Quantcast

'നിങ്ങൾക്കിത് 400 കോടിയുടെ ബിസിനസ് ആയിരിക്കും'; ഗോയങ്കക്ക് സെവാഗിന്‍റെ രൂക്ഷവിമര്‍ശനം

'കളിക്കാരോട് നിങ്ങൾ ഇത്തരത്തിലാണ് പെരുമാറാൻ തീരുമാനിച്ചിട്ടുള്ളത് എങ്കിൽ അവര്‍ മറ്റു ഫ്രാഞ്ചസികളെ കുറിച്ച് ആലോചിക്കും'

MediaOne Logo

Sports Desk

  • Updated:

    2024-05-13 13:01:15.0

Published:

13 May 2024 12:18 PM GMT

sanjiv goenka
X

ദിവസങ്ങൾക്ക് മുമ്പാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ കെ.എൽ രാഹുലിനെ ടീമുടമ സഞ്ജീവ് ഗോയങ്ക മൈതാനത്ത് വച്ച് രൂക്ഷമായി ശകാരിക്കുന്നൊരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായത്. സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമായിരുന്നു ആരാധകരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ലഖ്‌നൗ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം വെറും 9.4 ഓവറിലാണ് ഹൈദരാബാദ് മറികടന്നത്. അഭിഷേക് ശർമയുടേയും ട്രാവിസ് ഹെഡ്ഡിന്റേയും മിന്നും പ്രകടനങ്ങളാണ് ഹൈദരാബാദിന് തകർപ്പൻ ജയം സമ്മാനിച്ചത്. മത്സരത്തില്‍ സർവ മേഖലകളിലും പിഴച്ച ലഖ്‌നൗ നായകൻ രാഹുലിനെ മൈതാനത്ത് ടീമുടമ ഗോയങ്ക നിർത്തിപ്പൊരിക്കുന്ന കാഴ്ചയാണ് പിന്നീട് ആരാധകര്‍ കണ്ടത്.

വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഗോയങ്കക്കെതിരെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. മൈതാനത്ത് വച്ചല്ല ഇത് ചെയ്യേണ്ടത് എന്നും രാഹുലിനെതിരായ ശകാരം അതിരുവിട്ടെന്നുമൊക്കെ പോയി വിമര്‍ശനങ്ങള്‍.

ഇപ്പോഴിതാ ഗോയങ്കയെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ടീമുടമകൾ താരങ്ങളെ നിരുത്സാഹപ്പെടുത്തുകയല്ല വേണ്ടത് എന്നും അവരെ പ്രചോദിപ്പിക്കുന്ന വർത്തമാനങ്ങളാണ് പറയേണ്ടതെന്നും സെവാഗ് പറഞ്ഞു.

'ടീമിൽ ഉടമയുടെ റോൾ കളിക്കാരെ പ്രചോദിപ്പിക്കല്‍ മാത്രമാണ്. വീണു പോവുമ്പോഴൊക്കെ അവർക്ക് താങ്ങാവുകയാണ് വേണ്ടത്. ടീമുടമ ഗ്രൗണ്ടിലേക്കിറങ്ങി വന്ന് ഒരു താരത്തിനെതിരെ ചോദ്യമുയർത്തുന്നു. ഇത് ഒട്ടും ശരിയല്ല. കോച്ചും മറ്റ് സ്റ്റാഫുകളുമൊക്കെ അവരുടെ കളിയിൽ ഇടപെടട്ടേ. ഉടമകൾ കളിയിൽ ഇടപെടാതിരിക്കുക. ബിസിനസുകാരായ ഇക്കൂട്ടർക്ക് ലാഭ നഷ്ടക്കണക്കുകൾ മാത്രമേ അറിയൂ. നിങ്ങൾ 400 കോടി ലാഭം നേടുന്നു. ഇതല്ലാതെ നിങ്ങൾക്കിതിൽ മറ്റെന്താണ് കാര്യം. കളിക്കാരോട് നിങ്ങൾ ഇത്തരത്തിലാണ് പെരുമാറാൻ തീരുമാനിച്ചിട്ടുള്ളത് എങ്കിൽ അവര്‍ മറ്റു ഫ്രാഞ്ചസികളെ കുറിച്ച് ആലോചിക്കും. താൻ ഈ ടീം വിട്ടാൽ മറ്റൊരു ടീം തന്നെ ഉറപ്പായും എടുക്കുമെന്ന് അവർക്ക് ബോധ്യമുണ്ട്. നിങ്ങളൊരു കളിക്കാരനെ നഷ്ടപ്പെടുത്തിയാൽ നിങ്ങളുടെ വിജയ സാധ്യതകൾ വീണ്ടും അടയുകയാണ് എന്നോര്‍ക്കണം. ഞാൻ പഞ്ചാബ് വിടുമ്പോൾ അവർ അഞ്ചാം സ്ഥാനത്തായിരുന്നു. പിന്നെയൊരിക്കൽ പോലും അവർ അഞ്ചാം സ്ഥാനത്തെത്തിയിട്ടില്ല''- സെവാഗ് പറഞ്ഞു

TAGS :

Next Story