Quantcast

റോജര്‍ ബിന്നി ബി.സി.സി.ഐ അധ്യക്ഷനായി ചുമതലയേറ്റു

സൗരവ് ഗാംഗുലിയുടെ കാലവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ 36-ാമത് പ്രസിഡന്‍റായി ബിന്നി അധികാരമേറ്റത്

MediaOne Logo

Web Desk

  • Updated:

    2022-10-18 07:58:15.0

Published:

18 Oct 2022 7:55 AM GMT

റോജര്‍ ബിന്നി ബി.സി.സി.ഐ അധ്യക്ഷനായി ചുമതലയേറ്റു
X

മുംബൈ: ബി.സി.സി.ഐയുടെ പുതിയ അധ്യക്ഷനായി റോജർ ബിന്നി ചുമതലയേറ്റു. ചൊവ്വാഴ്ച മുംബൈ താജ് മഹല്‍ ഹോട്ടലില്‍ നടന്ന 91-ാമത് ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു അധികാരകൈമാറ്റം.

സൗരവ് ഗാംഗുലിയുടെ കാലവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ 36-ാമത് പ്രസിഡന്‍റായി ബിന്നി അധികാരമേറ്റത്. പുതിയ ഭരണ സമിതിയും ചുമതലയേറ്റു. ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്ത് തുടരും. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയ ഗാംഗുലിയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഐ.പി.എല്‍ ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്തെങ്കിലും സ്ഥാനം ഏറ്റെടുക്കാൻ ഗാംഗുലി തയ്യാറായിരുന്നില്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.

കർണാടക ക്രിക്കറ്റ് അസോസിയേഷനിലടക്കം പ്രവർത്തിച്ച് പരിചയ സമ്പത്തുള്ള വ്യക്തിയാണ് റോജർ ബിന്നി. ഇന്ത്യക്കായി 27 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള ബിന്നി 47 വിക്കറ്റെടുകളെടുത്തിട്ടുണ്ട്. 72 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ ബിന്നി 1983ലെ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഹീറോ ആയിരുന്നു. കോച്ചിംഗ് കരിയറിൽ 2012 മുതൽ രഞ്ജി ട്രോഫിയിൽ ബംഗാൾ, കർണാടക ടീമുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ സീനിയർ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നു. മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി മകനാണ്.

TAGS :

Next Story