Quantcast

സകായ്.... സച്ചിൻ.... ; സൂപ്പർ ബ്ലാസ്റ്റേഴ്‌സ്

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

MediaOne Logo

Web Desk

  • Updated:

    2023-11-04 19:08:02.0

Published:

4 Nov 2023 4:42 PM GMT

സകായ്.... സച്ചിൻ.... ; സൂപ്പർ ബ്ലാസ്റ്റേഴ്‌സ്
X

കൊല്‍ക്കത്ത: ദെയ്‌സുകേ സകായും ദിമിത്രി ഡയമന്റക്കോസും ഗോൾകീപ്പർ സച്ചിൻ സുരേഷും നിറഞ്ഞാടിയ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. സാൾട്ട് ലൈക്ക് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ലഭിച്ച നിർണ്ണായക പെനാൽട്ടി സേവ് ചെയ്ത് ഗോൾ കീപ്പർ സച്ചിൻ സുരേഷ് മഞ്ഞപ്പടയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ക്ലീറ്റൺ സിൽവയാണ് ഈസ്റ്റ് ബംഗാളിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സകായുടെ ഗോൾ പിറന്നത്. 36ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ ലിറ്റിൽ മജീഷ്യൻ അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ നിന്നാണ് സകായ് വലകുലുക്കിയത്. ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ സകായുടെ ആദ്യ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ ഗോൾമടക്കാനുള്ള ഈസ്റ്റ് ബംഗാളിന്‍റെ കൊണ്ടുപിടിച്ച ശ്രമങ്ങൾ 85ാം മിനിറ്റിൽ പെനാൽട്ടിയിൽ കലാശിച്ചു. പെനാല്‍ട്ടി ബോക്സില്‍ വച്ച് നാവോറം മഹേഷ് സിങ്ങിന്‍റെ മുന്നേറ്റം തടയാനുള്ള ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്‍റെ ശ്രമമാണ് പെനാല്‍ട്ടിക്ക് വഴിവച്ചത്. എന്നാല്‍ ക്ലീറ്റൺ സിൽവയെടുത്ത പെനാൽട്ടി സച്ചിൻ സുരേഷ് തകർപ്പൻ സേവിലൂടെ കൈപ്പിടിയിലൊതുക്കി. എന്നാല്‍ കിക്കെടുക്കും മുമ്പ് ഗോള്‍ കീപ്പര്‍ ലൈന്‍ കടന്ന് മുന്നോട്ട് വന്നു എന്നാരോപിച്ച് ഈസ്റ്റ് ബംഗാളിന് വീണ്ടും റഫറിയുടെ പെനാൽട്ടി ദാനം. പക്ഷെ ഇക്കുറിയും സച്ചിന്റെ മാന്ത്രികക്കൈ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കെത്തി.

മത്സരത്തിന്റെ 88 ാം മിനിറ്റിൽ ഡയമന്‍റക്കോസിന്‍റെ ഗോൾ പിറന്നു. ഈസ്റ്റ് ബംഗാള്‍ താരങ്ങളുടെ പിഴവ് മുതലെടുത്തായിരുന്നു ദിമിയുടെ ഗോള്‍. ഗോൾ നേടി മിനിറ്റുകള്‍ കഴിയും മുമ്പേ ചുവപ്പ് കാർഡ് കണ്ട് താരം പുറത്തായി. മത്സരം അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേ ഈസ്റ്റ് ബംഗാളിന് അനുകൂലമായി വീണ്ടും പെനാൽട്ടി. ഇക്കുറി സിൽവക്ക് പിഴച്ചില്ല. ഗോൾവല കുലുങ്ങി. എന്നാൽ ബംഗാളിന് ജയിക്കാൻ അത് പോരായിരുന്നു. ഒടുവിൽ റഫറിയുടെ ഫൈനൽ വിസിൽ. ഒപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ വെന്നിക്കൊടി. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ നാല് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമടക്കം 13 പോയിന്‍റാണ് മഞ്ഞപ്പടയുടെ സമ്പാദ്യം.

TAGS :

Next Story