വംശീയ പരാമർശങ്ങൾക്കുള്ള വിലക്ക് തീരുന്നു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്താൻ ഒലി റോബിൻസൻ
ഇന്ത്യയ്‌ക്കെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ താരം കളിച്ചേക്കും
വംശീയ പരാമർശങ്ങളുടെ പേരിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്റെ അച്ചടക്കനടപടി നേരിടുന്ന ഒലി റോബിൻസൻ കളിയിലേക്ക് തിരിച്ചെത്തുന്നു. എട്ടു മത്സരങ്ങളിൽനിന്നുള്ള വിലക്കിനുശേഷമാണ് താരത്തിന് കളി തുടരാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഒലി 3,200 യൂറോ(ഏകേദശം മൂന്നര ലക്ഷം രൂപ) പിഴയൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ഒലി റോബിൻസനെതിരായ നടപടി അവസാനിപ്പിച്ചതായി അറിയിച്ചത്. ഇതോടെ ഇന്ത്യയ്‌ക്കെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ താരത്തിന് കളിക്കാനാകും.
2012നും 2013നും ഇടയിൽ ട്വിറ്ററിലൂടെ നടത്തിയ വംശീയ വിദ്വേഷവും സ്ത്രീ വിരുദ്ധതയും നിറഞ്ഞ കുറിപ്പുകളുടെ പേരിലാണ് ഒലി റോബിൻസൻ അച്ചടക്കനടപടി നേരിട്ടത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അനിശ്ചിതകാലത്തേക്കായിരുന്നു വിലക്കേർപ്പെടുത്തിയത്. എന്നാൽ, നടപടി പരിശോധിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനുകീഴിലെ ക്രിക്കറ്റ് ഡിസിപ്ലിൻ കമ്മീഷൻ(സിഡിസി) എട്ടു മത്സരവിലക്കും പിഴയുമായി അച്ചടക്കനടപടി ലഘൂകരിക്കുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിനു പിറകെയായിരുന്നു ഒലി റോബിൻസൻ വിലക്ക് നേരിട്ടത്. അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനു പിറകെ കളിയിൽനിന്ന് വിലക്ക് നേരിട്ടതോടെ താരത്തിന്റെ കരിയറും അവസാനിക്കുമെന്നാണ് കരുതപ്പെട്ടത്.
കഴിഞ്ഞ മാസം ന്യൂസിലൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു 27കാരൻ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഒലി കാഴ്ചവച്ചത്. ആദ്യ ഇന്നിങ്‌സിൽ നാലും രണ്ടാം ഇന്നിങ്‌സിൽ മൂന്നും വിക്കറ്റുകൾ സ്വന്തമാക്കി. ഇതോടൊപ്പം ആദ്യ ഇന്നിങ്‌സിൽ 42 റൺസെടുത്ത് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ടോപ്‌സ്‌കോററുമായി.
Adjust Story Font
16