ഇന്ത്യന്‍ ഹോക്കി ഇതിഹാസം കേശവ് ദത്ത് അന്തരിച്ചു
ഹോക്കിയിലെ ഇന്ത്യൻ സുവർണകാലത്തിന്റെ പ്രതിനിധിയാണ് കേശവ് ദത്ത്. ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടു സ്വർണ മെഡലുകള്‍ നേടിത്തന്ന ഹോക്കി ടീമിൽ അംഗമായിരുന്നു അദ്ദേഹം
ഇന്ത്യയ്ക്ക് ആദ്യമായി ഒളിംപിക്‌സ് സ്വർണം നേടിത്തന്ന ഹോക്കി സംഘത്തിലുണ്ടായിരുന്ന ഇതിഹാസതാരം കേശവ് ദത്ത് അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം.
ഹോക്കിയിലെ ഇന്ത്യൻ സുവർണകാലത്തിന്റെ പ്രതിനിധിയാണ് കേശവ് ദത്ത്. ഹോക്കിയിൽ ഇന്ത്യയ്ക്ക് രണ്ടുതവണ ഒളിംപിക്‌സ് സ്വർണ മെഡൽ നേടിത്തന്ന ഹോക്കി ടീമിൽ അംഗമായിരുന്നു അദ്ദേഹം. 1948ലെ ഒളിംപിക്‌സിലായിരുന്നു ഇന്ത്യൻ ഹോക്കി ടീമിന്റെ ആദ്യ മെഡൽനേട്ടം. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിൽ ആതിഥേയരായ ബ്രിട്ടനെ 4-0ത്തിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യൻ സംഘം സുവർണനേട്ടം സ്വന്തമാക്കിയത്. സ്വതന്ത്രാനന്തര ഇന്ത്യയുടെ ആദ്യ ഒളിംപിക്‌സ് സ്വർണ മെഡൽ നേട്ടം കൂടിയായിരുന്നു ഇത്.
1947ൽ കിഴക്കൻ ആഫ്രിക്കയിൽ പര്യടനം നടത്തിയ ധ്യാൻചന്ദിന്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിലും കേശവ് ദത്തുണ്ടായിരുന്നു. 1952ൽ ഹെൽസിങ്കിയിൽ നടന്ന ഒളിംപിക്‌സിൽ നെതർലൻഡ്‌സിനെ 6-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം രണ്ടാം ഒളിംപിക്‌സ് സ്വർണം സ്വന്തമാക്കിയത്.
1925 ഡിസംബർ 29ന് ലാഹോറിലാണ് കേശവ് ദത്തിന്റെ ജനനം. പടിഞ്ഞാറൻ പഞ്ചാബിലെ ഗവൺമെന്റ് കോളജിലായിരുന്നു വിദ്യാഭ്യാസവും കായിക പരിശീലനവും ആരംഭിച്ചത്. വിഭജനത്തിനുശേഷം മുംബൈയിലെത്തുകയും 1950ൽ കൊൽക്കത്തയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
1951-1953, 1957-1958 കാലഘട്ടങ്ങളിൽ മോഹൻ ബഗാൻ ഹോക്കി ടീമിനെ നയിച്ചു. മോഹൻ ബഗാൻ താരമായി ആറ് ഹോക്കി ലീഗുകളിൽ ജേതാക്കളായിട്ടുണ്ട്. 2019ൽ മോഹൻ ബഗാൻ രത്‌ന പുരസ്‌കാരം നേടി. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്‌ബോളിതര താരവുമായിരുന്നു അദ്ദേഹം.
കേശവ് ദത്തിന്റെ നിര്യാണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.
Adjust Story Font
16