Quantcast

2017 ലെ കണക്കു തീര്‍ക്കാന്‍ ഇന്ത്യ

ഐ.സി.സി ടൂര്‍ണമെന്‍റുകളുടെ ചരിത്രത്തില്‍ പാകിസ്താന് മേല്‍ ഇന്ത്യക്ക് വ്യക്തമായ മേധാവിത്വമാണുള്ളത്, എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്

MediaOne Logo

Web Desk

  • Published:

    18 Feb 2025 9:10 AM

2017 ലെ കണക്കു തീര്‍ക്കാന്‍ ഇന്ത്യ
X

എട്ട് വർഷങ്ങൾക്ക് മുമ്പാണ്. 2017 ജൂൺ 18. ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ അന്ന് ഇന്ത്യൻ ആരാധകരുടെ കണ്ണീര് വീണു. അതൊരു ചെറിയ തോൽവിയൊന്നുമായിരുന്നില്ല. 180 റൺസിന്റെ പടൂകൂറ്റൻ തോൽവി. ജസ്പ്രീത് ബുംറയും ബുവനേശ്വർ കുമാറും അശ്വിനും ജഡേജയും ഹർദികുമൊക്കെ അണിനിരക്കുന്ന ഇന്ത്യൻ ബോളിങ് നിരക്കെതിരെ ഫഖർ സമാന്റെ സെഞ്ച്വറിക്കരുത്തിൽ പാകിസ്താൻ അന്ന് അടിച്ചെടുത്തത് 338 റൺസ്.

യുവരാജ് സിങ്, എം.എസ് ധോണി, രോഹിത് ശർമ, വിരാട് കോഹ്ലി, ശിഖർ ധവാൻ അങ്ങനെയങ്ങനെ മറുപടിക്ക് ഇന്ത്യൻ ആവനാഴിയിൽ ആയുധങ്ങൾ ഒരുപാടുണ്ടായിരുന്നു. പക്ഷെ മുഹമ്മദ് ആമിർ ഓവലിൽ ദുരന്തം വിതച്ചു. രോഹിതും കോഹ്ലിയും ധവാനും ആമിറിന് മുന്നിൽ നിലംപൊത്തി. സ്‌കോർബോർഡിൽ 60 റൺസ് തെളിയും മുമ്പ് യുവരാജും ധോണിയുമടക്കം അഞ്ച് ബാറ്റർമാർ കൂടാരം കയറി.

അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യ നടത്തിയ ചെറുത്തുനിൽപ്പ് കൂടിയില്ലായിരുന്നെങ്കിൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വലിയൊരു ഹുമിലേഷനായി അവസാനിക്കേണ്ടതായിരുന്നു ആ കഥ. ഒടുവിൽ ഹസൻ അലിയും ആമിറും ചേർന്ന് പാകിസ്താന് ആദ്യ ചാമ്പ്യൻസ് ട്രോഫി കിരീടം സമ്മാനിച്ചു. ഐ.സി.സി ടൂർണമെന്റുകൾ പലതും പിന്നെയും കടന്ന് പോയി. പല വേദികളിലും പാകിസ്താൻ ഇന്ത്യക്ക് മുന്നിൽ തകർന്ന് തരിപ്പണമായി. പക്ഷെ ചാമ്പ്യൻസ് ട്രോഫിയിലെ മുറിവ് മാത്രം ചോരയുണങ്ങാതെ അവിടെത്തന്നെ അവശേഷിച്ചു.

