Quantcast

വഴിമാറുന്നത് 35 വര്‍ഷത്തെ ചരിത്രം; ഇന്ത്യയെ നയിക്കാന്‍ ജസ്പ്രീത് ബുമ്ര

ഇംഗ്ലണ്ടിനെതിരായി എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കും. ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പദവിയില്‍ എത്തുന്ന ആദ്യ പേസ് ബൗളറാണ് ജസ്പ്രീത് ബുമ്ര

MediaOne Logo

Web Desk

  • Updated:

    2022-06-29 12:31:40.0

Published:

29 Jun 2022 12:19 PM GMT

വഴിമാറുന്നത് 35 വര്‍ഷത്തെ ചരിത്രം; ഇന്ത്യയെ നയിക്കാന്‍ ജസ്പ്രീത് ബുമ്ര
X

നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ ഒരു പേസ് ബൌളര്‍ക്ക് നറുക്ക് വീണിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായി എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കോവിഡ് മുക്തനാകാത്തതിനെത്തുടര്‍ന്നാണ് ബുമ്രക്ക് ക്യാപ്റ്റന്‍സിയിലേക്ക് നറുക്ക് വീഴുന്നത്.

ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പദവിയില്‍ എത്തുന്ന ആദ്യ പേസ് ബൗളറാണ് ജസ്പ്രീത് ബുമ്ര

1987 ന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ഇലവന്‍റെ നായകനാകാന്‍ ഒരു പേസ് ബൗളർക്കും ഇതുവരെ അവസരം കിട്ടിയിട്ടില്ല. അവിടെയാണ് ബുമ്ര ചരിത്രനേട്ടം സ്വന്തമാക്കിയത്. രോഹിതിന്‍റെ പകരക്കാരനാകേണ്ടിയിരുന്ന വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും പരിക്കേറ്റ് ടീമിന് പുറത്തായതോടെയാണ് ബുമ്രക്ക് ക്യാപ്റ്റന്‍ ക്യാപ് ലഭിക്കുന്നത്.

താരതമ്യേന കുറഞ്ഞ കാലയളവിൽ തനിക്ക് പരീക്ഷിക്കേണ്ടി വന്ന വ്യത്യസ്ത ക്യാപ്റ്റന്മാരുടെ എണ്ണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പരിശീലകന്‍ രാഹുൽ ദ്രാവിഡ് സൂചിപ്പിച്ചിരുന്നു. ഈ പട്ടികയിലേക്കാണ് ഇനി ബുമ്ര കൂടി എത്തുക. നേരത്തെ രോഹിത് ശർമ്മ പരിക്കുമൂലം പുറത്തിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കെ.എല്‍ രാഹുലാണ് ടീമിനെ നയിച്ചത്. വൈസ് ക്യാപ്റ്റനായി ബുമ്രയും.

ഫാസ്റ്റ് ബൗളർമാരെ സ്വതവേ നായകസ്ഥാനത്തേക്ക് പരിഗണിക്കാറില്ലാത്ത ഇന്ത്യന്‍ ടീമില്‍ ഇതൊരു പുതുചരിത്രമാണ്. നേരത്തെ അനില്‍ കുംബ്ലെ ഇന്ത്യയെ നയിച്ചിരുന്നുവെങ്കിലും അദ്ദേഹം സ്പിന്നറായിരുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ പേസ് ബോളര്‍മാര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അങ്ങനെയൊരു അവസരം ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ പേസര്‍ക്ക് ലഭിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരം ജൂലൈ ഒന്നിന് ബര്‍മ്മിംഗ്ഹാമില്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ചുമത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1 ന് മുന്നിലാണ്. അഞ്ചാം മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമംഗങ്ങള്‍ കോവിഡ് ബാധിതരായതോടെ അവസാന ടെസ്റ്റ് നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് പകരം മായങ്ക് അഗര്‍വാളിനെ അവസാന ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story