Quantcast

ജോൺടി റോഡ്‌സ്; ക്രിക്കറ്റിലെ പറക്കും ഫീൽഡർ

1997-ൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന മത്സരത്തിനിടെയാണ് ജോൺടി റോഡ്‌സിൻ്റെ മൈതാനത്തിലെ അവിസ്മരണീയമായ ഫീൽഡിംഗ് നിമിഷങ്ങളിലൊന്ന്

MediaOne Logo
ജോൺടി റോഡ്‌സ്; ക്രിക്കറ്റിലെ പറക്കും ഫീൽഡർ
X

1992 ലെ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലാണ് അദ്ദേഹം ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ലോകകപ്പ് തന്നെ അരങ്ങേറ്റ മത്സരമായി ലഭിക്കുന്നത് ഒരു ക്രിക്കറ്റ്‌ കളിക്കാരന്റെ ജീവിതത്തിലെ പൊൻതൂവൽ ആണ്. 1992 ലോകകപ്പിലെ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ സൗത്ത് ആഫ്രിക്ക 7 വിക്കറ്റിന് 211 റൺസ് എടുക്കുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ ബാറ്റിംഗ് 21ആം ഓവറിൽ 74/2 എന്ന നിലയിൽ മഴ തടസപ്പെടുത്തുന്നു.മഴ നിയമപ്രകാരം 36 ഓവറിൽ 194 ആയി ടാർഗറ്റ് ചുരുക്കുന്നു.

31ആം ഓവർ ആയപ്പോൾ 60 റൺസിന് അടുത്ത് വേണം ജയിക്കാൻ. 135 റൺസിന് 2 വിക്കറ്റ് എന്നനിലയയിൽ നിൽക്കുമ്പോൾ, ബ്രയാൻ മക്മില്ലൻ്റെ ഒരു പന്ത് ഇൻസമാമിന്റെ പാഡിൽ കൊണ്ടു. ലെഗ് ബിഫോർ വിക്കറ്റിനായി അപ്പീൽ ചെയ്ത മാക്മില്ലന്റെ അപ്പീൽ അമ്പയർ തള്ളി. റൺസ് അധികം വേണ്ട സമയം ആയതുകൊണ്ട് ഒരു ലെഗ് ബൈ റൺസിനായി ഇൻസമം ഓടുന്നു.

എന്നാൽ നോൺ-സ്ട്രൈക്ക് എൻഡിൽ ഉള്ള ക്യാപ്റ്റൻ ഇമ്രാൻ ഖാൻ ആ റൺസ് വേണ്ട എന്ന രീതിയിൽ ആംഗ്യം കാണിക്കുന്നു. പകുതി ഓടിയ ഇൻസമാം തിരികെ ക്രീസിലേക്ക് തിരിച്ചു കയറാൻ എടുത്ത സമയം കൊണ്ട് ഇൻസമാമിനെ ഒരാൾ സ്റ്റമ്പിലേക്കു പറന്ന് വന്നു അന്തരീഷത്തിൽ വെച്ച് ബോൾ സ്റ്റമ്പിൽ മുട്ടിച്ച് റൺ ഔട്ട്‌ ആകുന്നു. മികച്ച ഫോമിൽ 46 റൺസിൽ നിന്നപ്പോൾ ഇൻസമാം റൺ ഔട്ട്‌ ആകുന്നു. പാകിസ്ഥാൻ ക്യാമ്പിൽ എങ്ങും നിരാശ പടരുന്നു.

