Quantcast

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഗാരി കിർസ്റ്റനെ 'കൈയോടെ പിടികൂടി' മലയാളി വ്‌ളോഗർ

''ഇത്തവണ ഐപിഎല്ലില്‍ സഞ്ജു സാംസന്‍ കാഴ്ചവച്ച സെഞ്ച്വറി പ്രകടനം ടി20യിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. സഞ്ജു ഒരു അസാധ്യ താരമാണ്''

MediaOne Logo

Shaheer

  • Published:

    30 May 2021 10:41 AM GMT

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഗാരി കിർസ്റ്റനെ കൈയോടെ പിടികൂടി മലയാളി വ്‌ളോഗർ
X

പുലിയെ മടയിൽ പോയി പിടികൂടുക എന്നു പറയാറുണ്ട്. ആ പ്രയോഗം അക്ഷരംപ്രതി ശരിവച്ചിരിക്കുകയാണ് മലയാളി വ്ളോഗര്‍ സാന്റോ. 'ട്രാവലിസ്റ്റ' എന്ന യൂടൂബ് ചാനലിലൂടെ സാന്റോ മലയാളികള്‍ക്ക് സുപരിചിതനാണ്. തൃശൂർ സ്വദേശിയായ ഈ യുവാവ് ഇപ്പോൾ ലോകയാത്രയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലാണുള്ളത്. ഒരു മാസത്തിലേറെയായി സാന്റോ ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സോളോ ട്രിപ്പ് ആരംഭിച്ചിട്ട്. സിംബാബ്‌വെയിൽ ആരംഭിച്ച യാത്ര ഇപ്പോൾ ദക്ഷിണാഫ്രിക്കയിലാണ് എത്തിനിൽക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ യാത്രയുടെ അവസാനത്തിലാണ് ക്രിക്കറ്റ് ഇതിഹാസവും മുൻ ഇന്ത്യൻ കോച്ചുമായ ഗാരി കിർസ്റ്റനെ സാന്റോ 'പിടികൂടിയത്'. ചെറിയ പ്രായംതൊട്ടേ മനസിൽ പൂജിച്ചുനടന്ന ഇഷ്ടതാരങ്ങളെ അടുത്തുകിട്ടിയിട്ട് എങ്ങനെ കാണാതെ പോകാനാകും ഒരു ശരാശരി ക്രിക്കറ്റ് ആരാധകന്!

ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന മലയാളിയായ ഷൈജുവിന്റെ സഹായത്തോടെയാണ് കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊത്തുവന്നത്. കൂടിക്കാഴ്ചയ്ക്കും അഭിമുഖത്തിനുമുള്ള അപ്പോയിൻമെന്റ് നേരത്തെ തന്നെ ലഭിച്ചിരുന്നു. എന്നാൽ, അതിനിടയിലാണ് അപ്രതീക്ഷിതമായി സാന്റോയ്ക്ക് മലേറിയ പിടിപെടുന്നത്. എന്നാൽ, ഇഷ്ടതാരം സാന്റോയെ നിരാശപ്പെടുത്തിയില്ല. എല്ലാം സുഖമായി 'ഫുൾ പവറാ'യി വരൂ എന്നു പറഞ്ഞു ഗാരി. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞ് രോഗമെല്ലാം ഭേദമായ ശേഷം സാന്റോയും ഷൈജുവും കേപ്ടൗണിലെ ഗാരി കിർസ്റ്റൻ ക്രിക്കറ്റ് അക്കാദമിയിലെത്തി. അക്കാദമിയിലെ വിശാലമായ ഗ്രൗണ്ടും ഇൻഡോർ സൗകര്യങ്ങളുമെല്ലാം നോക്കിക്കണ്ട ശേഷമാണ് ഗാരി എത്തിയത്.

തുടർന്ന് യൂടൂബിലെ സബ്‌സ്‌ക്രൈബർമാരിൽനിന്നടക്കം ലഭിച്ച ചോദ്യങ്ങളോരോന്നായി മുന്നിലേക്കിട്ടുകൊടുത്തു. അപ്പോഴെല്ലാം സൗമ്യനായി പുഞ്ചിരിച്ചുകൊണ്ട് ഗാരി മറുപടിയും നൽകിക്കൊണ്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് മാനേജ്‌മെന്റ് വിടാൻ ഒരുക്കമല്ലാതിരുന്നിട്ടും കുടുംബത്തെ 'മിസ്' ചെയ്യുന്നുവെന്നു പറഞ്ഞാണ് പരിശീലക സ്ഥാനം ഉപേക്ഷിച്ചു ഗാരി നാട്ടിലേക്കു തിരിക്കുന്നത്. ഇതേക്കുറിച്ചു ചോദിച്ചുകൊണ്ടുതന്നെയായിരുന്നു ക്രിക്കറ്റ് സംസാരങ്ങൾക്കു തുടക്കിട്ടത്. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ, മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി മുതൽ മലയാളി താരം സഞ്ജു സാംസൻ വരെ സംസാരത്തിൽ വിഷയമായി. ഇന്ത്യയുടെ ലോകകപ്പ് വിജയം മുതൽ കൊച്ചിയിൽ ഇന്ത്യക്കെതിരെ കളിച്ച അനുഭവം വരെ ഗാരി കിർസ്റ്റൻ ഓർത്തെടുത്തു.

