സ്‌കോർനില ചോദിച്ചപ്പോൾ പരമ്പരയുടെ ലീഡ്നില ഓർമിപ്പിച്ചു, ഇംഗ്ലീഷ് കാണികളുടെ വായടപ്പിച്ച് സിറാജ്; വൈറല്‍ വീഡിയോ കാണാം
ലോർഡ്‌സിൽ കെഎൽ രാഹുലിനുനേരെ ഇംഗ്ലീഷ് ആരാധകർ ബിയർകുപ്പിയുടെ അടപ്പ് എറിഞ്ഞത് ഏറെ വിവാദമായിരുന്നു. ഇന്നലെ ലീഡ്‌സിൽ പന്തുകൊണ്ടാണ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ ഇംഗ്ലീഷ് ആരാധകർ നേരിട്ടത്
നോട്ടിങ്ഹാമിലും ലോർഡ്‌സിലും ഇന്ത്യൻ താരങ്ങൾക്കെതിരെ നടത്തിയ വംശീയ അധിക്ഷേപങ്ങളും മോശം പെരുമാറ്റവും മൂന്നാം ടെസ്റ്റിലും തുടരുകയാണ് ഇംഗ്ലീഷ് ആരാധകർ. ലോർഡ്‌സിൽ കെഎൽ രാഹുലിനുനേരെ ഇംഗ്ലീഷ് ആരാധകർ ബിയർകുപ്പിയുടെ അടപ്പ് എറിഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാൽ, ലീഡ്‌സിൽ പന്തുകൊണ്ടാണ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ ഇംഗ്ലീഷ് ആരാധകർ നേരിട്ടത്. ഗാലറിയിൽനിന്ന് ഇന്ത്യൻ താരങ്ങൾക്കെതിരെ പരിഹാസവും പുച്ഛവും കലർന്ന പരാമർശങ്ങൾ മുടക്കമില്ലാതെ തുടരുകയാണ് ഇംഗ്ലീഷ് കാണികൾ.
അതിനിടെ, ആദ്യദിനം പരിഹാസവുമായി നേരിട്ട കാണികൾക്ക് സിറാജ് നൽകിയ മറുപടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്തിട്ടും തകർന്നടിഞ്ഞ ഇന്ത്യൻ സംഘത്തെ ഗാലറിയിൽനിന്ന് പരിഹാസങ്ങളോടെയാണ് ഇംഗ്ലീഷ് കാണികൾ നേരിട്ടത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലീഷ് ഓപണർമാർ പിടിതരാതെ മുന്നേറുന്നതിനിടെയാണ് സിറാജിനുനേരെ കാണികൾ ആ ചോദ്യമെറിഞ്ഞത്: സ്‌കോർ എത്രയായി!
39-ാം ഓവറിലായിരുന്നു ഇത്. ഡീപ് മിഡ്‌വിക്കറ്റ് ബൗണ്ടറി ലൈനിലായിരുന്നു സിറാജ്. എന്നാൽ, കളിയുടെ സ്‌കോർനില ചോദിച്ച കാണികളെ പരമ്പരയുടെ ലീഡ്‌നില ഓർമിപ്പിച്ച് വായടപ്പിക്കുകയായിരുന്നു സിറാജ്. പരമ്പരയിൽ 1-0ത്തിന് മുന്നിൽനിൽക്കുകയാണ് ഇന്ത്യ. കൈകൊണ്ട് ആംഗ്യം കാണിച്ചാണ് സിറാജ് പരിഹാസവർഷങ്ങൾ ചൊരിഞ്ഞ കാണികൾക്ക് ചുട്ട മറുപടി നൽകിയത്.
Siraj responds to English crowd. 1-0 #INDvENG 3rd test #HeadingleyTest pic.twitter.com/h0uORFqL9e
— Gomzy (@gouthamsubbaiah) August 26, 2021
മത്സരത്തിനിടെ സിറാജിനുനേരെ ഇംഗ്ലീഷ് ആരാധകർ പന്തെറിഞ്ഞതായി വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് മത്സരശേഷം വെളിപ്പെടുത്തിയത്. ഇംഗ്ലീഷ് കാണികളുടെ വംശീയാധിക്ഷേപങ്ങളിലും മോശം പെരുമാറ്റത്തിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
അതേസമയം, ആദ്യദിനം ജിമ്മി ആൻഡേഴ്‌സന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പേസ് ആക്രമണത്തിനുമുന്നിൽ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുകയായിരുന്നു ഇന്ത്യൻ ബാറ്റിങ് നിര. രോഹിത് ശർമ(19)യും അജിങ്ക്യ രഹാനെ(18)യും മാത്രമാണ് രണ്ടക്കം കടന്നത്. നായകൻ വിരാട് കോഹ്ലി ഒരിക്കൽകൂടി ആൻഡേഴ്‌സന് പിടിനൽകി മോശം ഫോം തുടർന്നു. 78 റൺസിനാണ് ഇംഗ്ലീഷ് ബൗളിങ് നിര ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബൗളർമാർക്ക് ഒരു അവസരവും നൽകാതെ റണ്ണൊഴുക്ക് തുടരുകയാണ് ഇംഗ്ലീഷ് ഓപണർമാരായ ഹസീബ് ഹമീദും(65*) റോറി ബേൺസും(60*). അവസാനം വിവരം ലഭിക്കുമ്പോൾ 134 റൺസിന്റെ കൂട്ടുകെട്ടുമായി അപ്രതിരോധ്യരായി നിൽക്കുകയാണ് ഇരുവരും; ഇംഗ്ലണ്ട് 56 റൺസ് ലീഡും നേടിക്കഴിഞ്ഞു.
Adjust Story Font
16