'ഐ.പി.എല്ലിൽ അവസരം നൽകാമെന്ന് പറഞ്ഞ് എന്‍റെ പേരിൽ പണം തട്ടാന്‍ ശ്രമം'; വൈകാരികമായി സർഫറാസിന്റെ പിതാവ്
സർഫറാസ് ഖാന്റെ അരങ്ങേറ്റത്തിന് ശേഷം വാർത്തകളിൽ സജീവ സാന്നിധ്യമായതോടെയാണ് നൗഷാദിന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടത്.
ഐ.പി.എല്ലിൽ അവസരം നൽകാമെന്ന് പറഞ്ഞ് തന്റെ പേരിൽ പണം തട്ടാന്‍ ശ്രമിക്കുന്നതായി ഇന്ത്യൻ താരം സർഫറാസ് ഖാന്റെ പിതാവ് നൗഷാദ് ഖാൻ. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് യുവതാരങ്ങളിൽ നിന്നും പണം തട്ടാന്‍ ശ്രമിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിൽ നെറ്റ് ബോളർമാരായും അവസരം നൽകാമെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെടുന്നത് എന്ന് നൗഷാദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വീഡിയോയിൽ പറയുന്നു. സർഫറാസ് ഖാന്റെ അരങ്ങേറ്റത്തിന് ശേഷം വാർത്തകളിൽ സജീവ സാന്നിധ്യമായതോടെയാണ് നൗഷാദിന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടത്.
'ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐ.പി.എല്ലിൽ നെറ്റ് ബോളർമാരാവാനും സംസ്ഥാന ക്രിക്കറ്റ് അക്കാദമി സെലക്ഷനിലും അവസരം നേടിത്തരാൻ ഈ അക്കൗണ്ടുകൾ യുവതാരങ്ങളോട് പണം ആവശ്യപ്പെടുന്നുണ്ട്. എനിക്ക് ഈ താരങ്ങളോട് പറയാനുള്ളത് വ്യാജ പ്രൊഫൈലുകളെ വിശ്വസിക്കരുതെന്നാണ്. ഒരു ഐ.പി.എൽ ടീമുമായും ഞാൻ സഹകരിക്കുന്നില്ല. ഒരിടത്തും ഞാൻ കോച്ചിങ് നൽകുന്നുമില്ല. അത് കൊണ്ട് വ്യാജന്മാരെ സൂക്ഷിക്കുക. കളിക്കളത്തില്‍ കഠിനാധ്വാനം ചെയ്ത് കൊണ്ടേയിരിക്കുക'- നൗഷാദ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാന്‍റെ അരങ്ങേറ്റത്തിന് ശേഷമാണ് നൗഷാദ് ഖാന്‍റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തൊട്ടു മുൻപായി സർഫറാസ് ഖാന് ഇന്ത്യൻ മുൻ താരം അനിൽകുബ്ലെ ടീം തൊപ്പി സമ്മാനിക്കുമ്പോൾ തൊട്ടരികിലായി ആനന്ദാശ്രൂപൊഴിക്കുകയായിരുന്നു നൗഷാദ് ഖാൻ. ദീർഘകാലത്തെ സ്വപ്‌ന സാക്ഷാത്കാരമായി ദേശീയ ടീമിലേക്ക് മകനെ സഹ താരങ്ങൾ കൈയടികളോടെ സ്വാഗതം ചെയ്യുമ്പോൾ പിതാവിന് അത് അഭിമാന നിമിഷമായിരുന്നു. നൗഷാദ് ഖാനാണ് സർഫറാസിന് ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ പകർന്നു നൽകിയത്.
ക്യാപ് സ്വീകരിച്ച ശേഷം പിതാവിന്റെ അടുത്തേക്ക് ഓടിയെത്തി സർഫറാസ് ക്യാപ് കൈമാറി. ക്യാപ് കൈയിലെടുത്ത് നൗഷാദ് ഇന്ത്യൻ ബാഡ്ജിൽ മുത്തമിട്ടു. രാജ്‌കോട്ട് നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിലുള്ളവരെല്ലാം വികാരഭരിതമായാണ് ഈ കാഴ്ചകള്‍ വീക്ഷിച്ചത്. ആദ്യ ടെസ്റ്റിൽ കെ.എൽ രാഹുലിന് പരിക്കേറ്റതോടെയാണ് 26 കാരന് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ തുടരെ സെഞ്ചുറികൾ നേടി ഉജ്ജ്വലഫോമിൽ കളിച്ചിട്ടും താരത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ അപ്രതീക്ഷിതമായാണ് വിളിയെത്തിയത്. തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കിയ സര്‍ഫറാസ് മൂന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും അര്‍ധ സെഞ്ച്വറി കുറിച്ച് ഇന്ത്യന്‍ വിജയത്തിന്‍റെ നെടുംതൂണായി.
Adjust Story Font
16