Quantcast

"വാര്‍ പിന്നെയെന്തിനാണ്, മാപ്പർഹിക്കാത്ത തെറ്റ്"; ഗോള്‍ നിഷേധിച്ചതില്‍ ലിവർപൂളിന്‍റെ മറുപടി

ലിവര്‍പൂള്‍ ടോട്ടന്‍ഹാം മത്സരത്തിന്റെ ആദ്യ പകുതിയിൽ ലൂയിസ് ഡിയാസ് നേടിയ ഗോൾ ഓഫാണെന്ന് ആരോപിച്ച് റഫറി നിഷേധിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-02 11:37:04.0

Published:

2 Oct 2023 11:34 AM GMT

Liverpool vs totenham
X

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെ ലിവർപൂൾ താരം ലൂയിസ് ഡിയാസ് നേടിയ ഗോൾ നിഷേധിച്ചത് വന്‍വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. മത്സര ശേഷം റഫറിയുടേത് തെറ്റായ തീരുമാനമായിരുന്നു എന്ന് സമ്മതിച്ച് മാച്ച് ഒഫീഷ്യലുകളുടെ ഔദ്യോഗിക ബോഡിയായ പി.ജി.എം.ഒ.എൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒമ്പത് പേരായി ചുരുങ്ങിയ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മത്സരത്തില്‍ തോറ്റു.

ഇപ്പോഴിതാ മത്സരത്തിലെ വലിയ പിഴവിനെക്കുറിച്ച് പ്രതികരണവുമായെത്തിയിരിക്കുകയാണ് ലിവര്‍പൂള്‍ എഫ്.സി. വാര്‍ നടപ്പിലാക്കുന്നത് പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ആണെന്നും എന്നാല്‍ കാര്യങ്ങള്‍ ഇവിടെ കൂടുതല്‍ വഷളാവുകയാണെന്നും ലിവര്‍പൂള്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

''സംഭവിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് മത്സരങ്ങളിൽ മാച്ച് ഒഫീഷ്യലുകള്‍ അനുഭവിക്കുന്ന സമ്മർദങ്ങളെ ഞങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നു. എന്നാൽ വാര്‍ നടപ്പിലാക്കുന്നതിലൂടെ ഈ സമ്മർദ്ദങ്ങൾ ലഘൂകരിക്കപ്പെടേണ്ടതാണ്. പക്ഷെ ഇവിടെ ഇത് കൂടുതല്‍ വഷളാവുകയാണ്. ശരിയായ തീരുമാനം എടുക്കാൻ മതിയായ സമയം കിട്ടിയില്ല എന്നത് തൃപ്തികരമായ മറുപടിയല്ല. ഇത്തരം വീഴ്ചകളെ 'ഗുരുതരമായ മാനുഷിക പിഴവുകൾ' എന്ന് വിളിക്കുന്നതും അസ്വീകാര്യമാണ്. അവലോകനങ്ങള്‍ നടത്തി പൂർണ്ണ സുതാര്യതയോടെ മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ. ഭാവിയിൽ റഫറിമാരുടെയും ഒഫീഷ്യൽസിന്റെയും തീരുമാനങ്ങളുടെ വിശ്വാസ്യതയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്'' ലിവര്‍പൂള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ലിവര്‍പൂള്‍ ടോട്ടന്‍ഹാം മത്സരത്തിന്റെ ആദ്യ പകുതിയിൽ ലൂയിസ് ഡിയാസ് നേടിയ ഗോൾ ഓഫാണെന്ന് ആരോപിച്ചാണ് റഫറി നിഷേധിച്ചത്. പിന്നീട് വാർ പരിശോധനക്ക് ശേഷവും തീരുമാനം തിരുത്തിയില്ല. മത്സരത്തിന് ശേഷം സംഭവിച്ചത് ഗുരുതരമായ പിഴവാണെന്ന് സമ്മതിച്ച് പി.ജി.എം.ഒ.എൽ രംഗത്തെത്തുകയായിരുന്നു.

TAGS :

Next Story