Quantcast

നിശാക്ലബിൽ കണ്ടുമുട്ടിയ പെൺകുട്ടിയുടെ ഹൃദയം കവരാൻ ശ്രമിക്കുന്നതുപോലെയായിരുന്നു അത്; ലബുഷൈനെതിരെയുള്ള ബൗളിങ് അനുഭവം പങ്കിട്ട് ആൻഡേഴ്‌സൻ

''നിശാക്ലബിൽ വച്ചുകണ്ട പെൺകുട്ടിയുടെ ഇഷ്ടം പിടിച്ചുപറ്റാൻ ശ്രമിക്കുന്നതു പോലെയായിരുന്നു അത്. 'സ്‌റ്റോൺ റോസസി'ന്റെ പാട്ടിന് നൃത്തംവയ്ക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് കാല് നിലത്തുനിന്നു പൊന്തില്ല''

MediaOne Logo

Web Desk

  • Updated:

    2021-05-16 14:27:47.0

Published:

16 May 2021 1:26 PM GMT

നിശാക്ലബിൽ കണ്ടുമുട്ടിയ പെൺകുട്ടിയുടെ ഹൃദയം കവരാൻ ശ്രമിക്കുന്നതുപോലെയായിരുന്നു അത്; ലബുഷൈനെതിരെയുള്ള ബൗളിങ് അനുഭവം പങ്കിട്ട് ആൻഡേഴ്‌സൻ
X

ഓസ്‌ട്രേലിയൻ താരം മാർനസ് ലബുഷൈനുമൊത്തുള്ള കൗണ്ടി ക്രിക്കറ്റിലെ അനുഭവം പങ്കിട്ട് ഇംഗ്ലണ്ടിന്റെ മുൻനിര പേസ് ബൗളർ ജിമി ആൻഡേഴ്‌സൻ. ഒരു പെൺകുട്ടിയുടെ മനസിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന പോലെയാണ് ലബുഷൈനെതിരെ പന്തെറിയുമ്പോൾ തോന്നിയതെന്ന് ലോകത്തെ ഏറ്റവും മികച്ച സ്വിങ് ബൗളർമാരിലൊരാളായ ആൻഡേഴ്‌സൻ പറഞ്ഞു.

ബിബിസിയുടെ 'ടെയിൽഎൻഡേഴ്‌സ്' പോഡ്കാസ്റ്റിലാണ് ആൻഡേഴ്‌സൻ അനുഭവം പങ്കുവച്ചത്. നിശാക്ലബിൽ വച്ചുകണ്ട പെൺകുട്ടിയുടെ ഇഷ്ടം പിടിച്ചുപറ്റാൻ ശ്രമിക്കുന്നതു പോലെയായിരുന്നു അത്. 'സ്‌റ്റോൺ റോസസി'ന്റെ പാട്ടിന് നൃത്തംവയ്ക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് കാല് നിലത്തുനിന്നു പൊന്തില്ല. ഇത്തരം അവസരങ്ങളിൽ എതിരാളിയുടെ മനസിൽ മതിപ്പുണ്ടാക്കി പോരാട്ടത്തിൽ സ്വന്തം മേധാവിത്വമുറപ്പിക്കാനാകും ആരും ആഗ്രഹിക്കുക. മത്സരത്തിൽ ലബുഷൈന് ആദ്യമായൊരു തിരിച്ചടി കൊടുക്കാനായതിൽ സന്തോഷമുണ്ട്-ആൻഡേഴ്‌സൻ കൂട്ടിച്ചേർത്തു.

2019ലെ ആഷസ് പരമ്പരയിൽ പരിക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരക്കാരനായെത്തി മികച്ച പ്രകടനം കാഴ്ചവച്ചാണ് മാർനസ് ലബുഷൈൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പരമ്പരയ്ക്കുശേഷം ഓസീസ് ടീമിലെ അവിഭാജ്യ ഘടകമായിത്തീർന്ന താരം നിരവധി തവണ മികച്ച പ്രകടനങ്ങളുമായി ആരാധകരുടെ മനം കവർന്നിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പേസർമാരിലൊരാളായ ആൻഡേഴ്‌സൻ ഇതുവരെ ലബുഷൈനുമായി രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റുമുട്ടിയിരുന്നില്ല. 2019 ആഷസ് പരമ്പരയിൽ പരിക്ക് കാരണം ആൻഡേഴ്‌സൻ കളിച്ചിരുന്നില്ല.

എന്നാൽ, ഇപ്പോൾ ഇംഗ്ലണ്ടിൽ പുരോഗമിക്കുന്ന കൗണ്ടി ക്രിക്കറ്റിൽ ഇരുതാരങ്ങളും നേർക്കുനേർ ഏറ്റുമുട്ടാനുള്ള അവസരമുണ്ടായി. ഗ്ലമോർഗനു വേണ്ടി കളിക്കുന്ന ലബുഷൈന്റെ വിക്കറ്റെടുത്ത് ലങ്കാഷയറിന്റെ ജഴ്‌സിയിലിറങ്ങിയ ആൻഡേഴ്‌സൻ ആദ്യ ഏറ്റുമുട്ടലിൽ വിജയം വരിക്കുകയും ചെയ്തു. 2019 സീസണിൽ അഞ്ചുവീതം സെഞ്ച്വറിയും അർധ സെഞ്ച്വറിയുമടക്കം 1,114 റൺസ് വാരിക്കൂട്ടിയ ലബുഷൈന് ഇത്തവണ കാര്യമായ പ്രകടനങ്ങളൊന്നും കാഴ്ചവയ്ക്കാനായിട്ടില്ല.

TAGS :

Next Story