കൊച്ചിയിൽ കണക്ക് തീർത്ത് ബ്ലാസ്റ്റേഴ്‌സ്; ബംഗളൂരുവിനെ 2-1 ന് തകർത്ത് മഞ്ഞപ്പട
കളിയിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍
കൊച്ചി: ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കഴിഞ്ഞ വര്‍ഷം ബാക്കി വച്ച ആ വലിയ കണക്ക് ബ്ലാസ്റ്റേഴ്സ് ഇക്കുറി കൊച്ചിയിലെ ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലിന് മുന്നില്‍ വച്ച് തീര്‍ത്തു. ഐ.എസ്.എൽ ആദ്യ പോരാട്ടത്തിൽ ചിരവൈരികളായ ബംഗളൂരു എഫ്.സി യെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്. അഡ്രിയാൻ ലൂണയുടെ ഗോളും കസിയ വീൻഡോർപ്പിന്റെ സെൽഫ് ഗോളുമാണ് മഞ്ഞപ്പടക്ക് വിജയം സമ്മാനിച്ചത്. പകരക്കാരനായിറങ്ങിയ കര്‍ട്ടിസ് മെയിനാണ് ബംഗളൂരുവിനായി ആശ്വാസ ഗോള്‍ നേടിയത്. കളിയിലെ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.
മഴ തിമിർത്തു പെയ്ത കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കളിയുടെ ആദ്യ പകുതി വിരസമായിരുന്നു. വിരലിലെണ്ണാവുന്ന മുന്നേറ്റങ്ങൾ മാത്രമാണ് ഇരുടീമുകളും നടത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഉണർന്നു കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് ആരാധകര്‍ കണ്ടത്.
ഇത് 52ാം മിനിറ്റിലെ ആദ്യ ഗോളില്‍ കലാശിച്ചു. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് ഗോൾമുഖത്ത് വച്ച് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബംഗളൂരു താരം കെസിയ വീൻഡോർപ്പിന്റെ തലയിൽ തട്ടി ബംഗളൂരു വലയിലേക്ക്. ഗോൾ വീണതിന് പിന്നാലെ വീൻഡോർപ്പിനെ ബംഗളൂരു കോച്ച് മൈതാനത്ത് നിന്ന് പിൻവലിച്ചു.
മത്സരത്തിന്റെ 69ാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന ആ ഗോളെത്തി. ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ദുവിന്റെ പിഴവ് മുതലെടുത്ത് കുതിച്ച അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം തവണ വലകുലുക്കി. കളിയുടെ അവസാന മിനിറ്റുകളിൽ ഗോള്‍ മടക്കാനുള്ള ബംഗളൂരുവിന്‍റെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. 90 ാം മിനിറ്റില്‍ വലകുലുക്കി കര്‍ട്ടിസ് മെയിന്‍ ബംഗളൂരുവിന് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് കൊമ്പന്മാരുടെ കോട്ട പൊളിക്കാന്‍ അവര്‍ക്കായില്ല.
കഴിഞ്ഞ സീസണിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വഴി മുടക്കിയവരാണ് ബംഗളൂരു. അതുകൊണ്ടു തന്നെ ഈ വിജയം ബ്ലാസ്റ്റേഴ്സിന് വലിയൊരു മധുരപ്രതികാരം കൂടിയാണ്. അന്ന് ക്ഷുഭിതനായി ടീമിനെ കളത്തിൽനിന്ന് കയറ്റിക്കൊണ്ടുപോയതിന്റെ ശിക്ഷയിലാണ് കേരളത്തിന്റെ ആശാൻ ഇവാൻ വുകുമനോവിച്ച്. ആദ്യ നാലു മത്സരങ്ങളിൽ കളത്തിനു പുറത്തുനിന്ന് തന്ത്രം മെനയാനേ കോച്ചിനാകൂ. കോച്ചിന്‍റെ അസാന്നിധ്യത്തിലും നേടിയ തകര്‍പ്പന്‍ ജയം വരും മത്സരങ്ങളില്‍ ടീമിന് ഊര്‍ജമാകും.
Adjust Story Font
16