സഞ്ജു ഒരു ഇതിഹാസം തന്നെയാണെന്നാണ് ഗാരി പറഞ്ഞത്. അദ്ദേഹമൊരു അസാധ്യ കളിക്കാരനാണ്. ഇത്തവണ ഐപിഎല്ലിലെ സഞ്ജുവിന്റെ സെഞ്ച്വറിയെയും ഗാരി എടുത്തുപറഞ്ഞ് അഭിനന്ദിച്ചു. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സഞ്ജു കളിക്കുന്നത് കാണാൻ ഏറെ ഇഷ്ടമാണെന്നും താരം ഇനിയും ഇന്ത്യയ്ക്കു വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുമെന്നും ഗാരി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ബൗളർമാരിൽ അനിൽ കുംബ്ലെയാണ് തന്നെ ഏറ്റവും കുഴക്കിയ താരമെന്നും ഗാരി സമ്മതിച്ചു. കുംബ്ലെയിൽനിന്ന് അധികം മോശം പന്തുകളൊന്നും ലഭിക്കില്ല. ജവഗൽ ശ്രീനാഥും മികച്ച ബൗളറായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധോണിയെക്കുറിച്ച് ചോദിച്ചപ്പോൾ വാതോരാതെ സംസാരിച്ചു ഗാരി. ധോണിയെക്കുറിച്ച് എന്താണ് പറയാനില്ലാത്തതെന്നായിരുന്നു മറുചോദ്യം. മികച്ച നായകനാണ്. നല്ല ടീമിനെ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. മികച്ച വ്യക്തിത്വമാണ്. കൂടെ ജോലി ചെയ്യാൻ പറ്റിയ വ്യക്തിത്വം. ഫീൽഡിലെ മികച്ച തന്ത്രജ്ഞനാണ്. ധോണിയോടൊപ്പമുള്ള ജോലി ആസ്വാദ്യകരമായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധവുമുണ്ടായിരുന്നു. ഒരു കോച്ചെന്ന നിലയ്ക്ക് ഇതിലും നല്ലൊരു ക്യാപ്റ്റനെ ലഭിക്കാനില്ല. ധോണി നായകനാണെങ്കിൽ ഏതൊരു പോരാട്ടത്തിനും തയാറാണെന്നു മുൻപ് പറഞ്ഞത് എനിക്ക് അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസം കാരണമാണ്. അങ്ങനെയൊരു ബന്ധമായിരുന്നു ഞങ്ങൾക്കിടയിലുണ്ടായിരുന്നത്. കളിക്കാരനെന്ന നിലയ്ക്കും നായകനെന്ന നിലയ്ക്കും അദ്ദേഹമത് തെളിയിച്ചതാണ്. 2007ൽ ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നേടിക്കൊടുത്തത് നമ്മള്‍ കണ്ടതാണ്-ഗാരി പറഞ്ഞു.


Wസച്ചിനെതിരെ കളിച്ച ഓർമകളും അദ്ദേഹം പങ്കുവച്ചു. വിനയവും സ്‌നേഹവും നിറഞ്ഞ വ്യക്തിത്വമാണ് സച്ചിൻ. ഇന്ത്യയുടെ ഏറ്റവും വലിയ അംബാസഡറാണ് അദ്ദേഹം. ഐപിഎല്ലിൽ ഇനിയും മികച്ച റിസൽറ്റ് കണ്ടെത്താൻ വിഷമിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനും കൊൽക്കത്തയ്ക്കുമൊപ്പമാണ് താനെന്നും ഗാരി വ്യക്തമാക്കി. എപ്പോഴും കഷ്ടപ്പെടുന്നവർക്കൊപ്പമാണ് താനെന്നും ഇതിനു ന്യായമായി അദ്ദേഹം പറഞ്ഞു. ഒടുവിൽ മലയാളത്തിൽ 'പവർ വരട്ടെ' എന്നു പറഞ്ഞാണ് ഗാരി സംസാരം അവസാനിപ്പിച്ചത്.

ആഫ്രിക്കൻ യാത്രയുടെ ആദ്യ ഭാഗത്ത് സിംബാബ്വെയുടെ മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്കുമായും സാന്റോ അഭിമുഖം നടത്തിയിരുന്നു. 70 ദിവസം കൊണ്ട് ഇന്ത്യയിലെ 16 സംസ്ഥാനങ്ങൾ ഒരു ട്രാവലറിൽ ചുറ്റിക്കറങ്ങിയാണ് സാന്റോയും സാന്റോയുടെ 'ട്രാവലിസ്റ്റ' യൂടൂബ് ചാനലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇപ്പോൾ ലോകം മുഴുവൻ ഒറ്റയ്ക്കു കറങ്ങിക്കാണുകയും അവിടങ്ങളിൽനിന്നുള്ള അപൂർവകാഴ്ചകൾ മലയാളികൾക്കു പരിചയപ്പെടുത്തുകയുമാണ് ഈ യുവാവ്.

TAGS :

Next Story