''സ്വീറ്റ് മാങ്കോസ്''; കോഹ്ലിയുടെ വിക്കറ്റ് വീണയുടന്‍ നവീനുൽ ഹഖിന്റെ സ്‌റ്റോറി
മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ കോഹ്‍ലിയുടെ വിക്കറ്റ് വീണു
വാംഖഡേ: കഴിഞ്ഞയാഴ്ച ബാംഗ്ലൂർ ലഖ്‌നൗ മത്സരത്തിന് ശേഷം നടന്ന നാടകീയ സംഭവങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ബാംഗ്ലൂർ താരം വിരാട് കോഹ്ലിയും ലഖ്‌നൗ മെന്റർ ഗൗതംഗംഭീറും തമ്മിൽ നടന്ന വാക്കേറ്റം ഏറെ നേരം മൈതാനത്തെ ചൂടുപിടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് ടീമംഗങ്ങൾ ഇരുവരേയും തണുപ്പിച്ചത്. ലഖ്‌നൗ താരം നവീനുല്‍ ഹഖുമായും കോഹ്‍ലി മൈതാനത്ത് കൊമ്പുകോര്‍ത്തു.
കോഹ്‍ലി നവീന്‍ പോര് ആ മത്സരത്തോടെ അവസാനിച്ചു എന്നു കരുതിയ ആരാധകര്‍ക്ക് തെറ്റി. സോഷ്യല്‍ മീഡിയയില്‍ നവീനുല്‍ ഹഖ് കോഹ്‍ലിയെ വിടാതെ പിന്തുടരുകയാണിപ്പോഴും. കഴിഞ്ഞ ദിവസം ഗൗതം ഗംഭീറുമൊത്തുള്ളൊരു ചിത്രം പങ്കുവച്ച് നവീന്‍ കുറിച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇന്ന് ബാംഗ്ലൂര്‍ മുംബൈ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ കോഹ്‍ലി പുറത്തായി. ഇതിന് ശേഷം നവീന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടൊരു സ്റ്റോറി പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'സ്വീറ്റ് മാംഗോസ്' എന്ന പേരില്‍ നവീന്‍ പങ്കുവച്ച് ചിത്രത്തിന് പുറകില്‍ മുംബൈ ബാംഗ്ലൂര്‍ മത്സരത്തിന്‍റെ ലൈവ് ടെലികാസ്റ്റ് കാണാം. നവീന്‍ കോഹ്‍ലി പോര് ഇനിയുമവസാനിച്ചിട്ടില്ല എന്നാണിപ്പോള്‍ ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ നവീന്‍ കുറിച്ച കുറിപ്പ് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. ''നിങ്ങളോട് ആളുകൾ എങ്ങനെ പെരുമാറണം എന്ന് ആഗ്രഹിക്കുന്നുവോ ആ രീതിയിൽ നിങ്ങൾ ആളുകളോട് പെരുമാറുക. നിങ്ങളോട് ആളുകൾ എങ്ങനെ സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അതേ രീതിയിൽ അവരോട് സംസാരിക്കുക'' എന്നാണ് ഗംഭീറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നവീൻ കുറിച്ചത്. പോസ്റ്റിന് താഴെ ഗംഭീറിന്റെ കമന്റ് ഇങ്ങനെയായിരുന്നു. ''നിങ്ങൾ ആരായിരിക്കുന്നുവോ അങ്ങനെ തന്നെ തുടരുക. ഒരിക്കലും മാറരുത്''. പോസ്റ്റ് കോഹ്‍ലിയെ പരോക്ഷമായി ലക്ഷ്യം വക്കുന്നതാണ് എന്നാണ് ആരാധകരുടെ പക്ഷം.
ബാംഗ്ലൂര്‍ ലഖ്നൌ മത്സരത്തെ ചൂടുപിടിപ്പിച്ച സംഭവമായിരുന്നു കോഹ്‍ലി - നവീന്‍ പോര്. ബാറ്റ് ചെയ്യുകയായിരുന്ന നവീനടുത്തേക്ക് രോഷത്തോടെ എത്തിയ കോഹ്ലി തന്റെ കാലിലെ ഷൂ ഉയർത്തി അതിന് താഴെയുള്ള പുല്ലെടുത്ത് കാണിച്ച് എന്തോ പറഞ്ഞു. പിന്നീട് അമ്പയറും നോൺ സ്‌ട്രൈക്കിങ് എന്റിലുണ്ടായിരുന്ന അമിത് മിശ്രയും ചേർന്ന് കോഹ്ലിയെ തടയാൻ ശ്രമിക്കുന്നത് കാണാം.തടയാന്‍ വന്ന അമിത് മിശ്രയോടും കോഹ്ലി തട്ടിക്കയറി. മിശ്ര കോഹ്ലിയോട് രൂക്ഷമായി തന്നെ പ്രതികരിച്ചു.
മത്സരത്തിന്റെ 17ാം ഓവറിൽ ഇരുവർക്കുമിടയിൽ ആരംഭിച്ച സംഘർഷം കളിക്ക് ശേഷവും തുടർന്നു. താരങ്ങൾ ഹസ്തദാനം നടത്തുന്നതിനിടെ കോഹ്ലി നവീനോട് എന്തോ പറയുന്നത് കാണാമായിരുന്നു. ഇത് താരത്തെ വല്ലാതെ ചൊടിപ്പിച്ചു. കോഹ്ലിയോട് നവീൻ കയർക്കുന്നത് കണ്ട സഹതാരങ്ങൾ താരത്തെ പിടിച്ചു മാറ്റി.
Adjust Story Font
16