''അയാൾക്കെതിരെ റൺസ് കണ്ടെത്തുക ഒട്ടും എളുപ്പമായിരുന്നില്ല''; ഉറക്കമില്ലാ രാവുകള്‍ സമ്മാനിച്ച ഇന്ത്യൻ ബൗളറെക്കുറിച്ച് കുമാർ സംഗക്കാര
'വേഗത്തിലും കൃത്യതയോടെയും സ്റ്റംപിനു നേരെയുമായിരുന്നു അദ്ദേഹം പന്തെറിഞ്ഞുകൊണ്ടിരുന്നത്. പേസും ബൗൺസുമുള്ള ആ പന്തുകൾക്കു മുൻപിൽനിന്ന് രക്ഷപ്പെടാൻ നേരിയ സാധ്യതയേ ഉണ്ടായിരുന്നുള്ളൂ'
ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര. സ്ഥിരതയാർന്ന പ്രകടനത്തിനൊപ്പം കളിക്കുന്ന ഷോട്ടുകളുടെ സൗന്ദര്യം കൊണ്ടും വൈവിധ്യം കൊണ്ടും താരം മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ഇടംപിടിച്ചയാളാണ്. 2015ൽ വിരമിക്കുമ്പോൾ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരനായിരുന്നു സംഗക്കാര. ടെസ്റ്റ് ക്രിക്കറ്റിൽ ആറാമനും. 15 വർഷത്തെ കരിയറിൽ 25,016 റൺസാണ് താരം വാരിക്കൂട്ടിയത്.
എന്നാൽ, സംഗക്കാരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ഒരു ബൗളറുണ്ടായിരുന്നു; ഇന്ത്യയുടെ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ. സംഗക്കാര തന്നെയാണ് ഇക്കാര്യം ഇപ്പോൾ തുറന്നുസമ്മതിച്ചിരിക്കുന്നത്. 'ഹാൾ ഓഫ് ഫെയിമി'ലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനിൽ കുംബ്ലയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് ഐസിസി തയാറാക്കിയ വിഡിയോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഒരു ബാറ്റ്‌സ്മാനെന്ന നിലയിൽ കുംബ്ലെ എനിക്ക് ഉറക്കമില്ലാ രാവുകൾ സമ്മാനിച്ചിട്ടുണ്ട്. ഓർത്തഡോക്‌സ് സ്പിന്നറായിരുന്നില്ല അദ്ദേഹം. ഹൈ ആം ആക്ഷനായിരുന്നു പൊക്കം കൂടിയ താരത്തിന്റേത്. വേഗത്തിലും കൃത്യതയോടെയും സ്റ്റംപിനു നേരെയുമായിരുന്നു കുംബ്ലെ പന്തെറിഞ്ഞുകൊണ്ടിരുന്നത്. അദ്ദേഹത്തിനെതിരെ റൺസ് കണ്ടെത്തുക അത്ര എളുപ്പമുളള കാര്യമായിരുന്നില്ല. പേസും ബൗൺസുമുള്ള പന്തുകളായിരുന്നു അവ. അവയ്ക്കു മുൻപിൽനിന്ന് രക്ഷപ്പെടാൻ നേരിയ സാധ്യതയേ ഉണ്ടായിരുന്നുള്ളൂ-സംഗക്കാര സമ്മതിച്ചു.
"If you were a batsman facing Anil Kumble, you knew that he had a plan for you."
— ICC (@ICC) May 20, 2021
One of India's finest on #ICCHallOfFame 📽️ pic.twitter.com/55Et7OWpdV
സ്‌നേഹസമ്പന്നനായ വ്യക്തിത്വമാണ് കുംബ്ലെയെന്നും സംഗക്കാര പറഞ്ഞു. ക്രിക്കറ്റിനെ അദ്ദേഹം ആത്മാർത്ഥമായി സ്‌നേഹിച്ചു. ഇന്ത്യയുടെയും ലോകക്രിക്കറ്റിന്റെയും സമ്പൂർണ ചാംപ്യൻ താരമാണ് കുംബ്ലെയെന്നും സംഗ കൂട്ടിച്ചേർത്തു. ഐപിഎല്ലിൽ രാജസ്താൻ റോയൽസിന്റെ പരിശീലകനാണ് നിലവിൽ സംഗക്കാര.
Adjust Story Font
16