രക്ഷകനായി സച്ചിൻ ബേബി; കേരളത്തിന് ഭേദപ്പെട്ട സ്‌കോർ
കളിയാരംഭിച്ച് 19 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ കേരളത്തെ സച്ചിൻ ഒറ്റക്ക് തോളിലേറ്റുകയായിരുന്നു
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ ഒന്നാമിന്നിങ്‌സിൽ കേരളത്തിന് ഭേദപ്പെട്ട സ്‌കോർ. തകർപ്പൻ സെഞ്ച്വറിയുമായി കളംനിറഞ്ഞ സച്ചിൻ ബേബിയാണ് കേരളത്തെ മുന്നിൽ നിന്ന് നയിച്ചത്. ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എടുത്തിട്ടുണ്ട്.
കളിയാരംഭിച്ച് 19 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ കേരളത്തെ സച്ചിൻ ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. 235 പന്തിൽ 11 ഫോറുകളുടേയും ഒരു സിക്‌സറിന്റേയും അകമ്പടിയിൽ 133 റൺസ് നേടിയ സച്ചിൻ ബേബി പുറത്താവാതെ ക്രീസിലുണ്ട്. 29 റൺസുമായി നായകൻ സിജോമോൻ ജോസഫാണ് സച്ചിനൊപ്പം ക്രീസില്‍. കേരളത്തിനായി സൽമാൻ നിസാർ 42 റൺസെടുത്തപ്പോൾ അക്ഷയ് ചന്ദ്രൻ 32 റൺസെടുത്തു.
രാഹുൽ പി, ജലക് സക്‌സേന, രോഹൻ പ്രേം,വത്സൻ ഗോവന്ദ് , സൽമാൻ നിസാർ, അക്ഷയ് ചന്ദ്രൻ എന്നിവരാണ് പുറത്തായ ബാറ്റർമാർ. സർവീസസിനായി ദിവേഷ് ഗുരുദേവ് പത്താനിയ, പി.എസ്. പൂനിയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Adjust Story Font
16