മഴ ദൈവങ്ങള്‍ക്ക് നന്ദി... ബംഗ്ലാദേശിനെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട് ഇന്ത്യ
അവസാന പന്തുവരെ വിജയം മാറിമറിഞ്ഞ പോരാട്ടത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യന് വിജയം.
അഡലൈഡില്‍ ഇന്ത്യ വീണ്ടും പന്തെറിഞ്ഞപ്പോള്‍ ആരാധകര്‍ മഴദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞിട്ടുണ്ടാകണം. മഴമൂലം കളിയുപേക്ഷിക്കേണ്ടി വന്നിരുന്നെങ്കില്‍ ബംഗ്ലാദേശ് ജയിക്കുകയും ഇന്ത്യയുടെ സെമി സാധ്യത തുലാസിലാകുകയും ചെയ്തേനെ. എന്നാല്‍ മഴ മാറിനിന്ന് കളി പുനരാരംഭിച്ചപ്പോള്‍ കളി ഇന്ത്യക്ക് അനുകൂലമാകുകയായിരുന്നു. അവസാന പന്തുവരെ വിജയം മാറിമറിഞ്ഞ പോരാട്ടത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യന് വിജയം.
നേരത്തേ ബംഗ്ലാദേശ് ഇന്നിങ്‌സിൽ 7 ഓവർ പിന്നിട്ടപ്പോഴാണ് മഴയെത്തിയത്. മഴയെത്തുമ്പോള്‍ 59 റൺസുമായി ലിറ്റൺ ദാസും 7 റൺസുമായി നജ്മുലുമായിരുന്നു ക്രീസിൽ. മത്സരത്തിൽ മഴ കളിച്ചാൽ ക്രിക്കറ്റിലെ മഴ നിയമം അനുസരിച്ചായിരിക്കും മത്സരത്തിലെ ജേതാവിനെ നിശ്ചയിക്കുക. ഇന്ത്യ ഉയർത്തിയ 184 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് 7 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 66 റൺസ് എടുത്ത് നിൽക്കുമ്പോഴാണ് മഴയെത്തിയത്. ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 7 ഓവറിൽ ബംഗ്ലാദേശ് 49 റൺസ് എടുത്താൽ മതി. അതായത് ബംഗ്ലാദേശ് 17 റൺസിന് മുന്നിലായിരുന്നു.
എന്നാല്‍ വീണ്ടും കളിയാരംഭിച്ചതോടെ ഇന്ത്യക്ക് മത്സരം അനുകൂലമായി. വീണുകിട്ടിയ രണ്ടാം അവസരത്തില്‍ പിഴവ് വരുത്താതെ ഇന്ത്യന്‍ ബൌളര്‍ പന്തെറിഞ്ഞപ്പോള്‍ കളി തിരിഞ്ഞു. അര്‍ഷ്ദീപ് സിങും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി ഒരു വിക്കറ്റ് വീഴ്ത്തി. നൂറുല്‍ ഹസനും തസ്കിന്‍ അഹമ്മദും ചേര്‍ന്ന് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ലക്ഷ്യത്തിന് അഞ്ച് റണ്‍സകലെ ബംഗ്ലാ ഇന്നിങ്സ് അവസാനിച്ചു.
ജയത്തോടെ ഇന്ത്യ സെമിഫൈനല്‍ സാധ്യത സജീവമാക്കി. ഗ്രൂപ്പ് ബിയില്‍ നാല് കളികളില്‍ നിന്ന് ആറ് പോയിന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. അഞ്ച് പോയിന്‍റുള്ള സൌത്താഫ്രിക്ക രണ്ടാം സ്ഥാനത്തും തോല്‍വിയോടെ ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തുമാണ്.
Adjust Story Font
16