പഴയ വിൻഡീസ്, ഓസീസ് ടീമുകളെ പോലെയല്ല; നിലവിലെ ഇന്ത്യൻ ടീമിന് ക്രിക്കറ്റ് ലോകം അടക്കിവാഴാനാകുമെന്നു തോന്നുന്നില്ലെന്ന് സുനിൽ ഗവാസ്‌കർ
നിലവിലെ ടീമിന്റെ പ്രതിഭ വച്ച് ആകാശം മാത്രമാണ് അവർക്കു മുന്നിലുള്ള പരിധിയെന്നാണ് തോന്നുന്നതെന്നും ഗവാസ്‌ക്കർ സൂചിപ്പിച്ചു
വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിദേശത്തും സ്വന്തം മണ്ണിലും വിജയക്കുതിപ്പ് തുടരുകയാണ്. ഓസീസിനെ വീണ്ടും അവരുടെ മണ്ണിൽ തന്നെ തറപറ്റിച്ചതോടെ 'വിന്റേജ്' വെസ്റ്റിൻഡീസ് ടീമിനോട് ഇന്ത്യയെ താരതമ്യം ചെയ്തുകൊണ്ടുള്ള വിലയിരുത്തലുകളും വന്നുതുടങ്ങിയിട്ടുണ്ട്. നിലവിലെ ഇന്ത്യൻ ടീം ദീർഘകാലം ലോകക്രിക്കറ്റിനെ ഭരിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരിൽ ചിലരെങ്കിലും വിലയിരുത്തുന്നത്.
എന്നാൽ, മുൻ ഇന്ത്യൻ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ സുനിൽ ഗവാസ്‌ക്കർക്ക് അത്തരമൊരു അഭിപ്രായമില്ല. വെസ്റ്റിൻഡീസിനെപ്പോലെ നിലവിലെ ഇന്ത്യൻ ടീമിന് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാനാകുമോയെന്ന കാര്യത്തിൽ ഗവാസ്‌ക്കറിന് സംശയമുണ്ട്. യൂടൂബിൽ 'ദ ക്രിക്കറ്റ് അനലിസ്റ്റ് ഷോ'യിലാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.
വെസ്റ്റിൻഡീസിനെപ്പോലെ ഇന്ത്യൻ ടീമിന് അടക്കിവാഴാനാകുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. വിൻഡീസ് മുഴുവൻ മത്സരങ്ങളും, അഥവാ അഞ്ചിൽ അഞ്ച് ടെസ്റ്റും വിജയിച്ചിരുന്നു. ഓസ്‌ട്രേലിയ അഞ്ചിൽ നാലും. എന്നാൽ, നിലവിലെ ഇന്ത്യൻ ടീമിന് അതു ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പില്ല. അവർ മികച്ച പ്രതിഭകൾ കൊണ്ട് നിറഞ്ഞ ടീം തന്നെയാണെങ്കിലും പലപ്പോഴും അസ്ഥിരതയും കാണുന്നുണ്ട്-ഗവാസ്‌ക്കർ അഭിപ്രായപ്പെട്ടു.
വിദേശത്തെ ആ അസ്ഥിരതയുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. എന്നാലും നിലവിലെ ടീമിന്റെ സാധ്യത വച്ച് ആകാശം മാത്രമാണ് അവരുടെ പരിധിയെന്നാണ് തനിക്കു തോന്നുന്നതെന്നും ഗവാസ്‌ക്കർ കൂട്ടിച്ചേർത്തു.
Adjust Story Font
16