സഞ്ജുവും രാഹുലുമില്ല; ഇർഫാൻ പത്താന്റെ ലോകകപ്പ് ഇലവൻ ഇങ്ങനെ
ഐ.പി.എല്ലിലെ മോശം പ്രകടനത്തെ തുടര്‍ന്ന് താന്‍ ഏറെ വിമര്‍ശിച്ച മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ പത്താന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്
ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങൾ താരങ്ങൾക്ക് ലോകകപ്പ് ടീമിലേക്കുള്ള വാതിൽ തുറക്കുമെന്നതിനാൽ തന്നെ ഏറെ ആകാംക്ഷയിലാണ് ആരാധകർ. ഇതിനിടെ നിരവധി മുൻതാരങ്ങൾ തങ്ങളുടെ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ തന്റെ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചത്. പത്താന്റെ ടീമിൽ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ഇടമില്ല. 15 അംഗ സ്‌ക്വാഡിനെയാണ് ഇർഫാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
പത്താന്റെ ഇലവനിൽ ടോപ് ഓർഡറിൽ രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, എന്നിവരാണുള്ളത്. മിഡിൽ ഓർഡറിൽ സൂര്യകുമാർ യാദവ്, ഋഷബ് പന്ത്, റിങ്കു സിങ്, ശിവം ദൂബേ, ഹർദിക് പാണ്ഡ്യ എന്നീ താരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഐ.പി.എല്ലിലെ മോശം പ്രകടനത്തെ തുടര്‍ന്ന് താന്‍ ഏറെ വിമര്‍ശിച്ച മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ പത്താന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് വഴിവച്ചു.
രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നർമാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് അർഷദീപ് സിങ് എന്നിവരാണ് പത്താന്റെ ഇലവനിലെ പേസർമാർ. ഇലവനിലെ കെ.എല്‍ രാഹുല്‍ ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങളുടെ അഭാവവും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.
നേരത്തേ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഇലവനെ പ്രഖ്യാപിച്ചപ്പോഴും സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഓപ്പണിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം യശസ്വി ജയ്‌സ്വാളിനെ തന്നെയാണ് കൈഫും ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിനെ കൈഫ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മൂന്നും നാലും സ്ഥാനങ്ങളിൽ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവുമാണ് ഇടംപിടിച്ചിരിക്കുന്നത്.
അഞ്ചാമനായി മുംബൈ നായകൻ ഹർദിക് പാണ്ഡ്യ. വിക്കറ്റ് കീപ്പർ ബാറ്ററായി ഡൽഹി നായകൻ ഋഷബ് പന്തിനെയാണ് കൈഫ് ടീമിൽ ഉൾപ്പെടുത്തിയത്. അക്‌സർ പട്ടേലും രവീന്ദ്ര ജഡേജയും ഏഴ് എട്ട് സ്ഥാനങ്ങളിൽ . കുൽദീപ് യാദവാണ് ടീമിലെ സ്പിന്നർ. ജസ്പ്രീത് ബുംറയും അർഷദീപ് സിങ്ങുമാണ് കൈഫിന്റെ ഇലവനിലെ പേസർമാർ. യുസ്വേന്ദ്ര ചാഹലിനെ ബാക് അപ് സ്പിന്നറായും കൈഫ് തന്റെ ഇലവനിൽ ഉൾപ്പെടുത്തി.
Adjust Story Font
16