ഇൻസമാം പോയ പാകിസ്ഥാന്റെ അടിപതറുന്നു. തുടർന്ന് വന്ന ബാറ്റ്സ്മാൻമാർ പെട്ടന്ന് പുറത്തായി 173/8 എന്ന നിലയിൽ പാകിസ്ഥാൻ ഇന്നിങ്സ് അവസാനിക്കുന്നു. സൗത്ത് ആഫ്രിക്ക 20 റൺസിന് മഴ നിയമപ്രകാരം വിജയിക്കുന്നു. ഒരു റൺ ഔട്ട്‌ ഒരു മത്സരത്തിന്റെ ഗതി മാറ്റുന്നു. ഇന്റർനാഷണൽ ക്രിക്കറ്റ്‌ കണ്ട ഇന്നോളം ഉള്ള ഏറ്റവും മികച്ച പകരം വയ്ക്കാൻ ഇല്ലാത്ത റൺ ഔട്ട്‌ ആയിരുന്നു അത്.


1993 ലെ ഹീറോ കപ്പിലെ സൗത്ത് ആഫ്രിക്ക, വെസ്റ്റിൻഡിസ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് സൗത്ത് ആഫ്രിക്ക 40 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ് ഇറങ്ങിയ വെസ്റ്റിൻഡിസ് ജോണ്ടി റോഡ്‌സിന്റെ മികച്ച ഫീൽഡിങ്ങിലും 5 ക്യാച്ച് പ്രകടനത്തിലും തകർന്ന് വീണ് 37 ഓവറിൽ 139 റൺസിന് എല്ലാവരും പുറത്തായി 41 റൺസിന്റെ പരാജയം ഏറ്റ് വാങ്ങിയിരുന്നു. ആ മത്സരത്തിൽ റോഡ്‌സിന്റെ പകരം വെക്കാൻ ഇല്ലാത്ത ഒരു മികച്ച ഫീൽഡിങ് പ്രകടനം കാണാൻ കഴിയുമായിരുന്നു.ഇതിഹാസ ബാറ്റ്‌സ്മാൻ ബ്രയാൻ ലാറ, ദേശ്മണ്ട് ഹൈനസ്, ഫിൽ സൈമൺസ്, ജിമ്മി ആഡമ്സ്, ആൻഡേഴ്സൺ കമ്മിൻസ് എന്നീ 5 താരങ്ങളുടെ ക്യാച്ച് എടുത്ത റോഡ്സിനെ ലോകം ശ്രദ്ധിച്ചിരുന്നു.

1997-ൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന മത്സരത്തിനിടെയാണ് ജോൺടി റോഡ്‌സിൻ്റെ മൈതാനത്തിലെ അവിസ്മരണീയമായ ഫീൽഡിംഗ് നിമിഷങ്ങളിലൊന്ന്. മികച്ച ഓഫ് സൈഡ് സ്ട്രോക്കുകൾക്ക് പേരുകേട്ട സച്ചിൻ ടെണ്ടുൽക്കർ, ഒരു വൈഡ് ഡെലിവറി ആയി തോന്നിയ ആ ബോൾ പോയിന്റിലൂടെ ശക്തമായി അടിച്ചു. ഒരു ബൗണ്ടറി എന്നുറപ്പിച്ച നിമിഷം, പക്ഷേ ഒരു പറവ പോലെ റോഡ്സ് ഇടത്തേക്ക് ഡൈവ് ചെയ്തു, നിലത്തിന് ഏതാണ്ട് സമാന്തരമായി, രണ്ട് കൈകളും തലയ്ക്ക് മുകളിൽ നീട്ടി പന്ത് വായുവിൽ നിന്ന് റോഡ്സ് പിടിച്ചെടുത്തു.. അവിശ്വസനീയമായ ക്യാച്ചിൽ അമ്പരന്ന സച്ചിന് പവലിയനിലേക്ക് മടങ്ങേണ്ടിവന്നു, റോഡ്‌സിന്റെ ഫീൽഡിംഗ് മികവിൽ ഇന്ത്യ തന്നെ അമ്പരന്നു.

