വനിതാ ലീഗിലെ റെക്കോര്‍ഡ് മാര്‍ജിന്‍; 14 ഗോളടിച്ച് ഗോകുലം
ഇന്ത്യൻ വനിതാ ലീഗിന്‍റെ ഫൈനല്‍ റൌണ്ട് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ നേട്ടം ആണ് ഗോകുലം സ്വന്തമാക്കിയത്
ഇന്ത്യൻ വനിതാ ലീഗിൽ റെക്കോര്‍ഡ് വിജയവുമായി മലബാറിയന്‍സ്. കഹാനി എഫ്.സിക്കെതിരെ അഹമ്മദാബാദ് ഷഹീബാഗ് സ്റ്റേഡിയത്തില്‍ വെച്ചുനടന്ന മത്സരത്തില്‍ 14-1നായിരുന്നു ഗോകുലത്തിന്‍റെ വിജയം. അവസാന മത്സരത്തിൽ മിസാക യുണൈറ്റഡിനോട് സമനില വഴങ്ങിയതിന്‍റെ എല്ലാ നിരാശയും അഹമ്മദാബാദില്‍ ഗോള്‍ മഴ തന്നെ പെയ്യിച്ച് ഗോകുലത്തിന്‍റെ വനിതകള്‍ തീര്‍ത്തു.
ഇന്ത്യൻ വനിതാ ലീഗിന്‍റെ ഫൈനല്‍ റൌണ്ട് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ നേട്ടം ആണ് ഗോകുലം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഒഡീഷ പൊലീസ് ടീമിനെ 12-0ത്തിന് ഗോകുലം കീഴടക്കിയിരുന്നു.
2017ല്‍ ബറോഡ ഫുട്ബോള്‍ അക്കാദമിയെ 16-0ത്തിന് പരാജയപ്പെടുത്തിയ സേതു എഫ്.സിയാണ് വനിതാ ലീഗിലെ ഏറ്റവും വലിയ ഗോള്‍ മാര്‍ജിന്‍ സ്വന്തമാക്കിയ ടീം. ഇതുപക്ഷേ ക്വാളിഫയര്‍ റൌണ്ട് ആയിരുന്നു. അതുകൊണ്ട് തന്നെ ഫൈനല്‍ റൌണ്ടിലെ ഗോകുലത്തിന്‍റെ റെക്കോര്‍ഡ് ആകും നിലനില്‍ക്കുക.
ഗോകുലം കേരളക്ക് വേണ്ടി സന്ധ്യ അഞ്ചു ഗോളുകളും സബിത്ര നാലു ഗോളുകളും നേടി. ഇന്ധുമതി രണ്ട് ഗോള്‍ നേടിയപ്പോള്‍ ഒരോ ഗോളുമായി ആശ, വിവിയൻ, ഷിൽകി എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. അഞ്ച് ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 13 പോയിന്‍റില്‍ ഗോകും കേരള ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ഇതിനോടകം 34 ഗോളുകളും ഗോകുലം സ്കോര്‍ ചെയ്തുകഴിഞ്ഞു. ഗോകുലത്തിന്‍റെ അടുത്ത മത്സരം മെയ് 9ന് മാതാ രുക്മണി ക്ലബിനെതിരെയാണ്.
Adjust Story Font
16