Quantcast

നാല് തോല്‍വികള്‍ക്ക് ശേഷം ഉയിര്‍ത്തെഴുന്നേറ്റ് കൊല്‍ക്കത്ത; ബാംഗ്ലൂരിനെതിരെ 21 റണ്‍സിന്‍റെ ജയം

കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

MediaOne Logo

Web Desk

  • Updated:

    2023-04-26 17:44:36.0

Published:

26 April 2023 4:01 PM GMT

kkr vs rcb, ipl 2023,KKR,kkr win,kolkata win, rcb loss
X

തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചുനടന്ന മത്സരത്തില്‍ ബാംഗ്ലൂരിനെ 21 റണ്‍സിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വീണ്ടും ട്രാക്കിലെത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ബാംഗ്ലൂരിനായി നായകന്‍ വിരാട് കോഹ്ലിയും(54) ലോംറോറും(34) ഒഴിച്ച് ബാക്കിയാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. കൃത്യമായ ഇടവേളകളില്‍ കൊല്‍ക്കത്ത ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുക കൂടി ചെയ്തതോടെ ലക്ഷ്യം ബാംഗ്ലൂരിന് അകലെയായി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റും സുയാഷ് ഷര്‍മയും ആന്ദ്രേ റസലും രണ്ട് വീതം വിക്കറ്റും വീഴ്ത്തി. ജയത്തോടെ ആറ് പോയിന്‍റുമായി കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. ഇതോടെ മുംബൈ ഇന്ത്യന്‍സ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നേരത്തെ ഓപ്പണിങ് റോളിലേക്ക് തിരിച്ചെത്തിയ ജേസണ്‍ റോയ് തുടങ്ങിവെച്ച ബാറ്റിങ് വെടിക്കെട്ട് റിങ്കു സിങും ഡേവിഡ് വീസെയും കൂടി ഫിനിഷ് ചെയ്തപ്പോള്‍ കൊല്‍ക്കത്ത മികച്ച ടോട്ടലിലെത്തി. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 200 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തക്കായി ഓപ്പണര്‍ ജേസണ്‍‌ റോയി വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. എന്‍. ജഗദീഷനുമൊത്ത് ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍‌ റോയി ഒന്‍പത് ഓവറില്‍ 83 റണ്‍സെടുത്തു. 29 പന്തില്‍ 27 റണ്‍സെടുത്ത് ജഗദീഷ് മോശമാക്കിയെങ്കിലും ഇപ്പുറത്തെ എന്‍ഡില്‍ ജേസണ്‍ റോയി തകര്‍പ്പന്‍ അടിയായിരുന്നു. 29 പന്തില്‍ നാല് ബൌണ്ടറിയും അഞ്ച് സിക്സറുമുള്‍പ്പെടെ 56 റണ്‍സെടുത്താണ് ജേസണ്‍ റോയി പുറത്തായത്.

ഇരുവരു പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ നിതീഷ് റാണയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് വീണ്ടും കൊല്‍ക്കത്തയുടെ സ്കോര്‍ ഉയര്‍ത്തി. നിതീഷ് റാണ 21 പന്തില്‍ 48 റണ്‍സെടുത്തപ്പോള്‍ വെങ്കടേഷ് അയ്യര്‍ 26 പന്തില്‍ 31 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ റിങ്കു സിങും ഡേവിഡ് വീസെയും തുടരെ ബൌണ്ടറികള്‍ പറത്തിയതോടെ കൊല്‍ക്കത്തയുടെ സ്കോര്‍ 200ലെത്തി. 10 പന്തില്‍ 18 റണ്‍സെടുത്ത് റിങ്കു സിങും മൂന്ന് പന്തില്‍ 12 റണ്‍സെടുത്ത് ഡേവിഡ് വീസെയും പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി ഹസരങ്കയും വിജയ്കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


TAGS :

Next Story