''എന്നോട് ക്ഷമിക്കൂ''; പീറ്റേഴ്സണോട് ക്ഷമാപണം നടത്തി ശുഭ്മാന്‍ ഗില്‍
വിശാഖപട്ടണം ടെസ്റ്റില്‍ ഗില്ലിന്‍റെ മിന്നും പ്രകടനത്തെ വാനോളം പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കറടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു
വിശാഖപട്ടണത്ത് രണ്ടാമിന്നിങ്‌സിൽ ശുഭ്മാൻ ഗിൽ പാഡ് കെട്ടി ക്രീസിലെത്തുമ്പോൾ മൈതാനത്തിന് പുറത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഗില്ലിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരാധകർക്കിടയിൽ കൊടുമ്പിരി കൊള്ളുകയായിരുന്നു. കളിച്ച 12 ഇന്നിങ്‌സുകളിൽ ഒരു അർധ സെഞ്ച്വറി പോലും കുറിക്കാനാവാത്ത താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന അഭിപ്രായം വ്യാപകമായി ഉയരുന്നുണ്ടായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ സംപൂജ്യനായി മടങ്ങിയതോടെ താരത്തിന്റെ ടീമിലെ സ്ഥാനം തുലാസിലായി. വിരാട് കോഹ്ലിയുടെ അഭാവവും കെഎൽ രാഹുലിന് പരിക്കേറ്റതും ഗിലിന് വിശാഖപട്ടണം ടെസ്റ്റിലും അവസരമൊരുക്കി. എന്നാൽ ആദ്യ ഇന്നിങ്‌സില്‍ താരം വീണ്ടും നിരാശപ്പെടുത്തി. ഇതോടെ മുന്നറിയിപ്പുമായി രവി ശാസ്ത്രിയടക്കമുള്ളവർ രംഗത്തെത്തി. അവസരങ്ങൾ മുതലെടുക്കുന്നതിൽ ഗിൽ പരാജയപ്പെടുമ്പോൾ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാര രഞ്ജി ട്രോഫിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് ശാസ്ത്രി ഓർമ്മിപ്പിച്ചു. സര്‍വരും ഗില്ലിനെ തള്ളിപ്പറഞ്ഞപോഴും ചിലര്‍ താരത്തില്‍ അപ്പോഴും വിശ്വാസമര്‍പ്പിച്ചു. അതില്‍ പ്രധാനിയായരുന്നു മുന്‍ ഇംഗ്ലീഷ് ഇതിഹാസം കെവിന്‍ പീറ്റേഴ്സണ്‍. ഗില്ലിന് പിന്തുണയുമായി രംഗത്തെത്തിയ പീറ്റേഴ്സണ്‍ അവനില്‍ ഇനിയും വിശ്വാസമര്‍പ്പിക്കണം എന്ന് ആരാധകരോട് പറഞ്ഞു.
ഒടുവില്‍ വിമര്‍ശകര്‍ക്കെല്ലാം വായടപ്പന്‍ മറുപടിയുമായി രണ്ടാമിന്നിങ്സില്‍ ഗില്ലിന്‍റെ സെഞ്ച്വറിയെത്തി. 147 പന്തുകൾ നേരിട്ട താരം 11 ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 104 റൺസാണ് അടിച്ചെടുത്തത്. ടെസ്റ്റ് ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലായിരുന്നു അത്യുഗ്രൻ ഇന്നിങ്‌സുമായി ഗില്ലിന്‍റെ കംബാക് . സെഞ്ചുറിയ നേടിയ ശേഷം ആവേശപ്രകടനങ്ങളൊന്നുമില്ലാതെ ഡ്രസ്സിംഗ് റൂമിനുനേരെ ആശ്വാസത്തോടെ ബാറ്റുയർത്തുക മാത്രമാണ് ഗിൽ ചെയ്തത്. ടെസ്റ്റിന്‍റെ മൂന്നാം ദിനം ഗില്ലിനെ നേരില്‍ കാണണം എന്ന ആഗ്രഹം കെവിന്‍ പീറ്റേഴ്സണ്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യ സംബന്ധമായ ചില കാരണങ്ങളാല്‍ ഗില്ലിന് പീറ്റേഴ്സണെ കണ്ടുമുട്ടാനായില്ല. ഇതില്‍ ഇപ്പോള്‍ പീറ്റേഴ്സണോട് ക്ഷാമപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് ഗില്‍.
''കണ്ടുമുട്ടാനാവാത്തതില്‍ പീറ്റേഴ്സണോട് ക്ഷമാപണം നടത്തുന്നു. കൈവിരലിന് പരിക്കേറ്റതിനാല്‍ എനിക്ക് സ്കാനിങ്ങിനും മറ്റുമായി പോകേണ്ടതുണ്ടായിരുന്നു''- ഗില്‍ കുറിച്ചു. അതു സാരമില്ലെന്നായിരുന്നു പീറ്റേഴ്‌സന്റെ മറുപടി.
''ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു. ഏറെ കാലമായി ഞാന്‍ താങ്കളെ പിന്തുണക്കുന്നുണ്ട്. കാലിസിനെ കുറിച്ചും ഞാൻ ചിലത് കഴിഞ്ഞ ദിവസം പറഞ്ഞു. നിരവധി അധിക്ഷേപങ്ങളാണ് ഞാൻ ഇതിന്റെയൊക്കെ പേരിൽ കേട്ടത്. കഴിഞ്ഞ ദിവസം ഇന്നിങ്‌സ് കണ്ടതോടെ ഞാൻ നിനക്ക് നന്ദി പറഞ്ഞു. നന്ദി ഗിൽ''- പീറ്റേഴ്സണ്‍ കുറിച്ചു.
ഗില്ലിന്‍റെ മിന്നും പ്രകടനത്തെ വാനോളം പുകഴ്ത്തി സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഫുൾ ഓഫ് സ്‌കിൽ എന്നാണ് ഗില്ലിന്‍റെ പ്രകടനത്തെ സച്ചിൻ വിശേഷിപ്പിച്ചത്. ഒരു അപൂർവ്വനേട്ടവും സെഞ്ചുറിയിലൂടെ ഗിൽ സ്വന്തമാക്കി. ഒരേ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനായാണ് യശ്വസി ജയ്‌സ്വാളിനൊപ്പം താരം റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. നേരത്തെ 1996ൽ ഇംഗ്ലണ്ടിനെതിരായ നോട്ടിങ്ഹാം ടെസ്റ്റിൽ സച്ചിനും ഗാംഗുലിയും സെഞ്ചുറി നേടിയിരുന്നു. അന്ന് ഇരുവർക്കും 25 വയസിൽ താഴെയായിരുന്നു പ്രായം. കഴിഞ്ഞ 11 മാസത്തിനിടെ ഗില്ലിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് വിശാഖപട്ടണത്തിലേത്. ടെസ്റ്റിലെ മൂന്നാം സെഞ്ചുറി. ഏകദിനത്തിൽ ആറും ടെസ്റ്റിൽ മൂന്നും ടി20യിൽ ഒരു സെഞ്ചുറിയുമുള്ള ഗില്ലിന് നിലവിൽ 10 രാജ്യാന്തര സെഞ്ചുറികളായി.
Adjust Story Font
16