Quantcast

'മാർനസ് ഇത് നോക്കൂ...'; വീണ്ടും ബെയിൽസ് മാറ്റിവച്ച് സിറാജ്, പണികിട്ടിയത് ഖ്വാജക്ക്

മൈതാനത്ത് വച്ച് ഒരിക്കൽ കൂടി ലബൂഷൈനുമായി വാക്പോരിന് മുതിർന്ന സിറാജിനോട് 'അവരോട് ചിരിച്ച് സംസാരിക്കരുത്' എന്ന് വിളിച്ചു പറയുന്ന കോഹ്ലിയുടെ ശബ്ദവും സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു.

MediaOne Logo

Web Desk

  • Updated:

    2024-12-26 07:25:27.0

Published:

26 Dec 2024 7:11 AM GMT

മാർനസ് ഇത് നോക്കൂ...; വീണ്ടും ബെയിൽസ് മാറ്റിവച്ച് സിറാജ്, പണികിട്ടിയത് ഖ്വാജക്ക്
X

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിൽ മൈതാനത്ത് വാഗ്വാദങ്ങൾ നിറയുകയാണ്. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പലപ്പോഴായി കൊമ്പുകോർത്ത മാർനസ് ലബൂഷൈനും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും മെൽബണിലും മുഖാമുഖം വന്നു. ഇക്കുറി രസകരമാണ് കാര്യങ്ങൾ. ഗാബയിൽ ലബൂഷൈനെതിരെ സിറാജ് പ്രയോഗിച്ചൊരു മൈൻഡ് ഗെയിം വിജയിച്ചിരുന്നു. കളിക്കിടെ ബാറ്റിങ് എന്റിലേക്ക് നടന്നെത്തിയ സിറാജ് സ്റ്റമ്പിലെ ബെയിലുകൾ പരസ്പരം മാറ്റി വച്ചു. ഉടൻ ലബൂഷൈൻ അത് പഴയപടിയാക്കി. തൊട്ടടുത്ത ഓവറുകളിൽ ഒന്നിൽ നിതീഷ് റെഡ്ഡി ലബൂഷൈനെ പുറത്താക്കി.

ഇക്കുറിയും ലബൂഷൈന് മുന്നിൽ സിറാജ് ഇതേ തന്ത്രം ആവർത്തിച്ചു. എന്നാൽ പിടികൊടുക്കാൻ ഓസീസ് താരം തയ്യാറായിരുന്നില്ല. ബെയിൽസ് മാറ്റി വക്കാനായി സിറാജ് എത്തുമ്പോൾ ജയ്‌സ്വാളിനോട് സംസാരിക്കാനായി മാർനസ് നീങ്ങി നിന്നു. സിറാജ് വിട്ടുകൊടുത്തില്ല‍. ബെയിൽസ് മാറ്റി വച്ച ശേഷം 'മാർനസ് ഇത് നോക്കൂ' എന്ന് വിളിച്ച് പറഞ്ഞാണ് താരം മടങ്ങുന്നത്.

സിറാജിന്‍റെ മൈന്‍ഡ് ഗെയിമില്‍ ഇക്കുറി പണി കിട്ടിയത് ഓപ്പണർ ഉസ്മാൻ ഖ്വാജക്കാണ്. തൊട്ടടുത്ത ഓവറിൽ ഖ്വാജയെ ജസ്പ്രീത് ബുംറ കൂടാരം കയറ്റി. മൈതാനത്ത് വച്ച് ഒരിക്കൽ കൂടി ലബൂഷൈനുമായി വാക് പോരിന് മുതിർന്ന സിറാജിനോട് 'അവരോട് ചിരിച്ച് സംസാരിക്കരുത്' എന്ന് വിളിച്ചു പറയുന്ന കോഹ്ലിയുടെ ശബ്ദവും സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു.

നേരത്തേ അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ 19 കാരൻ സാം കോൺസ്റ്റസിനോടും കോഹ്ലി മൈതാനത്ത് കൊമ്പു കോർത്തിരുന്നു. വാക്‌പോരുകളും മറുപടികളുമൊക്കെയായി ബോക്‌സിങ് ഡേ ടെസ്റ്റ് ചൂടുപിടിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 308 എന്ന നിലയിലാണ് ഓസീസ്. അർധ സെഞ്ച്വറിയുമായി സ്റ്റീവൻ സ്മിത്തും ആറ് റൺസുമായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമാണ് ക്രീസിൽ

TAGS :

Next Story