Quantcast

ഗുഡ്ബൈ ബാഴ്സ; വിതുമ്പിക്കരഞ്ഞ് മെസ്സി

എന്നെ ഞാനാക്കിയത് ബാഴ്‌സയാണ്. ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ ക്ലബിനെ ഞാനേറെ ഇഷ്ടപ്പെടുന്നു. എല്ലാത്തിനും നന്ദി-വിടവാങ്ങല്‍ വാര്‍ത്താസമ്മേളനത്തില്‍ കണ്ണീരോടെ ഇതിഹാസ താരം ലയണല്‍ മെസ്സി

MediaOne Logo

Web Desk

  • Updated:

    2021-08-08 12:43:16.0

Published:

8 Aug 2021 10:38 AM GMT

ഗുഡ്ബൈ ബാഴ്സ; വിതുമ്പിക്കരഞ്ഞ് മെസ്സി
X

ബാഴ്‌സലോണയുടെ ജഴ്‌സിയിൽ ഇനി ഇതിഹാസതാരം ലയണൽ മെസ്സിയില്ല. രണ്ടു പതിറ്റാണ്ടുനീണ്ട ആ ആത്മബന്ധത്തിന് വികാരനിർഭരമായ അന്ത്യം. ബാഴ്‌സയോടും ആരാധകരോടും മെസ്സി കണ്ണീരോടെ വിടചൊല്ലി. നൗകാംപിൽ ഇന്ത്യൻ സമയം 3.30ന് തുടങ്ങിയ വാർത്താസമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞാണ് മെസ്സി ബാഴ്‌സ ആരാധകരോട് വിടചൊല്ലിയത്.

ബാഴ്‌സയെ വിടുന്നത് ഏറ്റവും പ്രസായകരമായ നിമിഷമാണെന്ന് താരം പറഞ്ഞു. വർഷങ്ങളായി ഇവിടെത്തന്നെയായിരുന്നു. 13 വയസുമുതൽ എന്റെ ജീവിതം മുഴുവൻ ഇവിടെത്തന്നെയായിരുന്നു. 21 വർഷങ്ങൾക്കുശേഷമാണ് ക്ലബിനോട് വിടപറയുന്നത്. എല്ലാത്തിനും നന്ദിയുണ്ട്; സഹതാരങ്ങളോടും ഒട്ടേറെ പേരോടും. ക്ലബിനു വേണ്ടി എല്ലാം ഞാൻ നൽകിയിട്ടുണ്ട്-മെസ്സി പറഞ്ഞു.

എന്നെ ഞാനാക്കിയത് ബാഴ്‌സയാണ്. ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ ക്ലബിനെ ഞാനിഷ്ടപ്പെടുന്നു. ഒന്നര വർഷത്തോളം ആരാധകരെ കാണാനായിരുന്നില്ല. ഏറെ പ്രയാസകരമായിരുന്നു അത്. ആരാധകർ കാണിച്ച സ്‌നേഹത്തിനെല്ലാം നന്ദി-കണ്ണീരോടെ താരം പങ്കുവച്ചു.

കഴിഞ്ഞ വർഷം ക്ലബ് വിടാൻ ആഗ്രഹിച്ചിരുന്നു. അപ്പോൾ അതു തീരുമാനിച്ചുറച്ചു തന്നെയായിരുന്നു. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതി. കുടുംബത്തോടൊപ്പം ക്ലബിലും ഈ നഗരത്തിലും തുടരാനുറപ്പിച്ചതായിരുന്നു ഈ വർഷം. അതു തന്നെയായിരുന്നു ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും. എന്നാൽ ഇന്നെനിക്ക് വിടപറയേണ്ടതുണ്ട്-താരം കൂട്ടിച്ചേർത്തു.

മൂന്ന് ദിവസം മുൻപാണ് മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും അന്ത്യം കുറിച്ച് ലയണൽ മെസ്സി ബാഴ്‌സ വിടുന്ന കാര്യത്തിൽ അന്തിമ പ്രഖ്യാപനം വന്നത്. മെസിയുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് ബാഴ്സ മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു. അവസാന സീസണോടെ ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസി ഫ്രീ ഏജന്റായി തുടരുകയായിരുന്നു. എന്നാൽ, സാമ്പത്തിക കാര്യങ്ങളിൽ ലാലിഗ അധികൃതർ കർക്കശ നിലപാട് സ്വീകരിച്ചതോടെ മെസ്സിയുമായുള്ള കരാർതുക പ്രതിസന്ധിയിലായി. ഇതോടെയാണ് കരാർ പുതുക്കാനാകാതെ പോയത്. പിഎസ്ജിയിലെത്തുമെന്ന വാർത്തകളോട് ഇന്ന് വാർത്താസമ്മേളനത്തിൽ മെസ്സി പ്രതികരിച്ചിട്ടില്ല.

2003ൽ ബാഴ്‌സലോണയ്‌ക്കൊപ്പം ചേർന്ന മെസ്സി ക്ലബിന്റെ ഗോൾവേട്ടക്കാരിൽ ഒന്നാമനായാണ് വിടപറയുന്നത്. 778 കളികളിൽനിന്നായി 672 ഗോളാണ് താരത്തിന്റെ സമ്പാദ്യം. രണ്ടു പതിറ്റാണ്ടിനിടെ ആറു തവണ ബാളൺ ഡോർ പുരസ്‌കാരവും നേടി. പത്ത് ലാലിഗയും നാല് ചാംപ്യൻസ് ലീഗ് ട്രോഫിയുമടക്കം 34 കിരീടങ്ങളാണ് താരം ബാഴ്‌സയ്ക്ക് നേടിക്കൊടുത്തത്.

TAGS :

Next Story