സില്ലെസെന്‍ ഇല്ലാതെ ഓറഞ്ച് പട, അരങ്ങേറ്റത്തിന് സാവി സിമണ്‍സ്; നെതര്‍ലന്‍ഡ്സ് ലോകകപ്പ് ടീം പ്രഖ്യാപിച്ചു
പ്രമുഖരെല്ലാം ടീമിലിടം പിടിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ സില്ലെസെന്‍ അപ്രതീക്ഷിതമായി സ്ക്വാഡില്‍ നിന്ന് പുറത്തായി.
ഖത്തര്‍ ലോകകപ്പിനുള്ള നെതര്‍ലന്‍ഡ്സ് ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖരെല്ലാം ടീമിലിടം പിടിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ സില്ലെസെന്‍ അപ്രതീക്ഷിതമായി സ്ക്വാഡില്‍ നിന്ന് പുറത്തായി. പി.എസ്.വിയുടെ യുവതാരം സാവി സിമൺസ് ടീമില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സാവിയുടെ ആദ്യ ലോകകപ്പായിരിക്കും ഇത്.
Here it is. Our World Cup squad! 🦁🇳🇱#NothingLikeOranje | #FIFAWorldCup pic.twitter.com/s4KMWBvJQU
— OnsOranje (@OnsOranje) November 11, 2022
ഫോം ഔട്ടായ സില്ലെസെന് പകരം ഇപ്പോള്‍ വലകാക്കുന്ന അയാക്സിന്‍റെ വെറ്ററൻ കീപ്പർ റെംകൊ പാസ്വീർ തന്നെയാവും ലോകകപ്പിലും നെതര്‍ലന്‍ഡ്സ് ഗോള്‍കീപ്പര്‍. ഡിഫന്‍സിലും മികച്ച താരങ്ങളെയാണ് ഓറഞ്ച് പട ലോകകപ്പിനെത്തിക്കുന്നത്. നഥാൻ ആക്കെ, വാൻ ഡൈക്, ടെംഫ്രൈസ്, ഡിലൈറ്റ്, ടിമ്പർ, ഡി വ്രിയ്, ഡാലി ബ്ലിന്‍റ് എന്നിവർക്കൊപ്പം മാഞ്ചസറ്റര്‍ യുണൈറ്റഡ് യുവതാരം മലാസിയയും ടീമിലെത്തി. ഇതോടെ ന്യൂകാസിൽ താരം ബോട്ട്മനെ കോച്ചിന് പുറത്തിരുത്തേണ്ടി വന്നു. ബോട്ട്മന് പുറമേ ഡോണി വാൻ ഡി ബീക്ക്, പാസ്‌കൽ സ്ട്രുയ്ക്ക്, കെവിൻ സ്ട്രൂട്ട്മാൻ എന്നിവരും സ്ക്വാഡില്‍ ഉള്‍പ്പെട്ടില്ല.
ഫ്രാങ്കി ഡിയോങിന്‍റെ നേതൃത്വത്തിലുള്ള മധ്യനിരയില്‍ അറ്റ്ലാന്‍റ താരങ്ങളായ ഡി റൂണും കൂപ്മേയ്നെഴ്സും അയാകസിന്റെ ബെർഗ്വിസ്, ക്ലാസൺ എന്നിവരും ഇടംപിടിച്ചു. ബയേണിന്റെ യുവതാരം ഗ്രാവൻബെർഷ് ആണ് ടീമിൽ നേടനാവാതെ പോയ മറ്റൊരു താരം. പരിക്കിന്‍റെ പിടിയിലാണെങ്കിലും ഡീപെയെ നെതർലന്‍ഡ് ഒഴിവാക്കിയിട്ടില്ല. ഗോളടിയിലും ഗോളടിപ്പിക്കുന്നതിലും മിടുക്കനായ ഡീപെക്കൊപ്പം ബെർഹ്വിൻ, ലുക്ക് ഡിയോങ് എന്നിവരും കോഡി ഗാക്പോയും എത്തുന്നതോടെ നെതര്‍ലന്‍ഡ് നിര കൂടുതല്‍ കരുത്തരാകും.
Adjust Story Font
16