Quantcast

'കോഹ്ലിയെ ഓപ്പണിങ് ഇറങ്ങി ആറാടാൻ അനുവദിക്കണം'- പാർഥിവ് പട്ടേൽ

'170 സ്‌ട്രൈക്ക് റേറ്റിൽ അനായാസമായി കളിക്കുവാൻ കഴിയുന്ന താരമാണ് വിരാട്'

MediaOne Logo

Web Desk

  • Published:

    8 Aug 2022 2:33 PM GMT

കോഹ്ലിയെ ഓപ്പണിങ് ഇറങ്ങി ആറാടാൻ അനുവദിക്കണം- പാർഥിവ് പട്ടേൽ
X

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഫോം ഇല്ലായ്മ കുറച്ചു നാളുകളായി ഇന്ത്യൻ ടീമിനെ വലയ്ക്കുന്ന പ്രശ്‌നമാണ്. വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പാർഥിവ് പട്ടേൽ. നിലവിൽ മൂന്നാമനായോ അതിന് ശേഷമോ ബാറ്റിങിന് ഇറങ്ങുന്ന വിരാട് രോഹിത്തിനൊപ്പം ട്വന്‍റി-ട്വന്‍റിയില്‍ ഇന്നിങ്‌സ് ഓപ്പൺ ചെയ്യണമെന്നാണ് പാർഥിവിന്റെ അഭിപ്രായം. ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ പാർഥിവിന്റെ വാക്കുകൾ ഇങ്ങനെ '

'വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഓപ്പൺ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. കോഹ്ലി ഓപ്പൺ ചെയ്താൽ അയാൾക്ക് സ്വന്തം പ്രകടനത്തെ അഴിച്ചുവിടാൻ കഴിയും. അവൻ ഒരു ഇടവേള എടുത്തിരിക്കുന്നു, പക്ഷേ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയിൽ കഴിവിന് ഒരു കുറവും ഇല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം.'- പാർഥിവ് പറഞ്ഞു.

' ഓപ്പണിങ് ഇറങ്ങിയാൽ പൂജ്യത്തിൽ നിന്നാണ് തുടങ്ങുന്നത്. പക്ഷേ മൂന്നാമനായി ഇറങ്ങിയാൽ ആദ്യ വിക്കറ്റ് നഷ്ടമായതിന്റെ സമ്മർദം അദ്ദേഹത്തിന് മുകളിലുണ്ടാകും. 170 സ്‌ട്രൈക്ക് റേറ്റിൽ അനായാസമായി കളിക്കുവാൻ കഴിയുന്ന താരമാണ് വിരാട്'- പാർഥിവ് പട്ടേൽ അഭിപ്രായപ്പെട്ടു.

നേരത്തെ കോഹ്ലിക്കും രോഹിത്തിനും പിന്തുണയുമായി ശിഖർ ധവാനും രംഗത്ത് വന്നിരുന്നു.

താരങ്ങൾക്ക് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോഹ്ലി നിലവിൽ വിശ്രമത്തിലാണ്. രോഹിത്തും ചില പരമ്പരകളിൽ നിന്ന് മാറി നിന്നിരുന്നു.

ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ ധവാൻ പറഞ്ഞത് ഇങ്ങനെ:

'ഒരു കളിക്കാരൻ മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ അവർ എപ്പോഴും ഫ്രഷായിരിക്കണം. തുടർച്ചയായി മത്സരങ്ങൾ താരങ്ങളെ മാനസികമായി ക്ഷീണിതരാക്കും. അതുകൊണ്ട് ശാരീരികമായും മാനസികമായും വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ താരങ്ങൾക്ക് വിശ്രമം ലഭിക്കണമെങ്കിൽ റൊട്ടേഷൻ അനിവാര്യമാണ്. എല്ലായിടത്തേക്കും യാത്ര ചെയ്താൽ താരങ്ങളും തളരും, കാരണം അവരും മനുഷ്യരാണ്, വിശ്രമം അത്യാവശ്യമാണ്. ടീം മാനേജ്മെന്റുകൾ താരങ്ങൾക്ക് കൃത്യമായ വിശ്രമം നൽകി ടീം സെലക്ട് ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്'

ഈ വർഷം ആദ്യം ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിൽ കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. കൂടാതെ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 ഐയും കോഹ്ലിക്ക് നഷ്ടമായിരുന്നു. 2022 ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റന് വിശ്രമം അനുവദിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തിരിച്ചെത്തിയെങ്കിലും ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ വിശ്രമം അനുവദിച്ചു. സിംബാബ്വെ പര്യടനത്തിലും കോഹ്ലി ഉണ്ടാകില്ല.

പരിക്കുമൂലം ചില പരമ്പരകൾ നഷ്ടമായത് കൂടാതെ രോഹിത്തിന് മതിയായ വിശ്രമവും നൽകിയിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റന് വർഷത്തിന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കൻ പര്യടനം പൂർണമായി നഷ്ടപ്പെടുത്തേണ്ടി വന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലും രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. രോഹിതിന്റെ അഭാവത്തിൽ ധവാനാണ് സിംബാബ്വെയിൽ ഇന്ത്യൻ ടീമിനെ നയിക്കുക.

2022 ഏഷ്യ കപ്പിൽ രണ്ടു താരങ്ങളും ടീമിൽ ശക്തരായി തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

TAGS :

Next Story