ചാമ്പ്യൻസ് ലീഗ് സെമി: ഏഴു ഗോൾ ത്രില്ലറിൽ റയലിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി
നിരവധി സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ സിറ്റി ഒടുവിൽ ഒരു ഗോളിന് ജയിക്കുകയായിരുന്നു
യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യപാദത്തിൽ റയൽ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് 4-3 ജയം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇംഗ്ലീഷ് ചാമ്പ്യന്മാർ ജയിച്ചു കയറിയത്. സിറ്റിക്കുവേണ്ടി കെവിൻ ഡിബ്രുയ്ൻ, ഗബ്രിയേൽ ജെസ്യൂസ്, ഫിൽ ഫോഡൻ, ബെർണാർഡോ സിൽവ എന്നിവർ ഗോളുകൾ നേടിയപ്പോൾ കരീം ബെൻസേമയുടെ ഇരട്ടഗോളും വിനീഷ്യസ് ജൂനിയറിന്റെ ഗോളുമാണ് സന്ദർശകർക്ക് ആശ്വാസമായത്. ഈ ടീമുകൾ തമ്മിലുള്ള രണ്ടാം പാദം മെയ് അഞ്ചിന് റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ നടക്കും.
ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ലിവർപൂൾ വിയ്യാ റയലിനെ നേരിടും. ലിവർപൂളിലെ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30 നാണ് കിക്കോഫ്.
റയൽ മധ്യനിരയിൽ ബ്രസീലിയൻ താരം കസമിറോയുടെ അഭാവം പ്രകടമായ മത്സരത്തിൽ രണ്ടു മിനുട്ട് തികയും മുമ്പേ സിറ്റി ആദ്യ ഗോൾ നേടിയിരുന്നു. റിയാദ് മെഹ്‌റസിന്റെ ക്രോസിൽ നിന്ന് ഹെഡ്ഡരുതിർത്ത ഡിബ്രുയ്ൻ ആണ് വലകുലുക്കിയത്. 11ആം മിനുട്ടിൽ ജെസ്യൂസ് നേടിയ രണ്ടാം ഗോളിന് ബെൽജിയൻ താരം വഴിയൊരുക്കുകയും ചെയ്തു.
കളിയുടെ തുടക്കത്തിലേ രണ്ട് ഗോളിന് പിറകിലായ റയൽ തിരിച്ചുവരാൻ വിഷമിക്കുമ്പോൾ സുവർണാവസരങ്ങൾ പാഴാക്കുന്ന തിരക്കിലായിരുന്നു സിറ്റി. മൂന്നാം ഗോൾ നേടാൻ ലഭിച്ച മികച്ച ഒരവസരം മെഹ്‌റസ് പാഴാക്കിയതിനു പിന്നാലെ ബെൻസേമ റയലിന്റെ രക്ഷക്കെത്തി. 33 ആം മിനുട്ടിൽ ഫെർലാൻ മെൻഡിയുടെ ക്രോസിൽ നിന്നുള്ള ക്ലിനിക്കൽ ഫിനിഷിലൂടെയാണ് ഫ്രഞ്ച് താരം വലകുലുക്കിയത്.
ഇടവേള കഴിഞ്ഞെത്തി അധികം കഴിയും മുമ്പേ ഫിൽ ഫോഡൻ അതിഥേയരുടെ രണ്ടു ഗോൾ ലീഡ് വീണ്ടെടുത്തു സ്‌കോർ ചെയ്തു. വലതു വിങ്ങിൽ നിന്ന് ഫെർണാഡീഞ്ഞോ നൽകിയ ക്രോസിൽ ഹെഡ്ഡറിലൂടെയാണ് ഇംഗ്ലീഷ് താരം ലക്ഷ്യം കണ്ടത്. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ മനോഹരമായ ഒരു സോളോ റണ്ണിനൊടുവിൽ ഗോളടിച്ചു വിനീഷ്യസ് റയലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
74ആം മിനുട്ടിൽ ബെർണാർഡോ സിൽവ കൂടി ഗോൾ നേടിയപ്പോൾ സിറ്റി രണ്ടു ഗോളിന് ജയിക്കുമെന്ന തോന്നലുണ്ടായെങ്കിലും 82 മിനുട്ടിൽ പെനാൽട്ടി വഴങ്ങിയത് അവർക്ക് തിരിച്ചടിയായി. കൃത്യമായി എടുത്ത ഒരു പനേങ്ക കിക്കിലൂടെ കരീം ബെൻസേമ സ്‌കോർ 4-3 ആക്കിയെടുത്തുa
Adjust Story Font
16