'എന്റെ തൊലിനിറം പ്രശ്നമായിരുന്നു, ടീമിൽ ഇടംകിട്ടില്ലെന്ന് പലരും പറഞ്ഞു'; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ വംശീയത തുറന്നുപറഞ്ഞ് ഉസ്മാൻ ഖവാജ
ഓസീസ് ടീമിൽ തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചതില്‍ നിരവധി ഏഷ്യൻ വംശജരാണ് സന്തോഷം രേഖപ്പെടുത്തിയതെന്നും താരം വെളിപ്പെടുത്തി
ക്രിക്കറ്റിൽ വംശീയ വിവേചനം പുതിയ സംഭവമല്ല. പ്രത്യേകിച്ചും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍. ഈ വര്‍ഷം ആദ്യത്തില്‍ ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ഓസ്‌ട്രേലിയയിൽനിന്ന് 'കുരങ്ങുവിളി' കേൾക്കേണ്ടിവന്ന സംഭവം ഏറെ ചർച്ചയായതാണ്. ഏറ്റവുമൊടുവില്‍, ചെറുപ്രായത്തില്‍ നേരിട്ട കടുത്ത വംശീയാധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ഒരു ഓസീസ് താരം തന്നെയാണ്.
ഓസീസ് മുൻനിര ബാറ്റ്‌സ്മാനായ ഉസ്മാൻ ഖവാജയാണ് ദുരനുഭവം തുറന്നുപറഞ്ഞിരിക്കുന്നത്. 2011 ആഷസിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഖവാജ അരങ്ങേറ്റം കുറിക്കുമ്പോൾ ഓസീസ് ജഴ്‌സിയണിയുന്ന ആദ്യത്തെ മുസ്‍ലിം താരമായിരുന്നു ഉസ്മാൻ ഖവാജ. പാകിസ്താൻ വംശജനാണ് 34കാരനായ ഖവാജ. 1990കളിലാണ് ഖവാജയുടെ കുടുംബം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത്. ഖവാജയ്ക്ക് അഞ്ചു വയസുള്ളപ്പോഴായിരുന്നു ഇത്.
ക്രിക്കറ്റിൽ പ്രതിഭ തെളിയിച്ചിട്ടും തന്റെ തൊലിനിറം ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയൻ ടീമിൽ ഒരിക്കലും ഇടംകിട്ടില്ലെന്നു തന്നോടു നിരവധി പേർ പറഞ്ഞിരുന്നുവെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇഎസ്പിഎൻ ക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം പഴയ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്.
''ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിക്കാൻ എനിക്ക് അവസരം കിട്ടില്ലെന്ന് ചെറിയ പ്രായത്തിൽ എത്രയോ തവണ കേട്ടിട്ടുണ്ട്. എന്റെ തൊലിനിറം പോരെന്നായിരുന്നു പ്രധാന പരാതി. ഞാൻ ടീമിനു യോജിക്കില്ലെന്നും അവർ എനിക്ക് അവസരം കിട്ടില്ലെന്നും പറഞ്ഞു അവർ. അതായിരുന്നു ആളുകളുടെ മനോഭാവം'' താരം വെളിപ്പെടുത്തി. അതേസമയം ഇപ്പോൾ കാര്യങ്ങൾ മാറിവരുന്നുണ്ടെന്നും താൻ മികച്ച നിലയിലെത്തിയതോടെ ആളുകൾ പിന്തുണച്ചു രംഗത്തുവരാന്‍ തുടങ്ങിയെന്നും ഖവാജ കൂട്ടിച്ചേർത്തു.
ഓസീസ് ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചതോടെ നിരവധി ഏഷ്യൻ വംശജർ തന്നോട് സന്തോഷം രേഖപ്പെടുത്തിയിരുന്നെന്ന് ഖവാജ പറഞ്ഞു. താൻ ടീമിലെ ഉയർന്ന നിലയിലെത്തിയതിൽ എല്ലാവരും സന്തോഷവാന്മാരായിരുന്നു. അവര്‍കൂടി ഓസീസ് ടീമിന്റെ ഭാഗമായ പോലെയായിരുന്നു അത്. ഇപ്പോൾ തങ്ങൾ ഓസ്‌ട്രേലിയൻ ടീമിനെ പിന്തുണയ്ക്കാൻ തുടങ്ങിയെന്നും മുൻപ് അതായിരുന്നില്ല കഥയെന്നും പലരും തന്നോട്ട് നേരിട്ടുപറഞ്ഞതായും ഖവാജ ചൂണ്ടിക്കാട്ടി.
Adjust Story Font
16