Quantcast

ഹസരങ്കയ്ക്ക് നാല് വിക്കറ്റ്; ഇന്ത്യയെ വരിഞ്ഞുകെട്ടി ലങ്ക

ടി20 പരമ്പരയിലെ നിർണായക മത്സരത്തിൽ നാല് വിക്കറ്റ് നേടിയ വാനിന്ദു ഹസരങ്കയുടെ കരുത്തിൽ ശ്രീലങ്ക ഇന്ത്യയെ എട്ടു വിക്കറ്റിന് 81 റൺസ് എന്ന ടോട്ടലില്‍ പിടിച്ചുകെട്ടി. മത്സരത്തില്‍ മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു

MediaOne Logo

Web Desk

  • Updated:

    2021-07-29 18:18:02.0

Published:

29 July 2021 4:51 PM GMT

ഹസരങ്കയ്ക്ക് നാല് വിക്കറ്റ്; ഇന്ത്യയെ വരിഞ്ഞുകെട്ടി ലങ്ക
X

നിർണായക ടി20 മത്സരത്തിൽ ശ്രീലങ്കൻ ലെഗ് സ്പിന്നർ വാനിന്ദു ഹസരങ്കയ്ക്കുമുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര. നാല് വിക്കറ്റ് നേടിയ ഹസരങ്കയുടെ നേതൃത്വത്തിൽ ശ്രീലങ്കൻ ബൗളർമാർ ഇന്ത്യയെ വരിഞ്ഞുമുറുക്കി. 120 പന്തിൽ 81 റൺസാണ് ലങ്കയുടെ വിജയലക്ഷ്യം.

കൊളംബോയിൽ ഒരിക്കൽ കൂടി ടോസ് ഭാഗ്യം തുണച്ച ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. ശ്രീലങ്കൻ നായകൻ ദാസുൻ ശാനകയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. ആദ്യ ഓവറിൽ തന്നെ ഇന്ത്യൻ നായകൻ ശിഖർ ധവാനെ ദുഷ്മന്ത ചമീറ പുറത്താക്കി. നേരിട്ട ആദ്യ പന്തിൽ തന്നെ സ്ലിപ്പിൽ അനായാസ ക്യാച്ച് നൽകി നായകൻ മടങ്ങി. പിന്നീടെത്തിയ ദേവ്ദത്ത് പടിക്കൽ ആക്രമണ മൂഡിലായിരുന്ന ഓപണർ ഋതുരാജ് ഗെയ്ക്ക്‌വാദിനൊപ്പം സ്‌കോർ പതുക്കെ പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. രമേശ് മെൻഡിസ് ദേവ്ദത്തിനെ വിക്കറ്റിനുമുന്നിൽ കുരുക്കി.

തുടർന്നങ്ങോട്ട് കൂട്ടത്തകർച്ചയായിരുന്നു. വന്നവരെല്ലാം വഴിക്കുവഴിക്ക് പവലിയനിലേക്കു മടങ്ങി. മലയാളി താരം സഞ്ജു സാംസൻ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. നേരിട്ട മൂന്നാം പന്തിൽ തന്നെ സഞ്ജുവിനെ വിക്കറ്റിനുമുന്നിൽ കുരുക്കി ഹസരങ്ക വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഒരു റൺസ് പോലും സ്വന്തം പേരിൽ കുറിക്കാതെയായിരുന്നു സഞ്ജുവിന്റെ മടക്കം. മികച്ച നിലയിൽ കളിച്ചുകൊണ്ടിരുന്ന ഗെയ്ക്ക്‌വാദി(14)നെയും പിന്നാലെ ഹസരങ്ക വിക്കറ്റിനുമുന്നിൽ കുരുക്കി.

തുടർന്ന് നിതീഷ് റാണയും ബുവനേശ്വർ കുമാറും ചേർന്ന് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും അതും അധികം നീണ്ടുനിന്നില്ല. നിതീഷ് റാണയെ സ്വന്തം ബൗളിൽ മികച്ചൊരു ക്യാച്ചിലൂടെ ലങ്കൻ നായകൻ പുറത്താക്കി. തുടർന്ന് ഒന്നിച്ച ബുവനേശ്വർ കുമാർ-കുൽദീപ് യാദവ് സഖ്യമാണ് ഇന്ത്യയെ വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. സ്‌കോർ 50 കടത്തിയതിനു പിന്നാലെ ഉപനായകൻ ബുവനേശ്വറും(16) മടങ്ങി. ഹസരങ്കയുടെ പന്തിൽ ശാനകയുടെ മറ്റൊരു മികച്ച ക്യാച്ച്. പിന്നാലെ രാഹുൽ ചഹാറും വരുൺ ചക്രവർത്തിയും കൂടാരം കയറി. ചേതൻ സക്കറിയയ്‌ക്കൊപ്പം അവസാന ഓവർ വരെ പിടിച്ചുനിന്ന കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ; 28 പന്തിൽ ബൗണ്ടറികളൊന്നുമില്ലാതെ 23 റൺസ്.

മത്സരത്തില്‍ മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു. സഞ്ജു, ദേവ്ദത്ത്, സന്ദീപ് എന്നിങ്ങനെ മൂന്നു മലയാളി താരങ്ങള്‍ ഒന്നിച്ചിറങ്ങിയ മത്സരമാണെന്ന പ്രത്യേകതയും ഇന്നത്തെ കളിക്കുണ്ട്.

നാല് ഓവറിൽ ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്താണ് വാനിന്ദു ഹസരങ്ക നാല് വിക്കറ്റ് പിഴുതത്. ദാസുൻ ശാനക രണ്ടു വിക്കറ്റും ദുഷ്മന്ത ചമീറ, രമേശ് മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

TAGS :

Next Story