Quantcast

'അവരെ പുറത്താക്കിയത് നന്നായി'; ഇഷാനും അയ്യര്‍ക്കുമെതിരായ ബി.സി.സി.ഐ നടപടി സ്വാഗതം ചെയ്ത് കപില്‍ ദേവ്

''ഇന്ത്യൻ ടീമിൽ ഇടംപിടിക്കുന്നതോടെ പലരും ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കുന്നുണ്ട്. ഇതെന്നെ ഏറെ വേദനിപ്പിക്കുന്നു''

MediaOne Logo

Web Desk

  • Updated:

    2024-03-03 15:39:04.0

Published:

3 March 2024 3:21 PM GMT

അവരെ പുറത്താക്കിയത് നന്നായി; ഇഷാനും അയ്യര്‍ക്കുമെതിരായ ബി.സി.സി.ഐ നടപടി സ്വാഗതം ചെയ്ത് കപില്‍ ദേവ്
X

ഇഷാൻ കിഷനും ശ്രേയസ് അയ്യര്‍ക്കുമെതിരായ ബി.സി.സി.ഐ നടപടിയെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ നായകനും ലോകകപ്പ് ജേതാവുമായ കപിൽ ദേവ്. രാജ്യത്തേക്കാൾ ആരും വലുതല്ലെന്ന് കപിൽ ദേവ് പറഞ്ഞു. ബി.സി.സി.ഐ യുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് ഇരു താരങ്ങളുടേയും കരാര്‍ റദ്ദാക്കിയിരുന്നു.

''ചില താരങ്ങൾക്ക് പ്രയാസമുണ്ടാകും എന്നത് ശരി തന്നെ. എന്നാൽ അതുണ്ടാകട്ടെ എന്നേ ഞാൻ പറയൂ. രാജ്യത്തേക്കാൾ വലുതല്ല ആരും. ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം കാത്തു സൂക്ഷിക്കാൻ ബി.സി.സി.ഐ സ്വീകരിച്ച നടപടിയെ ഞാൻ അഭിനന്ദിക്കുന്നു. ഇന്ത്യൻ ടീമിൽ ഇടംപിടിക്കുന്നതോടെ പലരും ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കുന്നുണ്ട്. ഇതെന്നെ ഏറെ വേദനിപ്പിക്കുന്നു''- കപിൽ പറഞ്ഞു.

രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിക്കാന്‍ വിമുഖത കാണിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ബി.സി.സി.ഐ നേരത്തേ തന്നെ വടിയെടുത്തിരുന്നു. രഞ്ജി കളിക്കാതെ ഐപിഎല്ലിനായി തയാറെടുക്കുന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായാണ് ബിസിസിഐ രംഗത്തെത്തിയത്. ദേശീയ ടീമിലില്ലാത്ത താരങ്ങൾ എത്ര സീനിയറായാലും രഞ്ജി ട്രോഫിയിൽ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന കർശന നിർദേശമാണ് ബിസിസിഐ പുറപ്പെടുവിച്ചത്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഇഷാനും അയ്യരും രഞ്ജി കളിക്കാനില്ലെന്ന് തീരുമാനിച്ചത്.

പരിക്കൊന്നുമില്ലാതിരുന്നിട്ടും സ്വന്തം സംസ്ഥാനമായ ജാർഖണ്ഡിന്റെ രഞ്ജി ടീമിൽ കളിക്കാൻ ഇഷാൻ കിഷൻ തയാറായിരുന്നില്ല. പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നിർദേശം പോലും അവഗണിച്ചായിരുന്നു 25 കാരന്റെ പെരുമാറ്റം. ഇതോടെയാണ് കർശന നിർദേശവുമായി ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. ചിലർ ഇപ്പോഴേ ഐപിഎൽ മോഡിലാണെന്ന് ബിസിസിഐ കുറ്റപ്പെടുത്തി.

ശ്രേയസ് അയ്യറും രഞ്ജിയില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. നടുവേദനയുള്ളതിനാൽ കളിക്കാൻ സാധിക്കില്ലെന്നായിരുന്നു താരം പറഞ്ഞത്. രഞ്ജി ക്വാർട്ടർ പോരാട്ടത്തിൽ മുംബൈക്കായി ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശ്രേയസ് നടുവേദനയുണ്ടെന്ന് പരാതിപ്പെട്ടത്. എന്നാല്‍ താരത്തിന് പരിക്കുകളൊന്നുമില്ലെന്നും ഫിറ്റ്‌നസ് വീണ്ടെടുത്തതായും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ബി.സി.സി.ഐക്ക് റിപ്പോർട്ട് നൽകി. ഇന്ത്യൻ ടീം വിട്ടതിന് ശേഷം താരത്തിന് മറ്റ് പരിക്കുകളൊന്നുമുണ്ടായിട്ടില്ല എന്ന് ദേശിയ ക്രിക്കറ്റ് അക്കാദമിയിലെ സ്‌പോർട്‌സ് ആൻഡ് സയൻസ് മെഡിസിൻ വിഭാഗം മേധാവി നിതിൻ പട്ടേൽ അയച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

TAGS :

Next Story