പകരം വീട്ടി യുണൈറ്റഡ്; മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിയെ വീഴ്ത്തി
ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് യുണൈറ്റഡ് വിജയം പിടിച്ചുവാങ്ങിയത്
വിജയ ഗോള്‍ ആഘോഷിക്കുന്ന യുണൈറ്റഡ് താരങ്ങള്‍
മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തോല്‍വിക്ക് സ്വന്തം തട്ടകത്തില്‍ വെച്ച് പകരംവീട്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പ്രീമിയർ ലീഗിൽ ആരാധകര്‍ കാത്തിരുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് തകര്‍ത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ഇത്തിഹാദിൽ വെച്ച് തമ്മില്‍ ഏറ്റുമുട്ടിയപ്പോൾ മൂന്നിനെതിരെ ആറ് ഗോളിന് സിറ്റി യുണൈറ്റഡിനെ നിലംപരിശാക്കിയിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയാണ് സ്വന്തം തട്ടകത്തില്‍ വെച്ച് ബന്ധവൈരികളെ തകര്‍ത്ത് യുണൈറ്റഡ് സ്വന്തമാക്കിയ വിജയം.
ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് യുണൈറ്റഡ് വിജയം പിടിച്ചുവാങ്ങിയത്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. 60ാം മിനിറ്റിൽ ജാക് ഗ്രീലിഷാണ് യുണൈറ്റഡിനെ ഞെട്ടിച്ച് ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. ബോക്സിന്‍റെ വലതു വിങ്ങിൽനിന്ന് കെവിൻ ഡിബ്രൂയിന്‍ ഉയർത്തി നൽകിയ പന്ത് ഗ്രീലിഷ് ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.
എന്നാല്‍ 78-ാം മിനുട്ടില്‍ ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. മൈതാനമധ്യത്തു നിന്ന് കാസെമെറോ നൽകിയ ത്രൂബാളാണ് ഗോളില്‍ അവസാനിച്ചത്. കാസമെറോ നീട്ടിനല്‍കിയ പന്ത് ഓടിയെടുത്ത ബ്രൂണോ ഫെർണാണ്ടസ് പന്ത് വലയിലെത്തിച്ചു. ആദ്യ സൈഡ് റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തിയെങ്കിലും പിന്നീട് ഗോള്‍ അനുവദിക്കുകയായിരുന്നു. ഫെർണാണ്ടസിനു മുന്‍പേ ഓടിയെത്തിയ റാഷ്ഫോർഡ് പന്തിൽ തൊട്ടെന്ന തെറ്റിദ്ധരിച്ചാണ് റഫറി ഓഫ്സൈഡ് വിളിച്ചത്. എന്നാൽ, റീപ്ലേയില്‍ റാഷ്ഫോര്‍ഡ് പന്ത് തൊട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ഗോൾ അനുവദിക്കുകയായിരുന്നു.
സമനില ഗോളിന് ശേഷം വെറും നാല് മിനുട്ടിനുള്ളിലായിരുന്നു യുണൈറ്റഡിന്‍റെ രണ്ടാം ഗോള്‍ വന്നത്. വലതുവിങ്ങിൽ നിന്ന് ഗർനാചോ നൽകിയ പാസിൽ നിന്നായിരുന്നു റാഷ്ഫോർഡിന്‍റെ മനോഹര ഫിനിഷ്. പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗെർനാച്ചോ നീട്ടിനൽകിയ ഒരു മനോഹര ക്രോസ് റാഷ്ഫോർഡിന് വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളു.
ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു പോയിന്‍റ് മാത്രം പിറകിലായി മാഞ്ചസ്റ്റർ യുണൈറ്റഡ്. 18 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 39 പോയിന്‍റുള്ളപ്പോള്‍ യുണൈറ്റഡിന് അത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് 38 പോയിന്‍റാണുള്ളത്. 44 പോയിന്‍റുമായി ആഴ്സനലാണ് ലീഗില്‍ ഒന്നാമത്
Adjust Story Font
16