ഏറ്റവുമൊടുവിൽ ടി20 ലോകകപ്പിലായിരുന്നു ക്രിക്കറ്റ് ചരിത്രത്തിലെ വിശ്വവിഖ്യാതമായ ആ പോരിന് അരങ്ങൊരുങ്ങിയത്. നസാഉ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ അന്ന് പാകിസ്താനെ തകർത്തത് ആറ് റൺസിന്. ഐ.സി.സി ടൂർണമെന്റുകളിൽ എക്കാലവും പാകിസ്താന് മേൽ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഏകദിന ലോകകപ്പിൽ ഒറ്റത്തവണയാണ് പാക് പടക്ക് മുന്നിൽ ഇന്ത്യ വീണു പോയത്. കളിച്ച 15 മത്സരങ്ങളിൽ 14ലും വെന്നിക്കൊടി പാറിച്ചു. ടി20 ലോകകപ്പുകളിൽ കളിച്ച എട്ട് മത്സരങ്ങളിൽ ഏഴിലും വിജയം. 2021 ൽ വഴങ്ങിയ പത്ത് വിക്കറ്റ് തോൽവിയാണ് കുട്ടി ക്രിക്കറ്റിന്റെ വിശ്വ വേദിയിൽ പാകിസ്താനെതിരെ ഇന്ത്യ വഴങ്ങിയ ഏക തോൽവി. ടി20 ലോകകപ്പ് പ്രഥമ എഡിഷനിൽ ഇന്ത്യ കിരീടം ചൂടിയത് തന്നെ കലാശപ്പോരിൽ പാകിസ്താനെ വീഴ്ത്തിയായിരുന്നു.

എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. 1998 ൽ ആരംഭിച്ച ടൂർണമെന്റിൽ അഞ്ച് തവണയാണ് ഇതുവരെ പാകിസ്താനും ഇന്ത്യയും നേർക്കുനേർ വന്നത്. അതിൽ മൂന്നിലും വിജയം പാകിസ്താനൊപ്പമായിരുന്നു. അവസാന എഡിഷനിലെ കലാശപ്പോരിലും പാക് സംഘത്തിന് മുന്നിൽ ഇന്ത്യക്ക് കാലിടറി. അതിന് ശേഷം ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് അരങ്ങേറുന്നത് എട്ട് വർഷങ്ങൾക്ക് ശേഷമാണ്.

കണക്കുകൾ തീർക്കാനുറച്ച് തന്നെയാണ് രോഹിതിന്റെയും സംഘത്തിന്റേയും വരവ്. 2017 ൽ ടീമിലുണ്ടായിരുന്ന നാല് താരങ്ങൾ ഇപ്പോഴും ഇന്ത്യൻ സംഘത്തിലുണ്ട്. രോഹിത് ശർമ, അന്നത്തെ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ. ഇവർക്ക് ഞായറാഴ്ച നടക്കുന്ന മത്സരം അക്ഷരാർത്ഥത്തിൽ മരണപ്പോര് തന്നെയായിരിക്കും.

ഇന്ത്യ പാക് മത്സരങ്ങൾ അരങ്ങേറുന്നതിന് മാസങ്ങൾക്ക് മുമ്പേ സ്റ്റേഡിയത്തിന് പുറത്താരംഭിക്കാറുള്ള രാഷ്ട്രീയ ചർച്ചകൾ ഇക്കുറി ഒരൽപം ഉച്ഛസ്ഥായിയിലാണ്. പാക് മണ്ണിൽ അരങ്ങേറുന്ന ടൂർണമെന്റിൽ കളിക്കാൻ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയെത്തില്ലെന്ന് നിലപാടറിയിച്ചതോടെ ഹൈ ബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്താൻ ഐ.സി.സി നിർബന്ധിതരായി. ഇതിൽ പാകിസ്താന് വലിയ അതൃപ്തിയുണ്ട്. അതവർ പരസ്യമാക്കുകയും ചെയ്തു.