2002 ലെ സൗത്ത് ആഫ്രിക്ക -ഓസ്ട്രേലിയ പരമ്പരയ്ക്കിടെ നടന്ന ഒരു മത്സരത്തിൽ, ആക്രമണാത്മക ബാറ്റിംഗിന് പേരുകേട്ട മാത്യു ഹെയ്ഡൻ തൻ്റെ ശക്തമായ സ്‌ട്രോക്കുകൾ കൊണ്ട് ബൗളർമാരെ പ്രഹരിക്കുകയായിരുന്നു. ജോൺടി റോഡ്‌സിൻ്റെ ഒരു അസാധാരണ ക്യാച്ചിൽ അദ്ദേഹത്തിൻ്റെ ഇന്നിംഗ്‌സ് അവസാനിച്ചു. ബൗണ്ടറിയിലേക്ക് കുതിക്കുമെന്ന് പ്രതീക്ഷിച്ച കാലിസിന്റെ വൈഡ് പോലെ തോന്നിക്കുന്ന ഒരു ബോൾ പോയിൻ്റിലേക്ക് ഹെയ്ഡൻ തകർത്തടിച്ചു. എന്നാൽ അവിശ്വസനീയമായ കായികക്ഷമതയോടെ, റോഡ്‌സ് തൻ്റെ വലത്തേക്ക് കുതിച്ചു, ഒരു കൈകൊണ്ട് പന്ത് വായുവിൽ നിന്ന് പിടിച്ചെടുത്തു. കളിയിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് തന്നെ പിന്തള്ളിയത് എന്ന് സമ്മതിച്ച് ഹെയ്ഡന് പവലിയനിലേക്ക് തിരിച്ചു നടക്കേണ്ടി വന്നു.


2002-ൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന അതേ മത്സരത്തിൽ, ഏകദിനത്തിലെ തൻ്റെ 100-ാം ക്യാച്ച് എടുത്ത് ജോൺടി റോഡ്‌സ് ശ്രദ്ധേയമായി മഖായ എൻടിനിയുടെ ഒരു ബോൾ ഡാമിയൻ മാർട്ടിൻ പോയിൻ്റ് റീജിയനിലൂടെ അടിക്കാൻ ശ്രമിച്ചു, എന്നാൽ മിന്നൽ വേഗത്തിൽ റോഡ്സ് വലതുവശത്തേക്ക് ചാടി പോയി പന്ത് ക്യാച്ചെടുത്തു.റോഡ്‌സിന്റെ അസാധാരണ ക്യാച്ചിൽ ഓസ്ട്രേലിയൻ ആരാധകർ ഞെട്ടി തരിച്ചു.

245 ഏകദിന മത്സരങ്ങളിൽ നിന്ന് 5935 റൺസും 105 ക്യാച്ചുകളും,52 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്ന് 2532 റൺസും 34 ക്യാച്ചും നേടിയ റോഡ്സ് നിരവധി റൺ ഔട്ടുകളിലൂടെയും, റൺസ് സേവിങ്ങിലൂടെയും ലോകം കണ്ട എക്കാലത്തെയും മികച്ച ഫീൽഡറായി മാറി. ലോക ക്രിക്കറ്റിൽ പകരം വെക്കാനില്ലാത്ത ഫീൽഡർ.അദ്ദേഹത്തെ പറക്കും ഫീൽഡർ എന്ന് ക്രിക്കറ്റ്‌ ലോകം വിളിച്ചു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ബാറ്റിംഗിൽ സച്ചിൻ തെണ്ടുൽക്കറും,ബൗളിങ്ങിൽ മുത്തയ്യ മുരളീധരനും കീപ്പിങ്ങിൽ മാർക്ക് ബൗച്ചറും ആയിരുന്നു ലോകം കണ്ട മികച്ചവരെങ്കിൽ ഫീൽഡിങ്ങിൽ അത് ആ 8 ആം നമ്പർ ജേഴ്‌സിക്കാരൻ ജോണ്ടി റോഡ്സ് ആയിരുന്നു.

TAGS :

Next Story