കൊടുങ്കാറ്റായി വുഡ് ; ലക്‌നൗവിന് തകർപ്പൻ ജയം
നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മാര്‍ക്ക് വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തി
ലക്‌നൗ: അഞ്ച് വിക്കറ്റുമായി പേസ് ബോളര്‍ മാര്‍ക്ക് വുഡ് കൊടുങ്കാറ്റായപ്പോള്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലക്‌നൗ സൂപ്പർ ജയന്‍റ്സിന് തകര്‍പ്പന്‍ ജയം. 50 റണ്‍സിനാണ് ലക്‌നൗ ഡല്‍ഹിയെ തകര്‍ത്തത്. ലക്‌നൗ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 143 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡല്‍ഹിക്കായി അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയതീരമണക്കാനായില്ല. നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയാണ് വുഡ് അഞ്ച് വിക്കറ്റ് പിഴുതത്.
നേരത്തേ അർധ സെഞ്ച്വറി നേടിയ ഓപ്പണർ കെയിൽ മെയേഴ്‌സിന്‍റേയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നിക്കോളാസ് പൂരന്‍റേയും ഇന്നിങ്സുകളാണ് ലക്‌നൗ സൂപ്പർ ജയന്‍റ്സിന് മികച്ച സ്‌കോർ സമ്മാനിച്ചത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്‌നൗ 193 റൺസെടുത്തു. മേയേഴ്‌സ് 38 പന്തിൽ ഏഴ് സിക്‌സുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു.
മത്സരത്തിൽ ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഡൽഹിക്കായി ബോളർമാർ മികച്ച തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ തന്നെ ലക്‌നൗ നായകൻ കെ.എൽ രാഹുലിനെ ചേതൻ സകരിയ അക്‌സർ പട്ടേലിന്റെ കൈകളിലെത്തിച്ചു. എന്നാൽ പിന്നീട് ഡൽഹി ഫീൽഡർമാർ തുടർച്ചയായി ഫീൽഡിങ്ങിൽ പിഴവ് വരുത്തുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്.
മത്സരത്തിന്റെ ആറാം ഓവറിൽ കെയിൽ മെയേഴ്‌സിന്റെ അനായാസമായൊരു ക്യാച്ച് ചേതൻ സകരിയ അവിശ്വസനീയമാം വിധം വിട്ട് കളഞ്ഞു. ജീവൻ വീണു കിട്ടിയത് മുതലാക്കി തകർത്തടിച്ച മേയേഴ്‌സ് ദീപക് ഹൂഡയെ കൂട്ടുപിടിച്ച് ഡൽഹി ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. പിന്നീട് അടുത്തടുത്ത ഓവറുകളില്‍ ഹൂഡയും മെയേഴ്സും കൂടാരം കയറി. മാര്‍കസ് സ്റ്റോയിനിസിനെ കീപ്പറുടെ കയ്യിലെത്തിച്ച് സകരിയ ഡല്‍ഹിക്ക് വീണ്ടും പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന ക്രുണാല്‍ പാണ്ഡ്യയും നിക്കോളസ് പൂരനും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്ന കാഴ്ചയാണ് കണ്ടത്. പൂരന്‍ 20 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 36 റണ്‍സെടുത്തു.
Adjust Story Font
16