്തിയൊരു സബ്‌സ്റ്റിറ്റിയൂഷനിലൂടെ വാൻഗാൽ നാടകീയമായൊരു അന്ത്യത്തിലേക്കാണ് നയിച്ചത്.
കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കേ മെംഫിസ് ഡീപേക്ക് പകരം വോട്ട് വെഗോഴ്‌സ്റ്റ് എന്ന വാൻഗാലിന്റെ പടക്കുതിര മൈതാനത്തെത്തി. അത് വരെ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്ന അർജന്റീനയെ 83ാം മിനിറ്റിലും ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിലും നേടിയ ഗോളുകളിലൂടെ വോട്ട് വെഗോഴ്‌സ്റ്റ് ഞെട്ടിച്ച് കളഞ്ഞു. പിന്നീട് എമി മാർട്ടിനസിന്റെ കരുത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം പിടിച്ച് വാങ്ങിയത്. സംഘര്‍ഷ നിമിഷങ്ങള്‍ കൊണ്ട് ഏറെ വിവാദമായ മത്സരത്തിൽ ആകെ 16 മഞ്ഞക്കാർഡുകളാണ് റഫറി ഉയര്‍ത്തിയത്.
Adjust Story Font
16