മുൻ താരങ്ങളടക്കം ഇന്ത്യക്കെതിരെ രൂക്ഷവിമർശനമുയർത്തി രംഗത്തെത്തി. യു.എ.ഇയിലാണ് ടൂർണമെന്റിൽ ഇന്ത്യയുടെ മുഴുവൻ മത്സരങ്ങളും അരങ്ങേറുക. ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്താൽ കലാശപ്പോരിനും യു.എ.ഇ തന്നെ വേദിയാവും. ചാമ്പ്യൻസ് ട്രോഫി നടക്കുന്ന പാകിസ്താനിലെ വേദികളിൽ ഇന്ത്യൻ പതാക ഉയർത്താതിരുന്നതാണ് ഏറ്റവും ഒടുവിൽ അരങ്ങേറിയ വിവാദം. കറാച്ചി നാഷണൽ സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും ടൂർണമെൻറിൽ പങ്കെടുക്കുന്ന മറ്റു ടീമുകളുടെ പതാക ഉയർന്നപ്പോൾ ഇന്ത്യൻ പതാക മാത്രം ഉയർന്നില്ല. സംഭവത്തിൽ പാക് ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. ഇതോടെ കളത്തിന് പുറത്തെ ചർച്ചകൾ കൊഴുത്തു.

അതേ സമയം പാകിസ്താനെതിരായ മത്സരത്തിന് ഒരു പ്രത്യേകതയുമില്ലെന്നാണ് ഇന്ത്യൻ കോച്ച് ഗൌതം ഗംഭീറിൻറെ പക്ഷം. ടൂർണമെൻറിലെ എല്ലാ മത്സരങ്ങൾക്കും ഒരേ പ്രാധാന്യമാണ് നൽകുന്നതെന്ന് ഗംഭീർ പറയുമ്പോഴും ആരാധകർക്കത് അങ്ങനെയല്ല. ഫെബ്രുവരി 23 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലരങ്ങേറാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു തീർന്നത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ വൈറ്റ് വാഷ് നൽകിയ ഊർജത്തിലാണ് ഇന്ത്യൻ സംഘം ചാമ്പ്യൻസ് ട്രോഫിക്കെത്തുന്നത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ഫോം വീണ്ടെടുക്കുന്നതിൻറെ സൂചനകൾ നൽകിയത് ആരാധകർക്ക് ആശ്വസിക്കാൻ വകനൽകുന്നുണ്ട്. ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യറും അക്‌സർ പട്ടേലും ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ഫോമിലായിരുന്നു. കെ.എൽ രാഹുൽ ഒഴികെ ഇന്ത്യൻ മിഡിൽ ഓർഡറിനെ ചൊല്ലി ഗംഭീറിന് വലിയ ആശങ്കകളൊന്നുമുണ്ടാവില്ല.

ആധികൾ മുഴുവൻ ബോളിങ് ഡിപ്പാർട്ട്‌മെൻറിനെ ചൊല്ലിയാണ്. പരിക്കേറ്റ ജസ്പ്രീത് ബുംറ അവസാന നിമിഷം ടീമിൽ നിന്ന് പുറത്തായത് ഉണ്ടാക്കാനിരിക്കുന്ന ആഘാതമെത്രയാണെന്ന് കണ്ടറിയണം. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളറില്ലാതെയാണ് ഇന്ത്യ ഇറങ്ങുക എന്നത് സന്തോഷം പകരുക എതിരാളികൾക്കാകും. ഇന്ത്യ കിരീടം ചൂടിയ കഴിഞ്ഞ ടി 20 ലോകകപ്പിൽ ബാറ്റർമാർ പലപ്പോഴും അമ്പേ പരാജയമായപ്പോൾ കളിയിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത് ബുംറയെന്ന ഒറ്റപ്പേരാണ്. അന്ന് ടൂർണമെൻറിലെ താരവും അയാൾ തന്നെയായിരുന്നു. ബുംറ ഒഴിച്ചിട്ട വിടവ് നികത്താൻ മുഹമ്മദ് ഷമിക്കും അർഷദീപ് സിങ്ങിനും ഹർഷിത് റാണക്കും കഴിയുമോ. കാത്തിരുന്ന് കാണണം.

TAGS :

Next Story