മിശിഹാ ടച്ച്; പെലെയെയും മറികടന്ന് ലയണല്‍ മെസ്സി, റെക്കോര്‍ഡ്
ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്ത മെസ്സി ഇന്നലെ നടന്നുകയറിയത് മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിലേക്ക് കൂടിയാണ്.
ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ മറികടന്ന് സെമിയിലെത്തിയ അര്‍ജന്‍റീനക്ക് ഇരട്ടിമധുരം. ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്ത മെസ്സി ഇന്നലെ നടന്നുകയറിയത് മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിലേക്ക് കൂടിയാണ്. മറികടന്നതാകട്ടെ ഇതിഹാസങ്ങളിലെ ഇതിഹാസമായ സാക്ഷാല്‍ പെലെയെയും.
ലോകകപ്പ് നോക്കൌട്ട് റൌണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്യുന്ന താരമെന്ന റെക്കോര്‍ഡാണ് മെസ്സി ഇപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. നെതര്‍ലന്‍ഡ്സിനെതിരായ കളിയിലെ അസിസ്റ്റ് ഉള്‍പ്പെടെ ഇതുവരെ ലോകകപ്പ് നോക്കൌട്ടുകളില്‍ നിന്ന് മെസ്സി അഞ്ച് അസിസ്റ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ഫുട്ബോള്‍ രാജാവെന്ന് ലോകം വിശേഷിപ്പിക്കുന്ന പെലെയുടെ പേരിലായിരുന്നു ഇതിനുമുന്‍പുള്ള റെക്കോര്‍ഡ് നേട്ടം. നാല് അസിസ്റ്റുകളാണ് നോക്കൌട്ട് റൌണ്ടുകളില്‍ നിന്ന് പെലെ സ്വന്തം പേരിലാക്കിയത്.
ഇനി മെസ്സിക്ക് മുന്നിലുള്ളത് ആകെ ലോകകപ്പ് അസ്സിസ്റ്റുകളുടെ എണ്ണത്തിലെ റെക്കോര്‍ഡാണ്. ഗ്രൂപ്പ് സ്റ്റേജ് ഉള്‍പ്പെടെ ലോകകപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളില്‍ നിന്നുമുള്ള മെസ്സിയുടെ ആകെ അസിസ്റ്റുകള്‍ ഏഴെണ്ണമാണ്. ഇക്കാര്യത്തില്‍ ബ്രസീല്‍ ഇതിഹാസം പെലെ തന്നെയാണ് മുന്നില്‍. ലോകകപ്പില്‍ പെലെയുടെ പേരില്‍ എട്ട് അസിസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെസ്സിയുടെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് ആരാധകര്‍ വിലയിരുത്തുമ്പോള്‍ ഒരു അസിസ്റ്റ് കൂടി പൂര്‍ത്തിയാക്കി പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തുമെന്നാണ് ഏവരുടേയും പ്രതീക്ഷ. നിലവില്‍ രാജ്യാന്തര തലത്തില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ മെസ്സിയുടെ പേരില്‍ത്തന്നെയാണ്.
ഓറഞ്ച് പടയെ തകര്‍ത്ത് അര്‍ജന്‍റീന സെമിയില്‍
അതിനാടകീയ രംഗങ്ങൾക്കൊടുവിലാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതർലൻഡ്‌സിനെതിരെ മറികടന്ന് അർജൻറീന സെമിയിലെത്തിയത്. ആദ്യ ഇരുപകുതിയും അധികസമയവും സമനിലയിലായതിനാൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. നേരത്തെ ഇരട്ടഗോൾ ലീഡ് നേടി മത്സരത്തിൽ മുന്നിട്ടുനിന്ന മെസ്സിപ്പടയെ വെഗ്‌ഹോസ്റ്റിനെ സൂപ്പർ സബ്ബായിറക്കി സമനിലയിൽ കുരുക്കിയ ഡച്ച് ടീമിന് പക്ഷേ ഷൂട്ടൗട്ട് സമ്മർദ്ദം അതിജീവിക്കാനായില്ല. നാലു അർജൻറീനൻ താരങ്ങൾ കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോൾ മൂന്നു പേരാണ് ഡച്ചപടയിൽ നിന്ന് ലക്ഷ്യം കണ്ടത്. അർജൻറീനൻ ഗോൾകീപ്പർ മാർട്ടിനെസ് കിടിലൻ സേവുകളും ഷൂട്ടൗട്ടിൽ കാഴ്ചവെച്ചു. നാലാമത് കിക്കെടുത്ത എൻസോ അവസരം പാഴാക്കിയെങ്കിലും ലൗത്താരോയെടുത്ത അവസാന കിക്ക് സെമിയിൽ അർജൻറീനയുടെ ഇടം ഉറപ്പാക്കി .
ക്വാർട്ടർ ഫൈനലിൽ ഇരട്ടഗോൾ നേടിയ അർജൻറീന മുന്നിട്ടുനിൽക്കുകയായിരുന്നു. ആദ്യ പകുതിയിൽ മൊളീനയും രണ്ടാം പകുതിയിൽ പെനാൽട്ടിയിലൂടെ മെസ്സിയുമാണ് നീലപ്പടക്കായി ഗോൾ നേടിയത്. എന്നാൽ 78ാം മിനുട്ടിൽ സബ്ബായി ഇറങ്ങിയ സ്ട്രൈക്കർ വൗട്ട് വെഗ്ഹോസ്റ്റ് 83ാം മിനുട്ടിൽ ഓറഞ്ച് പടയ്ക്ക് ആദ്യ ഗോൾമധുരം നൽകി. രണ്ടാം വട്ടവും നെതർലൻഡ്സിനെ തുണച്ചത് അദ്ദേഹം തന്നെയായിരുന്നു. രണ്ടാം പകുതിയുടെ അധികസമയത്ത് കൂംപനേഴ്സിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.
73ാം മിനുട്ടിൽ അർജൻറീന രണ്ടാം ഗോൾ നേടിയ ശേഷമാണ് സൂപ്പർ സബ്ബെന്ന് വിളിക്കാവുന്ന വെഗ്ഹോസ്റ്റ് ഇറങ്ങിയത്. ഡീപേയ്ക്ക് പകരമായാണ് താരം 78ാം മിനുട്ടിൽ ഇറങ്ങിയത്. തുടർന്ന് 83ാം മിനുട്ടിൽ ബെർജിസായിരുന്നു അസിസ്റ്റിൽ നിന്ന് ഡച്ചുകാർക്കായി ആദ്യ ഗോൾ നേടുകയായിരുന്നു.
രണ്ടാം പകുതിയിൽ 73ാം മിനുട്ടിലാണ് മെസ്സി പെനാൽട്ടിയിലൂടെ ഗോളടിച്ചത്. അക്യൂനയെ ബംഫ്രിസ് വീഴ്ത്തിയതിനാണ് പെനാൽട്ടി ലഭിച്ചത്. 38ാം മിനുട്ടിൽ നായകൻ ലയണൽ മെസ്സിയുടെ പാസിലാണ് മൊളീന വലകുലുക്കിയത്. മത്സരത്തിൽ ഇരുടീമുകളും പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചിരുന്നത്. എന്നാൽ മെസ്സിയുടെ ഇടപെടൽ മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. ഗോളി നോപ്പെർട്ടിനും ബ്ലിൻഡിനുമിടയിലൂടെ മൊളീന പന്ത് വലയിലെത്തിച്ചു.
Adjust Story Font
16