''അവര്‍ എന്തോ പറയട്ടെ, ഞാനത് കാര്യമാക്കുന്നില്ല''; സെഞ്ച്വറിക്ക് പിറകേ വിമര്‍ശകര്‍ക്ക് കോഹ്‍ലിയുടെ മറുപടി
താൻ വലിയ സമ്മർദത്തിലാണ് കളിച്ചതെന്ന് മത്സര ശേഷം കോഹ്ലി
ഹൈദരാബാദ്: നിർണായ മത്സരത്തിൽ ഹൈദരാബാദിനെ തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണിപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഹൈദരാബാദിനെതിരെ വിജയം കുറിച്ചതോടെ ഐ.പി.എൽ പോയിന്റ് പട്ടികയിൽ ബാംഗ്ലൂർ നാലാം സ്ഥാനത്തേക്ക് കയറി. വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയാണ് ബാംഗ്ലൂർ വിജയത്തിൽ നിർണായകമായത്. താൻ വലിയ സമ്മർദത്തിലാണ് കളിച്ചതെന്ന് മത്സര ശേഷം കോഹ്ലി പറഞ്ഞു.
''ഒരു ക്രിക്കറ്റർ എന്ന നിലയിൽ എന്നെ വീക്ഷിക്കുന്ന ഒരാൾക്ക് ഞാൻ സുഖമായിരിക്കുന്നു എന്നാണ് തോന്നുക. എന്നാൽ അത് അങ്ങനെയല്ല. കഴിഞ്ഞ ദിവസം ഞാൻ വലിയ സമ്മർദത്തിലാണ് കളിച്ചത്. അതിനാൽ തന്നെ ഈ സെഞ്ച്വറിയുടെ പേരിൽ ഞാൻ വലിയ ക്രെഡിറ്റ് ഏറ്റെടുക്കുന്നില്ല. പുറത്തുള്ളവർ എന്നെ കുറിച്ച് പറയുന്നത് ഞാൻ കാര്യമാക്കുന്നില്ല. അവർ അവരുടെ അഭിപ്രായം പറയട്ടെ''- കോഹ്ലി പറഞ്ഞു.
ഫാൻസി ഷോട്ടുകൾ കളിക്കുന്നതും അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുന്നതും ശരിയല്ലെന്നും. ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പ് അടുത്തിരിക്കേ ബാറ്റിങ്ങിൽ കൂടുതൽ സൂക്ഷ്മത പുലര്‍ത്തുകയാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു. നാല് വര്‍ഷത്തിന് ശേഷമാണ് കോഹ്‍ലി ഐ.പി.എല്ലില്‍ ഒരു സെഞ്ച്വറി കുറിക്കുന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ താരത്തിന്‍റെ ആറാം സെഞ്ച്വറിയാണിത്. ഐ.പി.എല്ലിലെ സെഞ്ച്വറി വേട്ടക്കാരുടെ പട്ടികയില്‍ ക്രിസ് ഗെയിലിനൊപ്പം ഒന്നാം സ്ഥാനത്താണ് കോഹ്ലി.
Adjust Story Font
16