മെസ്സി റൊണാള്‍ഡോ പോരാട്ടം വീണ്ടും; മത്സരം ഈ മാസം
നീണ്ട ഇടവേളക്ക് ശേഷമാണ് ക്രിസ്റ്റ്യാനോയും മെസിയും കളത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്
നീണ്ട ഇടവേളക്ക് ശേഷം സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും കളത്തില്‍ നേര്‍ക്കു നേര്‍ വരുന്നു. ഈ മാസം 19ന് സൗദിയിൽ നടക്കുന്നൊരു സൗഹൃദ മത്സരത്തിലാണ് ഇരുവരും കളത്തിൽ വീണ്ടും കൊമ്പ് കോർക്കുന്നത്. ക്രിസ്റ്റ്യാനോ രണ്ട് ദിവസം മുമ്പാണ് സൗദി ക്ലബ്ബായ അൽ നസ്‌റിലേക്ക് കൂടുമാറിയത്. എന്നാൽ പി.എസ്.ജിയുടെ സൗഹൃദ മത്സരം അൽ നസ്‌റുമായല്ല. സൗദിയിലെ മറ്റൊരു പ്രധാന ക്ലബ്ബായ അൽ ഹിലാലിന്റേയും അല്‍ നസ്റിന്‍റേയും മുന്‍ നിര താരങ്ങൾ അണിനിരക്കുന്ന ടീമിനെതിരെയാവും പി.എസ്.ജി ഏറ്റുമുട്ടുക.
പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോയും മെസിയും വ്യത്യസ്ത വന്‍കരകളില്‍ പന്ത് തട്ടുന്നത്. ഇത് വരെ ഇരുവരും യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളിലായിരുന്നു പന്ത് തട്ടിയിരുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നസർ ക്ലബ്ബുമായി കരാർ ഒപ്പുവച്ചത്. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് സൂപ്പർ താരത്തിന്റെ സൗദി പ്രവേശനം. സൗദി ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ അൽ നസ്‌റിന്റെ ഏഴാം നമ്പർ ജഴ്‌സിയിലാണ് ക്രിസ്റ്റ്യാനോ കളിക്കുക.
കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതു മുതൽ 37 കാരനായ പോർച്ചുഗീസ് താരത്തിന്റെ അൽ നസ്ർ പ്രവേശനം ചർച്ചയാണ്. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിലൊന്നിൽ ചേരാനായിരുന്നു റൊണാൾഡോക്ക് താൽപര്യം. എന്നാൽ ലഭ്യമാകാവുന്ന ഏറ്റവും മുന്തിയ ഓഫർ നൽകിയാണ് സൗദി ക്ലബ് സൂപ്പർ താരത്തെ സ്വന്തമാക്കിയത്. 1955ൽ രൂപീകരിച്ച സൗദിയിലെ അൽ നസ്ർ ക്ലബ് ഇന്ന് പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്. റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദിയുടെ കായിക ചിത്രവും മാറും.
Adjust Story Font
16