Quantcast

'കളിക്കളം-2024' കായികമേളയ്ക്കു തിരുവനന്തപുരത്ത് വര്‍ണാഭമായ തുടക്കം

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തിലധികം കായികപ്രതിഭകളാണു 'കളിക്കളം 2024'ൽ മാറ്റുരയ്ക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 Oct 2024 7:04 AM GMT

The 7th state level sports festival Kalikkalam-2024 organized by the Scheduled Tribes Development Department was flagged off
X

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാനതല കായികമേള 'കളിക്കളം-2024'ന് കൊടിയേറി. തിരുവനന്തപുരം കാര്യവട്ടം എൽഎൻസിപിഇ സ്റ്റേഡിയത്തിൽ നടക്കുന്ന കായികമേള മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. വിവിധ ടിഡിഒകളിലെ കുട്ടികൾ വിശിഷ്ടാതിഥികൾക്ക് അഭിവാദ്യമർപ്പിക്കുന്ന മാർച്ച് പാസ്റ്റ് ഉദ്ഘാടനചടങ്ങിന് മുന്നോടിയായി നടന്നു. തുടർന്ന് മന്ത്രി പതാക ഉയർത്തി കായികമേളയ്ക്ക് ഔദ്യോഗികമായി തുടക്കമിട്ടു.

തദ്ദേശീയ ജനവിഭാഗത്തിലെ വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ കായികമേള വലിയ പങ്കുവഹിക്കുമെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു. തദ്ദേശീയ ജനവിഭാഗത്തിൽനിന്ന് സംസ്ഥാനത്തെയും രാജ്യത്തെയും ഏറ്റവും മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കാനും ഇതു വഴിതുറക്കുമെന്നും മന്ത്രി പറഞ്ഞു. പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളിലെ കലാകായിക വാസനകൾ മെച്ചപ്പെടുത്തുന്നതിനായി സർഗോത്സവം എന്ന കലാപരിപാടിയും വകുപ്പ് നടത്താനൊരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഉദ്ഘാടന ശേഷം മുൻ കളിക്കളം ജേതാക്കൾ അണിനിരന്ന ദീപശിഖാ പ്രയാണവും വിദ്യാർഥികൾ ചേർന്നുള്ള ഫ്‌ളാഷ് മോബും നടന്നു. 'കളിയാണ് ലഹരി' എന്ന പ്രമേയത്തിലായിരുന്നു ഫ്‌ളാഷ് മോബ്. മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കെ.വി ധനേഷ് വിദ്യാർഥികൾക്ക് കായികപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 118 പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തിലധികം കായിക പ്രതിഭകൾ 'കളിക്കളം 2024'ൽ മാറ്റുരയ്ക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ നൂറിലധികം ഇനങ്ങളിലായാണു മത്സരങ്ങൾ നടക്കുന്നത്.

Summary: The 7th state level sports festival 'Kalikkalam-2024' organized by the Scheduled Tribes Development Department was flagged off

TAGS :

Next Story